മനസാക്ഷി എന്ന തീപ്പൊരി മനസ്സിൽ അണയാതെ സൂക്ഷിക്കുക. വിജയത്തിന് അത് മതി. നാം പലപ്പോഴും പറഞ്ഞ് കേൾക്കാറുണ്ട് മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യരുതെന്ന്... മനുഷ്യരെ മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നതെന്തോ അത് മനസാക്ഷിയാണ്... പ്രപഞ്ച സൃഷ്ടാവ് നമുക്ക് നൽകിയ അതി ശ്രേഷ്ഠമായ ദാനം... നാം ചെയ്ത പ്രവൃത്തികളെ തിരിഞ്ഞ് നോക്കി വിലയിരുത്തുന്ന നമ്മുടെ അന്തരിക ശക്തി വിശേഷണമായ മനസാക്ഷി നമ്മുടെ മിത്രവും , വഴികാട്ടിയും , ഉപദേഷ്ടാവുമാണ്.. തെറ്റിൽ അകപ്പെടാതെ ഉപദേശിക്കുന്നതിനൊപ്പം, ചെയ്ത് പോയ തെറ്റ് തിരുത്തി മുന്നേറാൻ നമ്മെ പ്രേരിപ്പിക്കുന്നതും മനസാക്ഷി തന്നെയാകുന്നു... എന്നാൽ സൽപ്രേരണ നൽകി നമ്മെ മുന്നോട്ട് നയിക്കുന്ന ഇതേ മനസാക്ഷി തന്നെ ചില അവസരങ്ങളിൽ നമുക്ക് ശത്രുവായും തീരാറുണ്ട്... അത് നാം പലപ്പോഴും മനസാക്ഷിയെ കൈക്കൊള്ളാതെ എടുക്കുന്ന നമ്മുടെ തീരുമാനങ്ങളിലും പ്രവൃത്തികളിലുമാണ്... മനസാക്ഷിയെ സാധൂകരിക്കാൻ ചെറിയ കാര്യങ്ങൾക്കും സാധിക്കും ... ചെറിയവയുടെ വലിപ്പം മനസാക്ഷി വേഗത്തിൽ അളന്നെടുക്കും. നമ്മുടെ ജീവിതം ധന്യമാകുന്നത് ഒരിക്കലും ആനക്കാര്യങ്ങളിൽ അല്ല , നിസ്സാരം എന്ന് തോന്നുന്ന പലതിലും ആകും...