=======
ആരോഗ്യം ഒരുപിടി രഹസ്യങ്ങൾ...
നമ്മൾ എപ്പോഴും ചുറ്റും നോക്കിയാൽ, മറ്റുള്ള വ്യക്തികളെ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും ആരോഗ്യമുള്ളവർ സന്തോഷത്തിലാണ് എപ്പോഴുമെന്നത്.
നാം എപ്പോഴും പല പ്രശ്നങ്ങളിലുമാണ് അല്ലേ? എന്നാൽ ഇന്നത്തെ ദിവസം നമ്മെ ബാധിക്കുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നില്ലെങ്കിൽ പോലും നമ്മൾ news ലും you tube ലും ലോകത്തിന്റെ പ്രശ്നങ്ങൾ നോക്കും.
ശരിയല്ലേ?
നമ്മൾ ഓരോരുത്തരുടേയും ജീവിതാവസ്ഥ എന്തുമായിക്കൊള്ളട്ടെ. ആ ഒരവസ്ഥയിൽ നിങ്ങൾ സന്തോഷമുള്ള ആളാണോ എന്നതാണ് പ്രധാനം. അതാണ് നമ്മുടെ ആരോഗ്യം നിർണ്ണയിക്കുന്നത്.
പ്രിയപ്പെട്ടവരേ, രോഗികളെ നോക്കി അവരുടെ രോഗങ്ങൾ പൂർണ്ണമായും സുഖപ്പെടുത്തിയ ശേഷം മാത്രമാണ് ഒരു വൈദ്യൻ എന്ന നിലക്ക് ആരോഗ്യം എന്നത് എങ്ങനെയൊക്കെ ഒരാൾക്ക് പൂർണ്ണമായും സാധ്യമാക്കാം എന്ന് ഞാനും ചിന്തിച്ചു തുടങ്ങിയത്.
നാം എപ്പോഴും നമ്മുടെ മനസ്സിന്റെ ഉള്ളിലാണ്. മനസ്സാവട്ടെ ചിന്തകളുടെ കേദാരവും. ചിന്തകൾ നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് സ്വീകരിക്കപ്പെടുന്ന കാര്യങ്ങൾ കൊണ്ടും. കാണുക, കേൾക്കുക, സ്പർശിക്കുക, മണക്കുക, രുചിക്കുക ഇവയാണല്ലോ പഞ്ചേന്ദ്രിയ പ്രവൃത്തികൾ. ഇവയിൽ എല്ലാം മിതത്വം പാലിക്കുകയും ഇവയുടെ ശരിയായതും ഉയർന്ന അവബോധത്തിലൂടെ ഇക്കാര്യങ്ങളെ മനസ്സിലാക്കാനും നിങ്ങൾക്ക് പറ്റിയാൽ എന്നല്ല ഒരു ശരിയായ ശ്രമം നടത്തിയാൽ ആരോഗ്യമെന്നതിന്റെ യഥാർത്ഥ തലം മനസ്സിലാവും.
ഉദാഹരണത്തിന് നാം കേൾക്കുന്ന കാര്യങ്ങളിൽ കേട്ടതിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന നമ്മുടെ ചിന്തയിലേക്ക് ഓർമ്മയോടെ ശ്രദ്ധിച്ച് അതിന്റെ പിന്നാലെ പോവാതെ വേണ്ടതെടുത്തു ബാക്കിയുള്ളത് കളയാനും ശീലിക്കുക.
കളയേണ്ടത് കളയാതെ ഉള്ളിൽ കാലങ്ങളോളം സൂക്ഷിക്കുക നമ്മുടെ ഒക്കെ സ്വഭാവമാണല്ലോ?
അതിനെയാണ് ഒഴിവാക്കേണ്ടത്. എന്നിട്ട് അവിടേക്കു സന്തോഷമുള്ള, നമുക്ക് ഓരോരുത്തർക്കുമുള്ള അനുഗ്രഹീതമായ കാര്യങ്ങൾ ചുറ്റിനുമുള്ളതിനെ കാണാൻ മറന്നുപോയതിനെ കാണാൻ പഠിക്കുക.
ആരോഗ്യമുണ്ടായിട്ട് സന്തോഷിക്കുന്നു എന്നത് നമ്മുടെ ധാരണ മാത്രവും സന്തോഷമുള്ളപ്പോൾ ആരോഗ്യത്തോടെ ഇരിക്കുന്നു എന്നത് ഒരു സത്യവുമാണ്. കാരണം 30 ഓളം രാസമാറ്റങ്ങൾ സന്തോഷത്തോടെ ഇരിക്കുമ്പോൾ ഒരാളുടെ തലച്ചോറിൽ നടക്കുന്നു. അവയെല്ലാം ആരോഗ്യത്തിനെ സുസ്ഥിരതയിൽ നിലനിർത്തുന്നു.
ഇന്നത്തെ ഈ ദിവസം മുതൽ സന്തോഷമായിരിക്കാൻ ഒരു ശീലമാക്കി ആരോഗ്യമുള്ളവരായി മാറാനുള്ള നിങ്ങളുടെ ഉറച്ച തീരുമാനത്തിന് നല്ലൊരു ദിവസം ഇന്നാവട്ടെ എന്ന് ആശംസിക്കുന്നു.കാരണം ആരോഗ്യം എന്നത് വേണമെങ്കിൽ നമുക്ക് സ്വന്തമാക്കാവുന്നതും അവനവനിൽ തന്നെ ഒളിഞ്ഞിരിക്കുന്ന ഒരു ശീലവുമാണ് അല്ലെങ്കിൽ പ്രകൃതമാണ്.
✍🏻: Dr Deepthi