ഒരു വ്യക്തിക്ക് ഇഷ്ടമില്ലാത്തതോ അയാൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതോ ആയ ഒരാളെ മാനസ്സികമായി അലോരസപ്പെടുത്തുന്ന സാഹചര്യത്തിൽ മനുഷ്യനിൽ ഉണ്ടാകുന്ന വളരെ സാധാരണമായ ഒരു വികാരമാണ് ദേഷ്യം.
പ്രശസ്‌ത അമേരിക്കൻ സാഹിത്യകാരൻ മാർക്ക് ട്വിൻ നിന്റെ വാക്കുകൾ പ്രകാരം ദേഷ്യം എന്നത് ഒരു ആസിഡ് പോലെയാണ്, അത് സൂക്ഷിച്ചു വച്ചിരിക്കുന്ന കുപ്പിയേക്കാൾ പകർന്ന് നൽകപ്പെടുന്ന വസ്തുക്കൾക്ക് വേദന ഉളവാക്കുന്നു എന്നത്.
നമ്മുടെ വീട്ടിലോ, സുഹൃത്തുക്കൾക്കിടയിലോ, ജോലി സ്ഥലത്തോ എവിടെത്തന്നെ ആയാലും ഒരു പരിധിക്കപ്പുറം ആരും നമ്മോട് ദേഷ്യപ്പെടുന്നത് നമുക്ക് അംഗീകരിക്കാൻ ആവുന്നതല്ല. ഒരു വ്യക്തിയെ ഏറ്റവും നെഗറ്റീവ് ആയി ബാധിക്കുന്ന അല്ലെങ്കിൽ സ്വാധീനിക്കുന്ന ഒരു വികാരമാണ് ദേഷ്യം.
പലപ്പോഴും നമ്മുടെ ഉള്ളിലെ ദേഷ്യത്തെത്തന്നെയോ നമ്മുടെ ചുറ്റുമുള്ളവർ ദേഷ്യപ്പെടുമ്പോഴോ നമുക്കതിനെ ശരിയായ രീതിയിൽ നിയന്ത്രിക്കുവാൻ കഴിയാറില്ല.
ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കൾ എങ്ങനെ പെരുമാറുന്നു അല്ലെങ്കിൽ അവരുടെ ദേഷ്യത്തോടെയുള്ള പെരുമാറ്റം, അവർ ദേഷ്യപ്പെടുന്ന ശൈലി, അതിൻ്റെ കാഠിന്യം ഇവയെല്ലാം തന്നെയാണ് ഒരു വ്യക്തിയുടെ ഈ വികാരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രൂപപ്പെടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.
വളരെ അധികം ദേഷ്യത്തിൽ പെരുമാറുന്ന വ്യക്തികളെ എങ്ങനെ കൈകാര്യം ചെയ്യാം അഥവാ എങ്ങനെ ഇതിനോട് സമൃദ്ധമായി പ്രതികരിക്കാം എന്ന് നമുക്ക് പരിശോധിക്കാം.
ദേഷ്യത്തോട് കൂടി പ്രതികരിക്കാതിരിക്കുക.
ഒരാൾ ദേഷ്യപ്പെടുന്നത് ഇഷ്ടമല്ലെങ്കിൽ അയാൾ ദേഷ്യപ്പെടുന്ന സാഹചര്യത്തിൽ അയാളോട് തിരിച്ച് ദേഷ്യത്തിൽ ഇടപെടാതിരിക്കുകയാണ് ആദ്യം വേണ്ടത്. ദേഷ്യത്തിലായിരിക്കുന്ന വ്യക്തിയോട് തിരിച്ച് അതു പോലെ തന്നെ പെരുമാറുന്നത് ആ സാഹചര്യം കൂടുതൽ വഷളാകുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂ.
വളരെ സാവധാനം… ശാന്തമായി സംസാരിക്കുക.
ദേഷ്യപ്പെടുന്ന ഒരാളോട് വളരെ താഴ്ന്ന സ്വരത്തിൽ ശാന്തമായി സംസാരിക്കുക. ശാന്തമായി സംസാരിക്കുമ്പോൾ ദേഷ്യപ്പെടുന്ന ആൾ തുടർന്നും പ്രകോപിതനാകാനുള്ള സാഹചര്യം ഒഴിവാകുന്നു.
ഇത് ഒരു പരിധി വരെ ഒരാളുടെ ദേഷ്യപ്പെടാനുള്ള മാനസികാവസ്ഥയെ വളർത്താതിരിക്കും. സ്വരത്തിലെന്ന പോലെ തന്നെ സൗമ്യമായ ശരീര ഭാഷ പിന്തുടരുന്നതും വളരെ സഹായകമായിരിക്കും.
നന്നായി ശ്രവിക്കുക.
ഒരാൾ ദേഷ്യപ്പെടുമ്പോൾ കഴിവതും അയാൾ പറയുന്നത് കേട്ടതിന് ശേഷം അയാളോട് തിരിച്ച് മറുപടി പറയുന്നതിന് ശ്രദ്ധിക്കുക. ഒരു പ്രശ്നത്തിന്റെ ഫലമായി ഒരാൾ ദേഷ്യത്തിലായിരിക്കുമ്പോൾ അയാൾ ഇതുവരെ തുറന്ന് പറയാത്ത പല കാര്യങ്ങളും സ്വാഭാവികമായും ഒരു വ്യക്തിയുടെ ഉള്ളിൽ നിന്നും പുറത്ത് വരും. കാരണം ദേഷ്യപ്പെടുമ്പോൾ പലപ്പോഴും ഒരാൾക്ക് നിയന്ത്രണമില്ലാതാകുന്നു എന്നത് തന്നെ. ഒരു പ്രശ്‍നം നിങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാളെ നല്ല രീതിയിൽ ശ്രവിക്കുന്നത് വളരെ സഹായകരമാവും.
ശാന്തമായ അവസരത്തിൽ മറുപടി പറയുക.
ദേഷ്യപ്പെടുന്ന ഒരാൾ അതിനിടയിൽ എപ്പോഴെങ്കിലും ശാന്തനാകും. ഈ അവസരത്തിൽ മാത്രം നിങ്ങളുടെ ഭാഗം വിശദീകരിക്കാനോ അയാളുമായി ഒരു സംസാരത്തിനോ മുതിരുക. ഒരാളുടെ സംസാരത്തെ തടസ്സപ്പെടുത്തുന്ന രീതിയിലോ അലോരസപ്പെടുന്ന വിധത്തിലോ ഇടക്ക് കയറി സംസാരിക്കാതിരിക്കുക.
നല്ലതിനെ പ്രശംസിക്കുക.
ഏതൊരു വ്യക്തി ദേഷ്യപ്പെടുന്നതിലും നൂറ് ശതമാനം തെറ്റ് ഒരാളുടെ ഭാഗത്തായിരിക്കില്ല. വളരെക്കുറച്ചാണെങ്കിലും ദേഷ്യപ്പെടുന്ന വ്യക്തിയുടെ ഭാഗത്തുള്ള ശരികളെ അല്ലെങ്കിൽ ശരിയായ പ്രവർത്തികളെ അംഗീകരിക്കുന്നത്, പ്രശംസിക്കുന്നത് ദേഷ്യപ്പെടുന്ന ഒരാളെ ശാന്തനാക്കാൻ ഉപകരിക്കും. താൻ അംഗീകരിക്കപ്പെടുന്നുണ്ട് എന്ന തോന്നൽ ഒരാളിൽ ഉളവാക്കാൻ ഇത് സഹായകമാണ്.
ദേഷ്യപ്പെടുന്ന
വ്യക്തിയോട് എങ്ങനെ പെരുമാറണം എന്നുള്ളത് നമ്മുടെ കൂടി ദേഷ്യത്തെ അടിസ്ഥാനമാക്കിയുള്ള അല്ലെങ്കിൽ സ്വാധീനിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം വ്യക്തികളെയും സാഹചര്യങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവ നമ്മെക്കൂടി അപകടത്തിലാക്കും. മറിച്ച് ഇത്തരം സാഹചര്യങ്ങളെ നിങ്ങൾ വരുതിയിലാക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ആത്മവിശ്വാസവും വളരെ വലുതായിരിക്കും.