കളമശേരിയില്‍ സുനാമി ഇറച്ചി പിടിച്ചതും പറവൂരില്‍ എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതും സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് വീണ്ടും ചോദ്യമുയര്‍ത്തുകയാണ്. ഈ സംഭവങ്ങൾക്കു തൊട്ടുമുന്‍പാണു കോട്ടയത്ത് ഭക്ഷ്യവിഷബാധമൂലം നഴ്‌സ് മരിച്ചത്. സംസ്ഥാനത്ത് ഗ്യാസ്‌ട്രോഎന്‍ട്രൈറ്റിസ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചതായാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വീട്ടിലെ ഭക്ഷണത്തേക്കാളുള്ള രുചിയാണു റസ്‌റ്റോറന്റ് ഭക്ഷണത്തിലേക്കു മിക്കവരെയും ആകര്‍ഷിക്കുന്നത്. പ്രത്യേകിച്ച് ഇറച്ചിവിഭവങ്ങള്‍ക്ക്. ഷവര്‍മയും ഷവായിയും അല്‍ഫാമും വില്‍ക്കുന്ന കടകള്‍ ഇന്ന് ഗ്രാമീണമേഖലകളില്‍ പോലും സജീവമാണ്. എന്നാല്‍ നാം കഴിക്കുന്ന ഇറച്ചിവിഭവങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ആര്‍ക്കാണ് ഉറപ്പുള്ളത്?
പഴകിപ്പുളിച്ച ഇറച്ചിയിലെ ബാക്ടീരിയ സാന്നിധ്യം ഗ്യാസ്‌ട്രോഎന്‍ട്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ക്കും മരണങ്ങളിലേക്കും നയിക്കുന്നു. അതേസമയം തന്നെ, ഹൈ മീറ്റ് എന്ന അപകടകരവും മാരകവുമായ ആഹാരപദാര്‍ത്ഥം ഇന്നു ലോകത്ത് പലയിടത്തും ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.
എന്താണ് ഹൈ മീറ്റ്, ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ?
പഴക്കം ചെന്ന, അഴുകിപ്പുളിച്ച മാംസത്തെയാണ് ഹൈ മീറ്റ് എന്ന് പറയുന്നത്. ദീര്‍ഘകാലം സംസ്‌കരിക്കാതെ സൂക്ഷിക്കുന്നതും പുളിച്ചുപഴകുന്നതുമായ മാംസമാണു ഹൈ മീറ്റ്.
ഹൈ മീറ്റ് പേരിനു പാചകം ചെയ്‌തോ പാചകം ചെയ്യാതെയോ കഴിക്കുന്നവരുണ്ട്. പഴകിപ്പുളിച്ച മാംസത്തില്‍ പലതരം ബാക്ടീരിയകള്‍ ഉണ്ടാകും. അവയില്‍ ചിലത് സൃഷ്ടിക്കുന്ന രാസപ്രവര്‍ത്തനം മൂലം ഈ ഇറച്ചി കഴിക്കുന്നവര്‍ക്ക് ഉന്മാദത്തോളമെത്തുന്ന അനുഭൂതി ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആദിമമനുഷ്യര്‍ പച്ചമാംസമാണു കഴിച്ചിരുന്നതെന്ന വാദമാണു പഴകിപ്പുളിച്ച മാംസം കഴിക്കുന്നവര്‍ ന്യായീകരണമായി പറയുന്നത്.
തണുപ്പുരാജ്യങ്ങളില്‍ എസ്‌കിമോകളാണു പഴകിപ്പുളിച്ച മാംസം ആദ്യമായി ഉപയോഗിച്ചതെന്നാണു പറയപ്പെടുന്നത്. യൂറോപ്പിലെ പല സ്ഥലങ്ങളിലും ഇത്തരം മാംസം കഴിക്കുന്ന ജനസമൂഹം നേരത്തെ തന്നെയുണ്ട്. സോഷ്യല്‍ മീഡിയ വഴിയാണ് യൂറോപ്പില്‍ അടുത്തിടെ ഇതിനു പ്രചാരം വര്‍ധിച്ചതെന്നു മാത്രം.
മൂര്‍ഖന്‍ പാമ്പിനെ നാക്കില്‍ കൊത്തിച്ച് ലഹരി നുണയുന്നവരുണ്ട്. അതുണ്ടാക്കുന്ന വിഷപദാര്‍ഥം രക്തത്തില്‍ കലരുമ്പോഴാണു ഉന്മാദത്തിന്റെ അവസ്ഥ (യൂഫോറിയ) യിലെത്തുന്നത്. ഇതിനു സമാനമാണു പഴകിപ്പുളിച്ച മാസം തിന്നുന്നതും. മാംസത്തെ പുളിപ്പിക്കുന്ന ബാക്ടീരിയകള്‍ ഉത്പാദിപ്പിക്കുന്ന വിഷപദാര്‍ഥങ്ങളാണു ഇതു കഴിക്കുന്ന ആളുകള്‍ക്ക് ഉന്മാദാവസ്ഥ നല്‍കുന്നത്.
പഴകിയ മാംസം കഴിച്ചാല്‍ എന്ത് സംഭവിക്കും?
ഹൈ മീറ്റ് കഴിക്കുമ്പോള്‍ സാല്‍മൊണല്ല, ഷിഗെല്ല, ഇ. കോളി തുടങ്ങിയ വിവിധ ബാക്ടീരിയകള്‍ ശരീരത്തിനുള്ളിലേക്കു ചെല്ലും. ഈ ബാക്ടീരിയകള്‍ മരണത്തിനു വരെ കാരണമായേക്കാം. ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ ചില ഭക്ഷ്യവിഷബാധകള്‍ ചെറിയ ചില ശാരീരിക അസ്വസ്ഥകളുണ്ടാക്കുകയും പലപ്പോഴും ഗുരുതരമായി മാറുകയും ചെയ്യും. അനിയന്ത്രിതമായ വയറിളക്കം, ഛര്‍ദ്ദി, നിര്‍ജ്ജലീകരണം, വന്‍കുടലിന് തകരാറ് എന്നിവ സംഭവിക്കാം. ബോട്ടുലിസം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
”പഴകിപ്പുളിച്ച മാംസത്തിന്റെ ഉപയോഗം ഭക്ഷ്യവിഷബാധയ്ക്കു സമാനമായ ഛര്‍ദിയും വയറിളക്കവും മുതല്‍ മരണകാരണമാവുന്ന ബോട്ടുലിസം, സാല്‍മൊണല്ലോസ്, ഷിഗെല്ലോസ് തുടങ്ങിയ രോഗങ്ങളും ആമാശയ കാന്‍സര്‍ വരെയും സംഭവിക്കാന്‍ സാധ്യയുണ്ട്. ബാക്ടീരിയകള്‍ പെരുകുമ്പോഴാണു മാംസം പുളിക്കുന്നത്. ഇത്തരം ആഹാരത്തില്‍ നൈട്രേറ്റിന്റെ അംശം കൂടുതലായിരിക്കും. ആമാശയ കാന്‍സറിനുള്ള കാരണം ഭക്ഷണപദാര്‍ഥങ്ങളിലെ നെട്രേറ്റിന്റെ അംശവുമായി ബന്ധപ്പെട്ടാണ്,”.
വേണം കര്‍ക്കശമായ പരിശോധനകള്‍
തണുപ്പുരാജ്യങ്ങളില്‍ പഴകിപ്പുളിച്ച മാംസം അത്രത്തോളം പ്രശ്‌നം സൃഷ്ടിക്കില്ലായിരിക്കും. എന്നാല്‍ ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളില്‍ സ്ഥിതി അതല്ല. അതിനാല്‍ ഇവിടെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് കൂടുതല്‍ കര്‍ക്കശമായ നടപടികളുടെ ആവശ്യം വിദഗ്ധര്‍ എടുത്തുപറയുന്നു.
അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ ഭക്ഷ്യസുരക്ഷ പരിശോധനയുടെ ഭാഗമാണു ബാക്ടീരിയ സാന്നിധ്യം എത്രത്തോളമുണ്ടെന്നു കണ്ടെത്തുന്ന കള്‍ച്ചര്‍ പരിശോധന. മൈക്രോബിയല്‍ അംശം എത്രയാണെന്നു തെളിയിച്ചശേഷം മാത്രമേ അവിടെ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ കഴിയൂ. എന്നാല്‍ കേരളത്തില്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്ത് അതല്ല സ്ഥിതി. ഇവിടെ പറവൂരിലേതു പോലുള്ള സംഭവങ്ങളുണ്ടാകുമ്പോഴാണു മിക്കപ്പോഴും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാകുന്നത്.
ഹോട്ടലുകളിലെയും റസ്‌റ്റോറന്റുകളിലെയും അടുക്കള കണ്ടുള്ള പരിശോധനയാണു കേരളത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രധാനമായും നടത്തുന്നത്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ റസ്‌റ്റോറന്റ് പൂട്ടിക്കുകയും ചെയ്യും. അതുമാറി ബാക്ടീരിയല്‍ കള്‍ച്ചര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓരോ റസ്റ്റോറന്റിനും മൈക്രോബിയല്‍ കണ്ടന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനം വേണമെന്നു വിദഗ്ധര്‍ പറയുന്നു. ഇത്തരം കര്‍ക്കശ നടപടികളുണ്ടായില്ലെങ്കില്‍ ആളുകള്‍ രോഗികളാകുകയും മരിക്കുകയും ചെയ്യുന്ന സാഹര്യം തുടര്‍ന്നുകൊണ്ടിരിക്കും.
ഇറച്ചി പഴകിയതാണെന്ന് അറിയാതെ കഴിക്കാന്‍ നിര്‍ബന്ധിതമാകുകയാണു ജനങ്ങള്‍. നല്ലപോലെ മസാല ചേര്‍ത്ത് പാകം ചെയ്തുകൊണ്ടുവരുന്ന മാംസം അഴുകിയതാണോയെന്ന് അതു കഴിക്കുന്ന സാധാരണക്കാര്‍ക്ക് അറിയാന്‍ കഴിയില്ല. അതു പാചകം ചെയ്യുന്നവര്‍ക്കും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മാത്രമേ അറിയാന്‍ കഴിയൂ. അതിനാല്‍ പഴകിയ ഇറച്ചിയുടെ വിപണം തടയുന്നതില്‍ എന്തെങ്കിലും ചെയ്യാനുള്ളതു ഭക്ഷ്യസുരക്ഷാ വകുപ്പിനു മാത്രമാണ്. അതിനാലാണു ബാക്ടീരിയല്‍ കള്‍ച്ചര്‍ പരിശോധന നിര്‍ബന്ധമാക്കണമെന്നു വിദഗ്ധര്‍ പറയുന്നത്.