ജീവിതം നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള യാത്രയാണ്. എന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ജീവിതത്തിൽ കിട്ടുന്നില്ല എന്നതാണ് സത്യം.
ഉറങ്ങിയാൽ ഉണരും എന്നുറപ്പില്ലാത്ത, ഉണർന്നാൽ ഉറങ്ങാനാകും എന്നുറപ്പില്ലാത്ത വെറും നിസ്സാരതയാണ് ജീവിതം . അതേ ജീവിതം എന്തെന്ന് അറിഞ്ഞ് തുടങ്ങുന്നതിന് മുൻപ് തന്നെ നമ്മുടെ ആയുസ്സിന്റെ പകുതി പിന്നിട്ടിരിക്കുകയും ചെയ്യും.
അതിൽ ഒരു പിടി പൊട്ടിച്ചിരികളും , കുറെയേറെ കണ്ണുനീർ തുള്ളികളും നിറഞ്ഞ താന്ന് നാം പിന്നിടുന്ന ജീവിത യാത്ര.. യാത്രക്കിടയിൽ ആരൊക്കയോ ചേർത്ത് സമ്മാനിക്കുന്ന നിറക്കൂട്ടുകളാണ് നമുക്കുള്ളിലെ പ്രതീക്ഷകൾ.
പ്രതീക്ഷകളാണ് ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.. എന്നാൽ പ്രതീക്ഷിച്ച ജീവിതം പലർക്കും ലഭിക്കാറില്ല,പലപ്പോഴും കടമകൾക്ക് മുന്നിൽ നമ്മുടെ സ്വപ്നങ്ങൾ തോറ്റ് പോകുമ്പോൾ ജീവിതം എന്നത് വലിയ ചോദ്യചിഹ്നവും മനസ്സ് ഉത്തരമില്ലാത്ത കടങ്കഥയും ആയി മാറും.
ജീവിതം എന്നത് ഇന്നിന്റെ പ്രസന്നതയിൽ ജീവിച്ച് തീർക്കേണ്ടതാണ് .. ജീവിതത്തിൽ നമ്മുടെ വിജയം എന്നത് നാം ജീവിച്ചിരിക്കുന്ന സമയം ആരും നമ്മെ വെറുക്കാതെയും , നമ്മുടെ മരണശേഷം ആരും നമ്മെ മറക്കാതിരിക്കുകയും ചെയ്യുകയെന്നതാണ്.
ലാഭം മാത്രം നോക്കി ബന്ധങ്ങൾ നിലനിർത്തുന്ന ഈ ലോകത്ത് നഷ്ടമെത്ര വന്നാലും എന്നും കൈവിടാതെ മുറുകെ പിടിക്കുന്ന ചിലരുണ്ടാകും നമ്മോടൊപ്പം...