എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; യോനോ ആപ്പിന്റെ പേരില്‍ പുതിയ തട്ടിപ്പ്; ജാഗ്രാതെെ
ബാങ്കിംഗ് സേവനങ്ങള്‍ ഡിജിറ്റലായതോടെ തട്ടിപ്പുകളുടെ എണ്ണവും പെരുകുകയാണ്. ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന എസ്‌എംഎസായും ഫോണ്‍കോളായും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളയച്ച് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്.
വ്യാജ സന്ദേശങ്ങളെ വ്യക്തമാക്കി മനസിലാക്കാന്‍ സാധിക്കാത്തവരാണ് ഇത്തരം തട്ടിപ്പുകളില്‍പ്പെടുന്നത്. തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇതിനെതിരെ ബാങ്കും സര്‍ക്കാര്‍ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് പുതിയ തട്ടിപ്പിനെ പറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വ്യാജ സന്ദേശം ഇങ്ങനെ
ഉപഭോക്താവിന്റെ യോനോ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തതായി അവകാശപ്പെടുന്ന എസ്‌എംഎസ് വഴിയാണ് തട്ടിപ്പ്. എസ്‌ബിഐ ഉദ്യോഗസ്ഥരെ വ്യാജേന പ്രചരിപ്പിക്കുന്ന സന്ദേശങ്ങളെക്കുറിച്ച് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
"പ്രിയപ്പെട്ട എസ്ബിഐ ഉപഭോക്താവെ, നിങ്ങളുടെ യോനോ അക്കൗണ്ട് ഇന്ന് ബ്ലോക്ക് ചെയ്യപ്പെടും. നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ദയവായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക" എന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ്ഫോം ആണ് യോനോ അഥവാ യു ഒണ്‍ലി നീഡ് വണ്‍.
എസ്ബിഐ യോനോ എന്നാൽ നിങ്ങൾക്ക് ആവശ്യമുള്ളത് മാത്രം. ബാങ്കിംഗ്, ലൈഫ്‌സ്‌റ്റൈൽ, ഇൻഷുറൻസ്, നിക്ഷേപം, ഷോപ്പിംഗ് ആവശ്യങ്ങൾ എന്നിവയ്ക്ക് ഒറ്റത്തവണ പരിഹാരമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) സമാരംഭിച്ച ഡിജിറ്റൽ ബാങ്കിംഗ് ആപ്പാണിത്. ലോണുകൾക്ക് അപേക്ഷിക്കുക, സേവിംഗ്സ് സ്ഥാപനം തൽക്ഷണം തുറക്കുക അല്ലെങ്കിൽ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുക തുടങ്ങി വിവിധ പ്രവർത്തനങ്ങൾ ഈ ആപ്പിലൂടെ ചെയ്യാം.
ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ തുടങ്ങാനും, ഇടപാടുകള്‍ ഓണ്‍ലൈനായി നടത്താനും ഈ മൊബൈല്‍ ആപ് മുഖേന സാധിക്കും.
മുന്നറിയിപ്പ്
ബാങ്കിംഗ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/എസ്‌എംഎസ് എന്നിവയോട് ഒരിക്കലും പ്രതികരിക്കരുതെന്നാണ് വ്യാജ സന്ദേശം ചൂണ്ടിക്കാട്ടി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നത്. സമാനമായ സന്ദേശം ലഭിക്കുകയാണെങ്കില്‍ അവ ഉടന്‍ തന്നെ 'report.phishing@sbi.co.in-ല്‍ എന്ന ഇ-മെയില്‍ വഴി റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു.
എസ്‌ബിഐ വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ക്കുള്ള മുന്നറിയിപ്പ് പ്രകാരം അക്കൗണ്ട് നമ്പറുകൾ, പാസ്‌വേഡുകള്‍, അക്കൗണ്ട് സംബന്ധിച്ച മറ്റ് സെന്‍സിറ്റീവ് വിവരങ്ങള്‍ എന്നിവ ഏതെങ്കിലും വ്യക്തികള്‍ക്ക് ടെക്സ്റ്റ് മെസേജ് വഴി ഒരിക്കലും നല്‍കരുതെന്ന് വ്യക്തമാക്കുന്നുണ്ട്. വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനോ അക്കൗണ്ട് സജീവമാക്കേണ്ടതിനോ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് അയക്കുന്ന ടെക്‌സ്‌റ്റ് മേസേജുകളോട് ജാഗ്രത പാലിക്കണം. രഹസ്യ അക്കൗണ്ട് വിവരങ്ങള്‍ പിടിച്ചെടുത്ത് തട്ടിപ്പിനുള്ള ശ്രമാണെന്ന് ബാങ്ക് വിശദമാക്കുന്നു.
എവിടെ പരാതി നല്‍കാം
എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാലോ മറ്റ് സൈബര്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനോ report.phishing@sbi.co.in എന്ന ഇമെയിലില്‍ ഉപയോഗിക്കാം. സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ നമ്ബറായ 1930-ലേക്ക് വിളിച്ചും എസ്ബിഐയെ പരാതി അറിയിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്, https://cybercrime.gov.in/ സന്ദര്‍ശിക്കാം.