30 കോടി പേർക്ക് ജോലി പോയേക്കാമെന്ന് മുന്നറിയിപ്പ്?
ആഗോളതലത്തിൽ 30 കോടിയിലധികം മനുഷ്യരുടെ ജോലികൾ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. മനുഷ്യർ ചെയ്യുന്ന മിക്ക ജോലികളും എഐ സംവിധാനങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചേക്കാം. ചാറ്റ്ജിപിടി പോലുള്ള എഐ സംവിധാനങ്ങൾ ഈ മേഖലയിൽ വൻ മുന്നേറ്റം നടത്തുമെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. നിലവിലെ കണക്കുകൾ പ്രകാരം ചാറ്റ്‌ജിപിടിക്കും മറ്റ് എഐ ടൂളുകൾക്കും 30 കോടിയിലധികം ജോലികൾ മാറ്റിസ്ഥാപിക്കാൻ കഴിയുമെന്ന് ഗോൾഡ്‌മാൻ സാക്‌സിന്റെ റിപ്പോർട്ട് അവകാശപ്പെടുന്നു. ജിപിടി-4 എന്ന നവീകരിച്ച എഐ സംവിധാനത്തിന് മത്രം ചാറ്റ്ജിപിടിയേക്കാൾ അധികമായി 20 ജോലികൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും പറയുന്നു.
യുഎസിലെയും യൂറോപ്പിലെയും ജോലികളെക്കുറിച്ചുള്ള ഡേറ്റാ വിശകലനത്തെ അടിസ്ഥാനമാക്കി, ലോകമെമ്പാടുമുള്ള ഏകദേശം 30 കോടി മുഴുവൻ സമയ ജോലികൾ മാറ്റിസ്ഥാപിക്കാൻ ജനറേറ്റീവ് എഐയ്ക്ക് സാധിക്കുമെന്നാണ് ഗോൾഡ്മാൻ സാക്സ് സൂചിപ്പിക്കുന്നത്. നിലവിൽ മനുഷ്യർ ചെയ്യുന്ന ജോലികളിൽ മൂന്നിൽ രണ്ട് ഭാഗവും ഒരു പരിധിവരെ എഐ പ്രവർത്തനങ്ങളുമായി ബന്ധമുണ്ട്. കൂടാതെ ജനറേറ്റീവ് എഐയ്ക്ക് നിലവിലെ ജോലികളുടെ നാലിലൊന്ന് വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്നും കണക്കാക്കുന്നു.
ഇമേജുകൾ, മ്യൂസിക്, ടെക്സ്റ്റ് പോലുള്ള യഥാർഥ കണ്ടെന്റ് സൃഷ്ടിക്കാൻ കഴിവുള്ള നിർമിത ബുദ്ധിയെയാണ് ജനറേറ്റീവ് എഐ എന്ന് സൂചിപ്പിക്കുന്നത്. ടെക്‌സ്‌റ്റും ചിത്രങ്ങളും സൃഷ്‌ടിക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒരു ഡസൻ ആപ്പുകൾ ഇതിനകം തന്നെയുണ്ട്. വാസ്തവത്തിൽ മൈക്രോസോഫ്റ്റ് ഇതിനകം തന്നെ ബിങ്ങിനൊപ്പം ഇമേജിങ് സൃഷ്ടിക്കുന്നതിനുള്ള ഉപകരണമായ ഓപ്പൺഎഐ യുടെ ഡാൾ–ഇ ( Dall-E) സംയോജിപ്പിച്ചിട്ടുണ്ട്. ഈ സാങ്കേതികവിദ്യയ്ക്ക് തൊഴിൽ വിപണിയെ, പ്രത്യേകിച്ച് വൈറ്റ് കോളർ തൊഴിലുകൾക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയും. യുഎസിലെ നിയമ തൊഴിലാളികളെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനെയും ഈ സാങ്കേതികവിദ്യയിൽ നിന്ന് പ്രത്യേകിച്ച് അപകടസാധ്യതയുള്ളതായി ഗോൾഡ്മാൻ റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി, പെൻസിൽവാനിയ യൂണിവേഴ്‌സിറ്റി, ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരുടെ പഠന റിപ്പോർട്ട് പ്രകാരം ചാറ്റ്ജിപിടി പോലുള്ള സാങ്കേതിക വിദ്യകൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നിയമ സേവനങ്ങളെയാകുമെന്ന് കണക്കാക്കുന്നു. ഡോക്യുമെന്റ് റിവ്യൂ, ഡ്യൂ ഡിലിജൻസ് തുടങ്ങിയ ചില ജോലികളിൽ അഭിഭാഷകരെയും വക്കീല്‍ ഗുമസ്തന്‍മാരെയും മാറ്റിസ്ഥാപിക്കാൻ എഐ സംവിധാനങ്ങൾക്ക് കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നു. എന്നാൽ, എഐ സാങ്കേതികവിദ്യ ചില ജോലികൾ മാറ്റി സ്ഥാപിക്കാൻ സാധ്യതയുണ്ടെങ്കിലും ഇതിന് പുതിയ തൊഴിലവസരങ്ങളും വ്യവസായങ്ങളും സൃഷ്ടിക്കാനുള്ള ശേഷിയും ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.