യുപിഐ പണമിടപാടിനിടെ തട്ടിപ്പ്! 81 പേർക്ക് നഷ്ടമായത് 1 കോടി രൂപ
യുപിഐ (യുനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) പണമിടപാടുകൾ കുറഞ്ഞ കാലത്തിനിടെ ഇന്ത്യയുടെ ഓൺലൈൻ പേയ്‌മെന്റ് മേഖലയിൽ വൻ വിപ്ലവമാണ് സൃഷ്ടിച്ചത്. ഓൺലൈൻ ഷോപ്പിങ്, യാത്രാ ബുക്കിങ് മുതൽ പലചരക്ക് സാധനങ്ങളും പച്ചക്കറികളും വഴിയോര കച്ചവടക്കാരിൽ നിന്ന് വാങ്ങുന്നത് വരെ യുപിഐ വഴിയായി. രണ്ട് ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് യുപിഐ. എന്നാൽ, ജനപ്രീതി കൂടിയതോടെ യുപിഐ പണമിടപാടുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമായിരിക്കുന്നു.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, 2022-23 കാലയളവിൽ യുപിഐ ഇടപാടുകളുടെ പേരിൽ 95,000 ത്തിലധികം തട്ടിപ്പുകൾ സൈബർ സെല്ലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത യുപിഐ സംവിധാനം സുരക്ഷിതമാണെങ്കിലും ഉപഭോക്താക്കളുടെ അറിവില്ലായ്മയും മറ്റു അബദ്ധങ്ങൾ കാരണവുമാണ് പണം തട്ടിയെടുക്കുന്നത്.
യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം മോഷ്ടിക്കാൻ ‘പേയ്‌മെന്റ് മിസ്റ്റേക്ക്’ തന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. യുപിഐ തട്ടിപ്പ് വഴി മുംബൈയിലെ 81 പേരിൽ നിന്നായി ഒരു കോടിയിലധികം രൂപ തട്ടിയെടുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഫ്‌ഐആറിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് തട്ടിപ്പുകാർ അവരുടെ ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകളിൽ ആളുകൾക്ക് പണം അയയ്‌ക്കുകയും കൈമാറ്റം ചെയ്തത് തെറ്റായിപ്പോയെന്ന് അവകാശപ്പെട്ട് അവരെ ബന്ധപ്പെടുകയും ചെയ്യുന്നു. അജ്ഞാത കോളർ ആളുകളോട് അവരുടെ നമ്പറിലേക്ക് പണം തിരികെ അയയ്ക്കാൻ അഭ്യർഥിക്കുന്നു. എന്നാൽ, ആരെങ്കിലും പണം തിരികെ അയച്ചാലുടൻ തട്ടിപ്പുകാർ അവരുടെ യുപിഐ അക്കൗണ്ട് ഹാക്ക് ചെയ്യുകയും അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പണം മോഷ്ടിക്കുകയും ചെയ്യുന്നു. ഇതാണ് പതിവ് രീതി.
ശ്രദ്ധിക്കുക തട്ടിപ്പ് ഇങ്ങനെ
തട്ടിപ്പുകാരൻ യുപിഐ ആപ് വഴി ഇരയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുകയും അത് അബദ്ധത്തിൽ അയച്ചതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. തട്ടിപ്പുകാരൻ ഇരയെ വിളിച്ച് അവരുടെ നമ്പറിലേക്ക് തുക തിരികെ നൽകാൻ ആവശ്യപ്പെടുന്നു. യുപിഐ ആപ് ഉപയോഗിച്ച് പണം തിരിച്ചടച്ചാൽ മാൽവെയർ ഇരയുടെ ഹാൻഡ്സെറ്റിനെ ബാധിക്കുകയും തട്ടിപ്പുകാർക്ക് ഇരയുടെ ബാങ്ക്, കെവൈസി വിശദാംശങ്ങളായ പാൻ, ആധാർ എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളിലേക്കും ആക്‌സസ് നൽകുകയും ചെയ്യുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാരന് ഇരയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യാനും കൂടുതൽ പണം തട്ടിയെടുക്കാനും സാധിക്കും.
ഇങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യണം ?
ആരെങ്കിലും പണം തെറ്റി നിങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചാൽ, ആ വ്യക്തി അജ്ഞാതനാണെങ്കിൽ ഉടൻ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നിങ്ങളെ വിളിച്ച വ്യക്തിയോട് സ്‌റ്റേഷനിലെത്താൻ പറയുക. അവിടെ വച്ച് പണം കൈമാറാമെന്ന് അറിയിക്കണം. തട്ടിപ്പുസംഘമാണെങ്കിൽ ഉറപ്പായും പിന്നെ നിങ്ങളുമായി ബന്ധപ്പെടില്ല.