തെരുവിലൂടെ തിരക്കിട്ടുനീങ്ങിയ സ്ത്രീ എതിരെ വന്ന യുവതിയുമായി കൂട്ടിയിടിച്ചു.
ഉടനെ അവർ ഭവ്യതയോടെ മാപ്പു ചോദിച്ചു. യുവതിയും ക്ഷമ പറഞ്ഞു.ചെറുപുഞ്ചിരിയോടെ പിരിഞ്ഞു.
വീട്ടിലെത്തിയ സ്ത്രീ പാചകം ചെയ്യുന്നതിനിടെ അടുക്കളയിലേക്ക് ഓടിക്കയറിയ അഞ്ചുവയസ്സുകാരൻ മകൻ അപ്രതീക്ഷിതമായി അവരുടെ ദേഹത്തു തട്ടി. ഉടൻ ദേഷ്യത്തോടെ, മാറിപ്പോടാ എന്നു സ്ത്രീ മകനോട് ആക്രോശിച്ചു.
താഴെവീണ പൂക്കൾ മകൻ പെറുക്കിയെടുക്കുന്നത് അപ്പോഴാണവർ ശ്രദ്ധിച്ചത്. കലങ്ങിയ കണ്ണുമായി അവൻ പറഞ്ഞു: ‘ഇന്ന് അമ്മയുടെ ജന്മദിനമല്ലേ, അമ്മയ്‌ക്കുവേണ്ടി പറിച്ചതാണ്.
അപരിചിതരോട് കാണിക്കുന്ന ആദരവും സ്‌നേഹവും ആത്മബന്ധമുള്ളവരോടു കൂടി കാണിക്കുകയാണെങ്കിൽ പല ബന്ധങ്ങളും കൂടുതൽ ഊഷ്മളമാകും.
പെരുമാറ്റം പലപ്പോഴും വസ്‌ത്രം പോലെയാണ്. വീടിനുള്ളിൽ ഒന്ന്, പുറത്തിറങ്ങിയാൽ മറ്റൊന്ന്.
സ്ഥാനമാനങ്ങളോ അഴകോ ആകാരമോ നോക്കി മറ്റുള്ളവരോടു പെരുമാറുമ്പോൾ, എന്നും എപ്പോഴും അടുത്തുള്ളവർക്കു വേണ്ടി മാറ്റിവയ്‌ക്കുന്നതു ദേഷ്യവും പ്രകോപനവുമാകും.
അനേകരെ പ്രചോദിപ്പിക്കുകയും ആവേശഭരിതരാക്കുകയും ചെയ്യുന്നതുപോലെത്തന്നെ പ്രധാനമാണു സ്വന്തമെന്നു കരുതുന്നവർക്ക് ആശ്രയമേകുന്നതും.
സ്വന്തം സ്വഭാവ രീതികളോടൊപ്പം അപരന്റെ നിസ്സഹായതയെയും ബഹുമാനിക്കണം. എതിർക്കാനോ പിടിച്ചുനിൽക്കാനോ ശേഷിയില്ലാത്തവരുടെ സഹനം ഏത് ഇടത്തെയും അരക്ഷിതവും ഭയാനകവുമാക്കും.
വിലപ്പെട്ട സമ്മാനങ്ങളെക്കാൾ വില പിടിപ്പുള്ളതാണ് ഒരു നല്ല വാക്ക്.ഒരു നല്ല വാക്കിന് ജീവിതകാലം മുഴുവൻ സന്തോഷം നൽകാൻ സാധിക്കും