രാജ്യത്ത് ആദ്യ റീട്ടെയിൽ ഷോപ്പുകളുമായി ആപ്പിൾ എത്തുന്നു, എവിടെയൊക്കെയെന്ന് അറിയാം
ഇന്ത്യയിൽ ആദ്യ റീട്ടയിൽ ഷോപ്പുകൾ ആരംഭിക്കാനൊരുങ്ങി ആഗോള ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, മുംബൈയിലും ഡൽഹിയിലുമാണ് ആപ്പിളിന്റെ ആദ്യ റീട്ടെയിൽ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കുന്നത്. ഏപ്രിലിൽ മുംബൈയിലും, ഏപ്രിലിനും ജൂണിനും ഇടയിൽ ഡൽഹിയിലുമാണ് റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കുക. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവ് മാളിലും, ഡൽഹിയിലെ സെലക്ട് സിറ്റി വാക്ക് മാളിലുമാണ് ആപ്പിളിന്റെ ആദ്യ സ്റ്റോർ തുറക്കുന്നത്. ഡൽഹിയിൽ ആരംഭിക്കാനിരിക്കുന്ന സ്റ്റോറിന് അപേക്ഷിച്ച് മുംബൈയിലെ സ്റ്റോറാണ് താരതമ്യേന വലുത്.
2020-ൽ രാജ്യത്ത് ആപ്പിളിന്റെ ഇ- സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചിരുന്നു. നിലവിൽ, ഇ- സ്റ്റോറുകൾ മുഖാന്തരമാണ് ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. കൂടാതെ, കമ്പനിയുടെ രണ്ട് ഓഫ്‌ലൈൻ ഷോപ്പുകൾ മുംബൈയിലും ഡൽഹിയിലും പ്രവർത്തിക്കുന്നുണ്ട്. ഇത്തവണ ആപ്പിളിന്റെ റീട്ടെയിൽ ആൻഡ് പീപ്പിൽ സീനിയർ വൈസ് പ്രസിഡന്റ് ഡെയ്ഡ്ര ഒബ്രിയൻ മുംബൈയിൽ നടക്കുന്ന സ്റ്റോർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.