തിരുവനന്തപുരം: വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നവരും തെരുവുനായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന വ്യവസ്ഥ നഗരസഭ തയാറാക്കുന്ന ലൈസന്‍സ് നിയമാവലിയില്‍ ഉള്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷന്‍.
നഗരസഭ തയാറാക്കിയ നിയമത്തിലെയും സര്‍ക്കുലറിലെയും വ്യവസ്ഥകള്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ കൃത്യമായി പാലിക്കണമെന്നും കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു.
പി.ടി.പി നഗറിലെ നായ് വളര്‍ത്തല്‍ കേന്ദ്രത്തിനെതിരെ പ്രദേശവാസികള്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. നായ്ക്കള്‍ക്ക് വാക്സിനേഷന്‍, വന്ധ്യംകരണം തുടങ്ങിയവ ഉടമസ്ഥര്‍ ഉറപ്പാക്കണം. നഗരസഭ തയാറാക്കുന്ന നിയമാവലി എത്രയും വേഗം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും നഗരസഭ സെക്രട്ടറിക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. പി.ടി.പി നഗറിലെ നായ് വളര്‍ത്തല്‍ കേന്ദ്രം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു.
നഗരസഭ തയാറാക്കുന്ന പുതിയ നിയമാവലിയില്‍ ഭൗതിക സാഹചര്യമുണ്ടെങ്കില്‍ വാണിജ്യ ആവശ്യത്തിനല്ലാതെ ഒരാള്‍ക്ക് അഞ്ച് നായ്ക്കളെ വളര്‍ത്താമെന്ന് പറയുന്നു. തെരുവുനായ്ക്കളെ വീടുകളില്‍ വളര്‍ത്തുന്നവര്‍ക്ക് ഹോം ബേഡ്സ് ഷെല്‍ട്ടര്‍ എന്ന രീതിയില്‍ ലൈസന്‍സ് നല്‍കും. വീടിനടുത്തുള്ള തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കാമെന്ന സര്‍ക്കുലര്‍ നിലവിലുണ്ട്.