1899 രൂപയ്ക്ക് എഐ ഹോം സെക്യൂരിറ്റി ക്യാമറയുമായി സെബ്രോണിക്‌സ്; എവിടെയിരുന്നും വീട്ടിലെ കാര്യങ്ങള്‍ നിരീക്ഷിക്കാം
1899 രൂപയ്ക്ക് എഐ ഹോം സെക്യൂരിറ്റി ക്യാമറയുമായി സെബ്രോണിക്‌സ്; എവിടെയിരുന്നും വീട്ടിലെ കാര്യങ്ങള്‍ നിരീക്ഷിക്കാം
വിലക്കുറവു വേണം, എന്നാല്‍ ഫീച്ചറുകള്‍ കുറയരുതെന്ന ആഗ്രഹമുള്ളവരെ മനസ്സില്‍വച്ച് പുതിയ സുരക്ഷാ ക്യാമറ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഐടി അനുബന്ധ ഉപകരണ നിര്‍മാണ കമ്പനിയായ സെബ്രോണിക്‌സ്. സെബ്-സ്മാര്‍ട് ക്യാം 105 എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ക്യാമറയ്ക്ക് മിക്ക വീടുകള്‍ക്കും അനുയോജ്യമായ സുരക്ഷ നല്‍കാന്‍ കെല്‍പ്പുണ്ടെന്നു സെബ്രോണിക്‌സ് അവകാശപ്പെടുന്നു.
▫️ലൈവ് സ്ട്രീമിങ്, ചലനം തിരിച്ചറിയല്‍
സെബ്-സ്മാര്‍ട് ക്യാം 105 ന്റെ 2 എംപി ക്യാമറ ഉപയോഗിച്ച് 1080പി ലൈവ് സ്ട്രീമിങ് സാധ്യമാണ്. ഹൈ-റെസലൂഷന്‍ ഫോട്ടോകളും ഷൂട്ടു ചെയ്യാം. ഇതിനൊക്കെ പുറമെ നിർമിത ബുദ്ധിയുടെ ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ശക്തി ഉപയോഗിച്ച് ചലനം തിരിച്ചറിയല്‍ നടത്താം. ഇത്തരത്തില്‍ എപ്പോള്‍ ചലനം കണ്ടാലും സെബ്-സ്മാര്‍ട് ക്യാം 105 മോഡലിന് ഉപയോക്താവിനെ അറിയിക്കാന്‍ സാധിക്കുമെന്ന് സെബ്രോണിക്‌സ് പറയുന്നു.
▫️ഇന്‍ഫ്രാറെഡ് നൈറ്റ് വിഷന്‍
ക്യാമറയ്ക്ക് 355 ഡിഗ്രി തിരശ്ചീനമായും 120 ലംബമായുമുള്ള വീക്ഷണകോണാണ് ഉള്ളത്. ഇതിനാല്‍ സാമാന്യം വലുപ്പമുള്ള മുറിയില്‍ നടക്കുന്ന കാര്യങ്ങള്‍ പോലും കാണാനാകും. ഇതിനു പുറമെ ഇന്‍ഫ്രാറെഡ് നൈറ്റ് വിഷന്‍ ഫീച്ചറും ഉണ്ട്. അഞ്ചുമീറ്റര്‍ അകലെ വരെ ഇരുട്ടില്‍ നടക്കുന്ന കാര്യങ്ങളും പകര്‍ത്താന്‍ സാധിച്ചേക്കും. രാത്രിയിലും പ്രവര്‍ത്തിപ്പിക്കാന്‍ ഉചിതമായ ഒന്നാണ് ഈ ക്യാമറ എന്ന് സെബ്രോണിക്‌സ് അവകാശപ്പെടുന്നു.
▫️വെബ്ക്യാം പോലെയും പ്രവര്‍ത്തിപ്പിക്കാം
അകലെ ആയിരിക്കുമ്പോള്‍ വീട്ടിലിരിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സദാ സല്ലപിച്ചുകൊണ്ടിരിക്കാനും സെബ്-സ്മാര്‍ട് ക്യാം 105 പ്രയോജനപ്പെടുത്താം. ഇതിനായി ഉന്നത നിലവാരമുള്ള മൈക്രോഫോണ്‍, 2-വേ ഓഡിയോ എന്നീ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. എവിടെയിരുന്നും ഈ ഫീച്ചറുകള്‍ പ്രയോജനപ്പെടുത്താമെന്ന് കമ്പനി പറയുന്നു. സെബ്-സ്മാര്‍ട് ക്യാം 105 ഭിത്തിയില്‍ പിടിപ്പിക്കുന്നതും വളരെ എളുപ്പമാണെന്നത് ഇത് കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
▫️24 മണിക്കൂറും തത്സമയ നിരീക്ഷണം നടത്താം
വീട്ടുടമ മറ്റേതെങ്കിലും സ്ഥലത്താണെങ്കില്‍ പോലും സെബ്-സ്മാര്‍ട് ക്യാം 105 വീടു സുരക്ഷാ ക്യാമറയ്ക്ക് 24 മണിക്കൂറും തത്സമയ നിരീക്ഷണം നടത്തി വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കാനാകുമെന്ന് കമ്പനി പറയുന്നു. ക്യാമറ 128 ജിബി വരെ സ്റ്റോറേജ് ശേഷിയുള്ള മൈക്രോ-എസ്ഡി കാര്‍ഡുകള്‍ സ്വീകരിക്കും. റെക്കോർഡു ചെയ്യുന്ന വിഡിയോ ഈ കാര്‍ഡില്‍ ശേഖരിക്കുകയോ, ക്ലൗഡില്‍ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം. ക്ലൗഡ് അപ്‌ലോഡിങ്ങിന്റെ ചെലവ് പുറമെ ആയിരിക്കും.
▫️ആപ് ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമാണ്
സെബ്-സ്മാര്‍ട് ക്യാം 105 ന് ഒപ്പം പ്രവര്‍ത്തിപ്പിക്കേണ്ട സ്മാര്‍ട് ഫോണ്‍ ആപ് ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമാണെന്ന സൗകര്യവും ഉണ്ട്. ഇതും എവിടെയിരുന്നും ഏതു സമയത്തും ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് എളുപ്പമാക്കുന്നു.
▫️വീടിനും ഓഫിസിനും സുരക്ഷ
വീട്ടിലോ ഓഫിസിലോ ഒരു സ്മാര്‍ട് ക്യാമറ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതു പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ക്കും ഓഫിസുകള്‍ക്കും സുരക്ഷ നല്‍കുന്ന ഇത്തരം കൂടുതല്‍ ഉപകരണങ്ങള്‍ തങ്ങള്‍ പുറത്തിറക്കുമെന്നും സെബ്രോണിക്‌സ് ഡയറക്ടര്‍ ദോഷി പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ എപ്പോഴും തങ്ങളുടെ എതിരാളികളെക്കാള്‍ ഒരുമുഴം മുൻപില്‍ നിർത്തുമെന്നും അദ്ദേഹം പറഞ്ഞു. സെബ്-സ്മാര്‍ട് ക്യാം 105ന്റെ എംആര്‍പി 4,399 രൂപയാണ്. എന്നാല്‍ തുടക്ക ഓഫര്‍ എന്ന നിലയില്‍ ക്യാം ഇപ്പോള്‍ ആമസോണില്‍ 1899 രൂപയ്ക്ക് വില്‍ക്കുന്നു.
▫️പരമാവധി പേരിലേക്ക് ടെക്‌നോളജി എത്തിക്കാന്‍ ശ്രമം
ടെക്‌നോളജി ലഭ്യമാകുന്നു എന്നതിനൊപ്പം പരമാവധി പേര്‍ക്ക് അത് ഉപയോഗപ്രദമാകുന്നു എന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുന്ന കമ്പനിയാണ് സെബ്രോണിക്‌സ് എന്ന് കമ്പനിയുടെ സഹസ്ഥാപകനും ഡയറക്ടറുമായ പ്രദീപ് ദോഷി പറഞ്ഞു. സെബ്-സ്മാര്‍ട് ക്യാം 105 അവതരിപ്പിക്കുന്ന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ സ്മാര്‍ട് ക്യാം ഇന്നത്തെ തിരക്കൊഴിയാത്ത ജീവിതത്തിന് അനുയോജ്യമാണെന്നും അത് മനസമാധാനവും ഒപ്പം സുരക്ഷയും നല്‍കുന്നുവെന്നും ദോഷി പറഞ്ഞു. സെബ്-സ്മാര്‍ട് ക്യാം 105 കൂടി അവതരിപ്പിക്കുക വഴി തങ്ങള്‍ സുരക്ഷാ ഉപകരണ നിര്‍മാണത്തില്‍ അടുത്തൊരു ചുവടുവയ്പ്പുകൂടി നടത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വാങ്ങി ഉപയോഗിക്കാന്‍ രീതിയുള്ള വിലയും വേണ്ട ഫീച്ചറുകളും ഗുണമേന്മയും ഒത്തിണങ്ങിയ ഒന്നാണ് സെബ്-സ്മാര്‍ട്ട് ക്യാം 105 എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.