നിങ്ങള്‍ സന്തുഷ്ടനാണെങ്കില്‍ മറ്റുള്ളവര്‍ക്കായി കൂടുതല്‍ സന്തോഷം നല്‍കാന്‍ നിങ്ങള്‍ക്കാവും.സെല്‍ഫിഷില്‍ നിന്നുള്ള മോചനത്തിന്റെ വഴികൂടിയാണത്.
ഒരു ദിവസം ഒരു നല്ല കാര്യമെങ്കിലും ചെയ്യുക. സഹായം വേണ്ടവര്‍ക്ക് നമ്മെക്കൊണ്ട് ചെയ്യാവുന്ന ചെറിയ സഹായം ചെയ്യുക. ഇതു മാത്രം മതി. ജീവിതത്തിന് അത് പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കും.
അക്ബര്‍ ചക്രവര്‍ത്തിയുടെ ഉപദേശകനായ സൂഫിയതി ഫരീദിന്റെ കഥ കേട്ടിട്ടില്ലേ?അക്ബര്‍ ചക്രവര്‍ത്തിക്ക് സൂഫിയതി ഫരീദിനെ വലിയ കാര്യമാണ്.ബുദ്ധിസാമര്‍ത്ഥ്യമുള്ള നല്ലൊരു ഉപദേശകന്‍ കൂടിയാണദ്ദേഹം. ഒരു ദിവസം ചക്രവര്‍ത്തി സൂഫിയതിയെ വിളിച്ചു പറഞ്ഞു: 'ഇതാ, താങ്കളെ ഞാന്‍ ആദരിക്കുന്നു. വജ്രം പതിച്ച അമൂല്യമായ കത്രിക സമ്മാനമായി നല്‍കുന്നു.'.രാജസദസ്സാകെ അമ്പരന്നു.
അപ്പോൾ സൂഫിയതി ശാന്തനായി ചക്രവർത്തിയോട് പറഞ്ഞു : 'ആ കത്രികക്ക് പകരം എനിക്കൊരു സൂചി സമ്മാനമായി തന്നാലും.' ഇത്തവണ അന്തംവിട്ടത് അക്ബര്‍ ചക്രവര്‍ത്തി.'ഇത്രയേറെ വിലപിടിപ്പുള്ള സമ്മാനത്തിനു പകരം ഒരു സൂചിയാണോ സമ്മാനമായി താങ്കള്‍ എന്നോട് ചോദിക്കുന്നത്?'
സൂഫിയതി വിനയം വിടാതെ പറഞ്ഞു: 'തിരുമേനി, കത്രിക കൊണ്ട് എല്ലാം വെട്ടി മാറ്റാനേ കഴിയൂ. സൂചി കൊണ്ട് ആ വെട്ടിമാറ്റിയതു പോലും തുന്നിച്ചേര്‍ക്കാനാവും.'
നാമും ജീവിതത്തില്‍ പലപ്പോഴും ഒരു കത്രികയുടെ സ്വഭാവത്തിലേക്ക് മാറാറില്ലേ? നമുക്ക് നമ്മുടെ സമൂഹത്തിലെ സൂചിയായി, യോജിപ്പിക്കാവുന്നതൊക്കെ തുന്നിക്കൂട്ടാം.
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്. മറ്റുള്ളവരുമൊത്ത് സഹകരിച്ചു വേണം മുന്നോട്ടു പോകാന്‍. താളാത്മകമായി ഒന്നിച്ചു ജീവിക്കുവാനും അന്യോന്യം മനസ്സിലാക്കാനും കഴിയുന്നില്ലെങ്കില്‍ ഇതെന്തു ജീവിതം? ചുറ്റുമുള്ളവരെ സ്‌നേഹിക്കുക മാത്രമല്ല, അവരെ നാം സംരക്ഷിക്കണം. അവര്‍ക്കു സന്തോഷം പകരണം. ദുഃഖങ്ങളിലും പങ്കുചേരണം.
നമുക്കുള്ളതേ നമുക്കു ചുറ്റുമുള്ളവര്‍ക്ക് നല്‍കാനാവൂ. നിങ്ങളുടെ അയല്‍ക്കാരന്റെ ഭാര്യക്ക് ഹൃദയശസ്ത്രക്രിയക്ക് ഒരു ലക്ഷം രൂപ വേണം.നിങ്ങള്‍ക്ക് അയാളെ സഹായിക്കാന്‍ നല്ല മനസ്സുണ്ട്. പക്ഷേ, ആ പണം നിങ്ങളുടെ കൈയിലില്ല. എത്ര ആഗ്രഹിച്ചാലും ഉള്ളതേ നല്‍കാനാവൂ. നിങ്ങള്‍ പണം കൊടുത്തില്ലെങ്കിലും നിങ്ങളുടെ കൈവശമുള്ള സ്‌നേഹവും സഹാനുഭൂതിയും നല്‍കാമല്ലോ. നിങ്ങള്‍ക്കത് അയാള്‍ തിരിച്ചു തരികയും വേണ്ട. കടക്കാരനാവാതെ തന്നെ നന്മ ചൊരിയൂ.സ്‌നേഹം വഴിഞ്ഞൊഴുകട്ടെ. മറ്റുള്ളവര്‍ക്ക് സന്തോഷം വിതറുമ്പോള്‍ നമ്മുടെ മനസ്സിലും സന്തോഷപ്രവാഹം.ഒരാളോട് അതൃപ്തിയോ വിദ്വേഷമോ നമുക്കുണ്ടാവുമ്പോള്‍ നമ്മുടെ മനസ്സിലും അത്തരം അധമവികാരങ്ങള്‍ തന്നെയായിരിക്കുമല്ലോ ഉണ്ടാവുക.
നന്ദി പ്രതീക്ഷിച്ച് നാം ഒന്നും ചെയ്യരുത്.. പലപ്പോഴും അതു കിട്ടിയെന്നു വരില്ല. കേരളീയ സമൂഹത്തിലെ ഒരു ഉന്നത വ്യക്തിയുടെ വാക്കുകൾ ഇങ്ങനെ : "സ്‌കൂള്‍ പ്രവേശനത്തിനു വേണ്ടി എത്രയോ മാതാപിതാക്കള്‍ എന്റെ അരികില്‍ വരാറുണ്ട്. ജോലി കിട്ടുന്നതിന് ശുപാര്‍ശക്കായും ചിലര്‍ എത്താറുണ്ട്. സഹായിക്കാന്‍ ചെയ്യാവുന്നതൊക്കെ ഞാനും ചെയ്യും. പക്ഷേ, സ്‌കൂള്‍ പ്രവേശനം കിട്ടിയെന്നോ ആ ജോലി കിട്ടിയെന്നോ അവരില്‍ പലരും നമ്മെ അറിയിച്ചുവെന്നു വരില്ല.
വളരെ മുമ്പുണ്ടായ ഒരനുഭവം പറയാം. ആദ്യമായി വനിതാ പോലീസിലേക്ക് റിക്രൂട്ട്‌മെന്റ് കോഴിക്കോട്ട് നടക്കുകയാണ്. തെരഞ്ഞെടുപ്പ് നടത്തുന്ന പ്രധാന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ എന്റെ അമ്മയുടെ ക്ലാസ്‌മേറ്റ്.അമ്മയെ കാണാന്‍ പോലീസ് കാറില്‍ അവര്‍ വരാറുണ്ടായിരുന്നു. ഇതറിഞ്ഞാകാം ഒട്ടേറെപ്പേര്‍ എന്നോട് ശുപാര്‍ശ പറയണമെന്ന ആവശ്യവുമായി എത്തി.ആരെയും മുഷിപ്പിക്കേണ്ടെന്നു കരുതി എല്ലാവരുടെയും പേരുവിവരം ഞാന്‍ വാങ്ങിവെച്ചു. അതില്‍ വളരെ അര്‍ഹതപ്പെട്ടവരെന്നു തോന്നിയ ചിലരുടെ പേര്‍ ഞാന്‍ എഴുതിക്കൊടുത്തു. അവര്‍ക്കൊക്കെ അന്ന് ജോലിയും കിട്ടി. കാരണം, അക്കാലത്ത് പോലീസില്‍ പെണ്‍കുട്ടികള്‍ ചേരുക അത്ര സാധാരണമായിരുന്നില്ല.അതുകൊണ്ടു തന്നെ മെറിറ്റില്‍ അവര്‍ക്കൊക്കെ ജോലിയും കിട്ടിയെന്ന് ഞാന്‍ ആശ്വസിച്ചു.
ബിസ്‌കറ്റും മറ്റു ബേക്കറി സാധനങ്ങളുമായി നന്ദി പറയാന്‍ വന്നത് ഒരേയൊരു യുവതിയായിരുന്നു. ആ സ്ത്രീയുടെ കാര്യത്തില്‍ എന്റെ ഭാഗത്തു നിന്ന് ഒരു ശുപാര്‍ശയും നടത്തിയിട്ടില്ലായിരുന്നു. ഞാന്‍ എങ്ങനെ അവര്‍ കൊണ്ടു വന്ന സന്തോഷപ്പൊതി വാങ്ങും, വാങ്ങാതിരിക്കും? ഒടുവില്‍ ഞാന്‍ പറഞ്ഞു: 'ബിസ്‌ക്കറ്റ് കൊണ്ടുവന്നതല്ലേ, ഇവിടെ വച്ചോളൂ. ഞാനൊരു സത്യം പറയാം: കുട്ടിയുടെ ജോലിക്കാര്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.'
അത്ഭുതമെന്നു പറയട്ടെ, ആ ബിസ്‌ക്കറ്റ് പൊതി കൈയിലെടുത്തു കൊണ്ട് ആ യുവതി പോലീസ് ട്രെയിനിങ് കിട്ടും മുമ്പേ നല്ല പോലീസ് ഭാഷയില്‍ അവളുടെ വായില്‍ തോന്നിയതൊക്കെ എന്നെ വിളിച്ചു പറഞ്ഞു. ഇവിടെ തെറ്റു പറ്റിയത് എനിക്കാണ്. സന്തോഷപൂര്‍വം കൊണ്ടു വന്ന സമ്മാനപ്പൊതി വാങ്ങിവച്ച് ഒന്നു ചിരിച്ചിരുന്നെങ്കിലോ? ആ യുവതിയുടെ സന്തോഷം കളയാതെ എനിക്ക് നോക്കാമായിരുന്നു. ആ തെറിവിളിയോടെ അവളുടെയും അതു കേട്ട എന്റെയും സന്തോഷം എങ്ങോ പോയി മറഞ്ഞു.
നല്ലതു ചെയ്യുക എന്നതു നല്ലതിനു വേണ്ടി നല്ലതു ചെയ്യുകയെന്ന് നാം തിരുത്തേണ്ടിയിരിക്കുന്നു. പ്രതീക്ഷിക്കാതെ ഇടക്ക് ഒരു നന്ദി കിട്ടിയാലും സന്തോഷം, കിട്ടിയില്ലെങ്കിലും സന്തോഷം. ആദ്യം വേണ്ടത് നല്ലതു ചെയ്ത് നാം സ്വയം സന്തുഷ്ടനാവുകയാണ്.
തോറ്റു കൊടുത്താൽ പലപ്പോഴും ഗുണം കിട്ടും.അമ്മയോട് തോൽക്കുക.സ്നേഹം അധികമാകും.അച്ഛനോട് തോൽക്കൂ നിന്റെ, അറിവ് അധികമാകും.നിന്റെ തുണയോട് തോൽക്കൂ കുടുംബത്തിന്റെ സന്തോഷം വർദ്ധിക്കും..
മക്കളോട് തോൽക്കൂ സ്നേഹം പലമടങ്ങ് അധികമാകും.സ്വന്തബന്ധങ്ങളോട് തോൽക്കാൻ ശ്രമിക്കൂ... കെട്ടുറപ്പുള്ള ബന്ധമുണ്ടാകും.സുഹൃത്തിനോട് തോൽക്കൂ , സ്നേഹം അധികമാകും.
തോൽവി വിജയത്തെ
പ്രദാനം ചെയ്യും.
നിങ്ങള്‍ സന്തുഷ്ടനാണെങ്കില്‍ മറ്റുള്ളവര്‍ക്കായി കൂടുതല്‍ സന്തോഷം നല്‍കാന്‍ നിങ്ങള്‍ക്കാവും. സെല്‍ഫിഷില്‍ നിന്നുള്ള മോചനത്തിന്റെ വഴികൂടിയാണത്.മറ്റുള്ളവരുടെ സന്തോഷത്തിനും സുരക്ഷക്കും നമുക്ക് എന്തൊക്കെ ചെയ്യാനാവും?കണ്ണില്ലാതെ നാഷണല്‍ ഹൈവേ മുറിച്ചു കടക്കാന്‍ പറ്റാതെ നില്‍ക്കുന്ന ഒരാളെ റോഡ് കടത്തുവാന്‍ നമുക്ക് സഹായിക്കാനാവും. അക്ഷരാഭ്യാസമില്ലാത്ത ഒരാള്‍ക്ക് റേഷന്‍ കാര്‍ഡോ മറ്റോ പൂരിപ്പിച്ചു കൊടുക്കാന്‍ എന്താണ് പ്രയാസം? റോഡില്‍ തളര്‍ന്നു കിടക്കുന്ന ഒരാളെ മറ്റു യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കാന്‍ നമുക്ക് മുന്‍കൈയെടുത്തു കൂടേ?
മദര്‍ തെരേസ പറയാറുണ്ട്: 'ലോകത്തിലെ ഏറ്റവും മഹത്തായ കാര്യങ്ങളൊന്നും നാം ചെയ്യേണ്ട. ഹൃദയപൂര്‍വം കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക് നമ്മുടെ ഒരു കൈത്താങ്ങ് നല്‍കാന്‍ സന്നദ്ധനായാല്‍ മതി.'
ഒരു ദിവസം ഒരു നല്ല കാര്യമെങ്കിലും ചെയ്യുക. സഹായം വേണ്ടവര്‍ക്ക് നമ്മെക്കൊണ്ട് ചെയ്യാവുന്ന ചെറിയ സഹായം ചെയ്യുക. ഇതു മാത്രം മതി. ജീവിതത്തിന് അത് പുതിയ അര്‍ത്ഥതലങ്ങളുണ്ടാക്കും. ഇതിനു മറ്റുള്ളവരുടെ അംഗീകാരം പ്രതീക്ഷിക്കരുത്. അതിന്റെ നന്മ നമ്മുടെ മനസ്സില്‍ ആഹ്ലാദമായി ഒഴുകും.