മാപ്പുകൊടുത്ത് വിട്ടുകളയുക.
•
വളരേച്ചെറിയ കാര്യത്തിന്റെ പേരിലാണ് രണ്ടു സഹോദരങ്ങൾ പിണങ്ങിയത്. പക്ഷേ, അകൽച്ച വല്ലാതെ കടുത്തുപോയി. മിണ്ടാട്ടമില്ലാതെ മാസങ്ങൾ നീണ്ടു. തമ്മിൽക്കണ്ടാലും അപരിചിതരായ് അകന്നുനിന്നു. രണ്ടാളുടേയും വീടുകൾക്കു നടുവിൽ നീണ്ടുകിടക്കുന്ന പുൽമേടാണ്. അതുമുഴുവൻ പറിച്ചുകളഞ്ഞ് അനുജൻ അവിടൊരു കുളംകുത്തി. അതോടെ അവരുടെ മക്കളും അകന്നു.
അതിനിടയ്ക്കൊരു ദിവസം ജ്യേഷ്ടന്റെ വീട്ടിലേക്കൊരാൾ വന്നു. മരപ്പണിക്കാരനാണ്. ജോലി വല്ലതും കിട്ടുമോ എന്നന്വേഷിച്ചു. ‘വീടിനകത്ത് ജോലിയൊന്നുമില്ല. പുറത്തൊരു ജോലിയുണ്ട്. ആ കുളത്തിനപ്പുറത്തൊരു വീട് കാണുന്നില്ലേ. എന്റെ അനുജന്റെ വീടാണ്. എനിക്കാ വീട് കാണേണ്ട. പറ്റുന്നത്ര ഉയരത്തിൽ ഇവിടൊരു മതിലുണ്ടാക്കി തരാമോ? പഴങ്ങൾ വിൽക്കാൻ നാളെ ഞാൻ പട്ടണത്തിലേക്കു പോവും. ഒരാഴ്ച കഴിഞ്ഞേ വരൂ. വരുമ്പോഴേക്ക് ഇവിടെ മതിലുണ്ടാകണം. ആവശ്യമുള്ളത്ര മരങ്ങൾ മുറിച്ചോളൂ..’
മരപ്പണിക്കാരൻ ആ ജോലിയേറ്റെടുത്തു. വീട്ടുകാരൻ പട്ടണത്തിലേക്കു പുറപ്പെട്ടു. എട്ടുദിവസം കഴിഞ്ഞാണ് തിരിച്ചുവന്നത്. മതിലുകാണാനുള്ള ആവേശത്തോടെ ഓടിവന്ന അയാൾ, വീടിനുമുന്നിലെ കാഴ്ചകണ്ട് അമ്പരന്നുനിന്നു.
മതിലില്ല! കുളത്തിനുമുകളിലായ് ഒരു പാലം പണിതുവെച്ചിരിക്കുന്നു. രണ്ടു വീടുകളേയും ബന്ധിപ്പിക്കുന്ന ആ പാലത്തിൽ രണ്ടാളുടേയും മക്കൾ ഓടിക്കളിക്കുന്നു! അനുജൻ അതിലൂടെ നടന്നുവന്ന് ജ്യേഷ്ടന്റെ കൈപ്പിടിച്ചു: ‘നിന്നോട് നന്ദിയുണ്ടെടാ. ദേഷ്യത്തിന്റെപുറത്ത് കുളംകുത്തിയെങ്കിലും പിന്നെ വല്ലാത്ത കുറ്റബോധമായി . അത്രയൊക്കെ ഞാൻ ചെയ്തിട്ടും നീയെന്നെ കൈവിട്ടില്ലല്ലോ. ഈ പാലം പണിതതിനു നന്ദി.’
സഹോദരങ്ങൾ കെട്ടിപ്പിടിക്കുന്നതും കുഞ്ഞുങ്ങൾ ആർത്തുല്ലസിക്കുന്നതും കണ്ട് സന്തോഷത്തോടെ മരപ്പണിക്കാരൻ മടങ്ങാനൊരുങ്ങുമ്പോൾ, ജ്യേഷ്ടൻ ഓടിവന്നു. ‘നിങ്ങളൊരു വല്ലാത്ത മനുഷ്യനാണ്. ഞാൻ നിങ്ങളെ മറക്കില്ല. കുറച്ചുകാലം കൂടി ഇവിടെ നിൽക്കാമോ. ജോലികൾ എത്രവേണേലും ഞാൻ തരാം.’
‘ക്ഷമിക്കണം. ഇവിടെ നിൽക്കാൻ സന്തോഷമാണ്. പക്ഷേ എനിക്ക് പോയേ പറ്റൂ. ഇനിയുമെത്രയോ മനുഷ്യരിലേക്ക് എത്താനുണ്ട്. പാലങ്ങളൊരുപാട് പണിയാനുണ്ട്. ഞാൻ പോവുന്നു..'
അങ്ങനൊരു മരപ്പണിക്കാരൻ വരാനില്ല. നമ്മൾ പണിതുവെച്ച മതിലും കുളവും നമുക്കിടയിൽ ദൂരം കൂട്ടുന്നുണ്ട്. മനുഷ്യർക്ക് മാപ്പുകൊടുക്കുമ്പോൾ ആ കുളങ്ങൾക്കു മീതെയായ് പുതിയൊരു പാലമുയരുന്നു. മാപ്പുകൊടുത്തില്ലെങ്കിൽ നമ്മുടെ മനസ്സ് വേദനിച്ച ദിവസത്തിൽ തങ്ങിനിൽക്കും. നമുക്കിതാ, ഈ നിമിഷത്തിൽ ജീവിക്കണം. അതിനാണു മാപ്പ്. യാതൊരു അർഹതയുമില്ലാത്ത മനുഷ്യർക്കും മാപ്പുകൊടുത്ത് വിട്ടുകളയണം. ഇനിയും വിശ്വസിച്ച് കൂടെക്കൂട്ടാനൊന്നുമല്ല. ഒരു അപരിചിതനോടു കാണിക്കുന്ന നിർവ്വികാരതയില്ലേ, അത്രയെങ്കിലും മതി. മാപ്പുകൊടുത്ത് വിട്ടുകളയുക.
ചെറിയ മനസ്സുള്ളോർക്ക് പറ്റുന്ന പരിപാടിയല്ലത്. മാപ്പുകൊടുക്കാൻ അപാരമായ മനശ്ശക്തിവേണം.
•
റമദാൻ മഴ | പി എം എ ഗഫൂർ