എല്ലാർക്കും മറുപടികൊടുത്ത് നിലവിളിക്കേണ്ട.
•
സംന്യാസജീവിതം നയിക്കുന്ന ഒരാളെ, ലൈംഗികത്തൊഴിലാളിയായ സ്ത്രീ വിരുന്നിനുവിളിച്ചാൽ എന്താവും പ്രതികരണം?
ശ്രീബുദ്ധയുടെ കഥയിൽനിന്നാണ്. വിദ്യാർത്ഥികളോടൊപ്പം ബുദ്ധ ഒരു ഗ്രാമത്തിലെത്തുന്നു. ഏതു ഗ്രാമത്തിലെത്തിയാലും ഓരോ വീടുകളിലാണ് അവർ താമസിക്കുക. മൂന്നു ദിവസം മാത്രം അതിഥിയായ് പാർക്കും. പിന്നെ അടുത്ത ഗ്രാമത്തിലേക്കു യാത്രയാവും. ബുദ്ധയേയും സംന്യാസിമാരേയും സ്വന്തം വീട്ടിലേക്ക് വിരുന്നിനുവിളിക്കാൻ ഓരോ ആളും മത്സരിച്ചു. ബുദ്ധയുടെ ഏറ്റവുമടുത്ത ചങ്ങാതിയായ ആനന്ദനെ സ്വന്തം വീട്ടിലേക്കു വിളിച്ചത് ഒരു ഗണികയായിരുന്നു. മടിച്ചുനിന്ന ആനന്ദനെ അവൾ നിർബന്ധിച്ചു. ബുദ്ധ സമ്മതം തന്നാൽ ആലോചിക്കാം എന്നായി ആനന്ദൻ. സമ്മതം കിട്ടാനുള്ള സാധ്യതയില്ലെന്നു തന്നെ അവളുറപ്പിച്ചു. പക്ഷേ, അവളെ മാത്രമല്ല, എല്ലാരേയും അത്ഭുതപ്പെടുത്തുന്ന മറുപടിയായിരുന്നു ബുദ്ധയുടേത്. ആനന്ദയ്ക്ക് അവരുടെ വീട്ടിൽപ്പാർക്കാം. മുഴുവൻ വിദ്യാർത്ഥികളും ബുദ്ധയോട് എതിർപ്പ് പ്രകടിപ്പിച്ചു. ‘ഗണികയുടെ വീട്ടിലോ! ഈ അനുവാദം തെറ്റല്ലേ..’ ബുദ്ധ ഇത്രമാത്രം പറഞ്ഞു: ‘തെറ്റാണോ ശരിയാണോ എന്ന് മൂന്നുദിവസം കഴിഞ്ഞാൽ നമുക്കറിയാലോ..’
മൂന്നുദിവസത്തെ വിരുന്നുതീർന്നു. എല്ലാരും അടുത്ത ഗ്രാമത്തിലേക്കുള്ള യാത്രക്കൊരുങ്ങി. ഒരാൾ മാത്രം ഇനിയുമെത്തീല്ല. ആനന്ദനായിരുന്നു അത്. ‘അയാളിനി വരാൻ സാധ്യതയില്ല. നല്ലൊരു മനുഷ്യനെ കുഴപ്പത്തിലേക്ക് തള്ളിയിട്ടു.’ അവരന്യോന്യം അടക്കം പറയുമ്പോൾ അതാ, ഞെട്ടിച്ചുകൊണ്ട് ആനന്ദൻ വരുന്നു. ആനന്ദൻ വരുന്നതല്ല അത്ഭുതം. ആ സന്യാസിക്കൂട്ടത്തിലേക്ക് പുതിയൊരാൾ കൂടി ആനന്ദനൊപ്പം നടന്നുവരുന്നുണ്ട്. ആ സ്ത്രീയായിരുന്നു അത്. ഇനിയവർ സംന്യാസിനിയാണ്.
ആനന്ദൻ ഒരാനന്ദത്തിലേക്കും വഴുതിയില്ല. പക്ഷേ, അവൾ പുതിയൊരാനന്ദത്തെ രുചിച്ചു. ആ ഗുരുവിനൊപ്പമുള്ള മൂന്നു ദിവസം കൊണ്ട് ആത്മീയതയുടെ രസവും രഹസ്യവും അവളറിഞ്ഞു. ആനന്ദനുനേരെ വിരൽച്ചൂണ്ടി ബുദ്ധ എല്ലാരോടുമായിപ്പറഞ്ഞു: ‘നിങ്ങൾ തെരഞ്ഞെടുത്ത മാർഗമേതാണോ, അതിൽ ആത്മവിശ്വാസവും ചങ്കുറപ്പുമുണ്ടെങ്കിൽ ഒരാൾക്കോ ഒരു സാഹചര്യത്തിനോ നിങ്ങളെ മാറ്റാനാവില്ല. എന്നാൽ, സാഹചര്യങ്ങളെയും മനുഷ്യരേയും നിങ്ങൾ മാറ്റിമറിക്കും. ഇതാ, ഇതുപോലെ!'
സത്യം എന്നർത്ഥമുള്ള ഋജു എന്ന വാക്കിൽനിന്നാണ് ധൈര്യമെന്നർത്ഥമുള്ള ആർജ്ജവം എന്ന വാക്കുണ്ടായതെന്ന് കേട്ടിട്ടുണ്ട്. ഉള്ളിൽ കള്ളമില്ലെങ്കിൽ മാത്രം കിട്ടുന്നൊരു ചങ്കൂറ്റമുണ്ട്. അനുഭവിക്കുന്നൊരു മനസ്സമാധാനമുണ്ട്. പടച്ചോനെയല്ലാതെ ഒരാളേയും ബോധ്യപ്പെടുത്തേണ്ടതില്ലാത്ത കൂസലില്ലായ്മയാണത്. സത്യം എന്നത് പടച്ചോന്റെ പേരാണ്. അതിനാൽ അസത്യങ്ങളെ പേടിക്കരുത്. ആരോപണങ്ങളിൽ തലകുനിക്കരുത്. എല്ലാർക്കും മറുപടികൊടുത്ത് നിലവിളിക്കരുത്.
•
റമദാൻ മഴ | പി എം എ ഗഫൂർ