ഒരേ ജോലി തന്നെ വിശപ്പടക്കാൻ വേണ്ടി അർദ്ധമനസോടെ ചെയ്യുന്നതും, വിശപ്പടക്കാനാണെങ്കിലും സന്തോഷത്തോടെ ചെയ്യുന്നതും, പരിപൂർണമായ അർപ്പണത്തോടെ ആത്മസാക്ഷാത്കാരത്തിനായി ചെയ്യുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്.. അർപ്പണ മനോഭാവത്തോടെ ആത്മസാക്ഷാത്കാരത്തിനായി ഏതു ജോലി ചെയ്താലും അത് ഒരു മനുഷ്യനെ അഭൗതികമായ തലത്തിലേക്ക് ഉയർത്തുന്നു.
ഭൗതിക തലത്തിന് ഉപരിയായി സ്വയം ഉയരാൻ മനുഷ്യർക്ക് മാത്രമേ സ്വാധ്യായത്തിലൂടെ സാധ്യമാകൂ. തീർച്ചയായും ഇതു തന്നെയാണ് മനുഷ്യനെ മറ്റ് ജീവജാലങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്.
നിവർന്ന നട്ടെല്ലും പിടിക്കാൻ കഴിയുന്ന കൈകളുമാണല്ലോ മനുഷ്യരെ നാൽക്കാലികളിൽ നിന്നു വ്യത്യസ്തമായി ഇരുകാലി മൃഗങ്ങളെ മനുഷ്യൻ എന്ന പദവിയിലേക്ക് ഉയർത്തുന്നത്. വേട്ടയാടി നയിച്ച ജീവിതം പതുക്കെ കൃഷിയിലേക്ക് പുരോഗമിച്ചു. ആയുധങ്ങൾ ഉപയോഗിക്കാനുള്ള പ്രാവീണ്യം മറ്റു മൃഗങ്ങൾക്കില്ലാത്തതായിരുന്നു. മനുഷ്യന്റെ പരിണാമം പഠിക്കുമ്പോൾ നാം പഠിക്കുന്ന ബാലപാഠങ്ങളാണിവ. മനുഷ്യനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തരാക്കുന്ന ജൈവശാസ്ത്രപരമായ സവിശേഷതകൾ മാത്രം പഠിച്ചാൽ മനുഷ്യൻ എങ്ങനെ മൃഗങ്ങളിൽ നിന്നു വ്യത്യസ്തരായെന്നു തൃപ്തികരമായി വിവരിക്കുക സാദ്ധ്യമല്ല. അതുകൊണ്ടു തന്നെ മനുഷ്യ സംസ്‌കാരം വികസിച്ച് ശാസ്ത്രവും കലകളും സംഗീതവുമൊക്കെ ഉരുത്തിരിയുന്നതിനു മുൻപേ തന്നെ തത്വശാസ്ത്രം വികസിച്ചിരിക്കാം.
ഗുഹാമനുഷ്യൻ ചുറ്റും കണ്ട പ്രകൃതിവസ്തുക്കൾ നോക്കി ഗുഹാചിത്രങ്ങൾ വരച്ചു. മൃഗത്തോലും മരവുരിയുമൊക്കെ ഉപയോഗിച്ച് വസ്ത്രം ധരിച്ചു. പ്രകൃതിയെ സ്നേഹിച്ചു. ഇതിനൊക്കെ അടിസ്ഥാനം മനസ് എന്നൊരു ഇന്ദ്രിയം തനിക്കുണ്ടെന്ന സ്വയം തിരിച്ചറിവും അതിൽ ഉരുത്തിരിഞ്ഞ ഭാവനയുമാകണം. മനുഷ്യൻ ശില്പങ്ങൾ മെനഞ്ഞതും ഭാവന കൂടി ഉപയോഗിച്ചായിരുന്നിരിക്കണം. ചിലന്തി നെയ്യുന്ന വല എത്ര കലാപരമാണ്. ഒപ്പം തന്നെ ഇരയെ പിടിക്കുകയെന്ന ജോലി അതു ഭംഗിയായി നിർവഹിക്കുകയും ചെയ്യും. പല പക്ഷികളുടെയും മീനുകളുടെയും കൂടുകൾ അവ വലിയ ആർക്കിടെക്ടുകളാണല്ലോ എന്നു തോന്നിപ്പിക്കത്തക്ക വൈഭവം നിറഞ്ഞതാണ്. ചിലന്തിയുടെ വലയോ പക്ഷിയുടെ കൂടോ അതിന്റെ ഏകതാനതയിൽ മനുഷ്യ നിർമ്മിതികളിൽ നിന്ന് എത്ര വ്യത്യസ്തമാണ് ! മനുഷ്യന്റെ ഘടനയിൽ ഭൗതികമായി അളക്കാൻ കഴിയുന്ന ഘടകങ്ങളിൽ നിന്നു വ്യത്യസ്തമായി, കൂടിയ ബുദ്ധിശക്തിക്കും അപ്പുറത്തായി എന്തോ ഒന്നുണ്ടെന്ന കാര്യത്തിൽ ഭൗതികശാസ്ത്രജ്ഞർക്കോ ന്യൂറോസയന്റിസ്റ്റുകൾക്കോ, തത്വശാസ്ത്രജ്ഞർക്കോ രണ്ടഭിപ്രായമുണ്ടാകുമെന്നു തോന്നുന്നില്ല. ഭൗതിക ശരീരത്തിലുപരിയായി മനസ് (ഭാവന), ഹൃദയം (സ്‌നേഹം), ആത്മാവ് (സ്വയംതേടൽ) ഇവയൊക്കെച്ചേർന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നു. ഭൗതികശരീരം മനുഷ്യന്റെ ഒരു പാതിയും മേല്പറഞ്ഞവയെല്ലാം ചേർന്ന് മറുപാതിയും ആകുന്നു. പിറന്നു വീഴുന്ന മനുഷ്യക്കുഞ്ഞ് ഭൂമിയിൽ നിന്ന് ലഭിക്കുന്ന ആഹാരം കഴിച്ച് മൂന്നു കിലോയിൽ നിന്നു അറുപതു കിലോ ഭാരമുള്ള മുതിർന്ന വ്യക്തിയായിത്തീരുമ്പോഴേക്കും ഈ ഭാരവും ബുദ്ധിയുടെ വളർച്ചയും മാത്രമല്ലല്ലോ സമ്പാദിക്കുക. ജനിച്ചു വീഴുമ്പോഴേയുള്ള വാസനകളെ എങ്ങനെ പരിപോഷിപ്പിക്കുന്നു എന്നതനുസരിച്ച് സ്‌നേഹം, ദയ, ക്രൗര്യം, സമ്പാദനാസക്തി തുടങ്ങി അനേക ഗുണങ്ങളിൽ ഏതെങ്കിലും ചിലതിൽ അഭിരമിക്കുന്നു. കുടുംബം, സമൂഹം, ദേശം ഇവക്കൊക്കെ ഇതിൽ വലിയ സ്വാധീനമുണ്ട്.
പടിഞ്ഞാറൻ ചിന്തകരായ പുരാതന ഏതൻസിലെ സോക്രട്ടീസും പൈതഗോറസും ഹെറാക്ലിറ്റസും മുതൽ പ്ലേറ്റോ വരെയുള്ളവർ ഇത്തരം ചിന്തകളിൽ തങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്തി. ഫറോവമാർ ഭരിച്ചിരുന്ന ഈജിപ്‌തിലാണ് ഗ്രീക്ക് പണ്ഡിതന്മാർ പോലും പഠിച്ചിരുന്നതത്രേ. ഏറ്റവും പുരാതനമായ തത്വശാസ്ത്രം ഈജിപ്റ്റിലേതാണെന്നു പറയപ്പെടുന്നു. സന്തുലനം, ഐകമത്യം, ധർമ്മം ഇവയെക്കുറിച്ചൊക്കെയുള്ള ഈജിപ്ഷ്യൻ തത്വചിന്ത ഇന്നും പ്രസക്തം തന്നെ.മനുഷ്യൻ വെറും ഭൗതിക ജീവിയല്ല എന്നുള്ള ചിന്ത അന്നു മുതൽക്കു തന്നെ രൂഢമൂലമാണ്. ഹാരപ്പൻ സംസ്‌കാരവും ആർഷസംസ്‌കാരവും നൽകുന്ന ആപ്തവാക്യങ്ങളും പകുതി മാത്രം ഭൗതികമാകുന്ന മനുഷ്യനെക്കുറിച്ചു പറയുന്നു. അഭൗതികമായ തലങ്ങളിലുള്ള മനുഷ്യനെ തിരിച്ചറിയണമെങ്കിൽ നന്നായി സൂക്ഷ്മത പുലർത്തുക, നിരീക്ഷിക്കുക എന്നാണു പുരാതന തത്വചിന്തകളിലെല്ലാം പറയുന്നത്. ഭൗതികമായ പകുതിക്കു വേണ്ടി യുദ്ധം ചെയ്യുകയും രാജ്യം ഭരിക്കുകയുമൊക്കെ ചെയ്യുമ്പോഴും രാജർഷിമാരായി ഉയർന്ന തലങ്ങളെ തേടിയിരുന്ന ഫറോവമാരെ കുറിച്ചും ജനകന്മാരെ കുറിച്ചും നദീതട സംസ്‌കാരങ്ങൾ പറയുന്നു.
ഭൗതികതലത്തിന് ഉപരിയായി സ്വയം ഉയരാൻ മനുഷ്യർക്ക് മാത്രമേ സ്വാധ്യായത്തിലൂടെ സാധ്യമാകൂ. തീർച്ചയായും ഇതു തന്നെയാണ് മനുഷ്യനെ മറ്റ് ജീവജാലങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. സമ്പാദിച്ചു കൂട്ടാനുള്ള ത്വരയാണ് മനുഷ്യനെ ഉയർന്ന തലങ്ങളിലെത്തുന്നതിൽ നിന്നു തടയുന്നത് എന്നാണ് ഹെർമിസ് ട്രിസ്‌മെഗിസ്റ്റസ് എന്ന ചിന്തകൻ തന്റെ ശിഷ്യനായ അസ്‌ക്ലെപിയസിനോട് പറഞ്ഞത്. അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുക, മനനം ചെയ്യുക എന്നാണ് പുരാതന നദീതട സംസ്‌കാരങ്ങളിലെ എല്ലാ ഗുരുക്കന്മാരും തങ്ങളുടെ ശിഷ്യരോടു പറഞ്ഞത്. ഭൗതികമായ വിജ്ഞാനത്തിലുപരി സ്വയം തിരിച്ചറിവിലേക്കുയർത്തുന്ന ജ്ഞാനത്തെ ആശ്രയിക്കാൻ അവരെല്ലാം പറയുന്നു: അതു മാത്രമാണ് മനുഷ്യനിലെ ബോധമുണർത്തി ഭൗതികമായ പരിമിതികൾക്കപ്പുറമുള്ള തലത്തിലേക്കു മനുഷ്യനെ ഉയർത്തുക. ഡയനീഷ്യസ് പറയുന്നുണ്ടല്ലോ, ഒരേ ജോലി തന്നെ വിശപ്പടക്കാൻ വേണ്ടി സമ്പാദിക്കാൻ അർദ്ധമനസോടെ ചെയ്യുന്നതും, വിശപ്പടക്കാനാണെങ്കിലും സന്തോഷത്തോടെ ചെയ്യുന്നതും പരിപൂർണമായ അർപ്പണത്തോടെ ആത്മസാക്ഷാത്കാരത്തിനായി ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം. അർപ്പണ മനോഭാവത്തോടെ ആത്മസാക്ഷാത്കാരത്തിനായി ഏതു ജോലി ചെയ്താലും അത് ഒരു മനുഷ്യനെ അഭൗതികമായ തലത്തിലേക്ക് ഉയർത്തുന്നു. ആദിമ സംസ്‌കാരം മുതൽ ആധുനിക സംസ്‌കാരം വരെ ഒരുപോലെ പറയുന്നതും മറ്റൊന്നല്ല.
കാലം നമുക്ക് ചില തിരിച്ചടികൾ നല്കുന്നത് നമുക്ക് സ്വയം നമ്മളാരാണെന്ന് ബോധ്യപ്പെടുത്തുന്നതിനാണ്.
അത്തരം തിരിച്ചടികൾ നൽകുന്ന തിരിച്ചറിവുകൾ ആയിരിക്കും പിന്നീട് മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ വഴിത്തിരുവുകളായി മാറുന്നത്.പ്രതീക്ഷിക്കാത്ത സമയത്ത് ചില
പ്രതീക്ഷിക്കാത്തവരിൽ നിന്നും ലഭിക്കുന്ന
തിരിച്ചടികൾ ഒരിക്കലും
മായ്കാത്ത മുറിവുകളായി നമ്മളിൽ അവശേഷിക്കും.
വേദനിപ്പിക്കുന്ന പരീക്ഷണങ്ങള്‍, പ്രതിസന്ധികള്‍, രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ജീവിതത്തിലുണ്ടാകും. അവിടെ നമ്മൾ അസ്വസ്ഥരാകരുത്.
അനുഭവങ്ങള്‍ നമ്മളെ കൂടുതല്‍ കരുത്തുറ്റവരും പ്രാഗത്ഭ്യമുള്ളവരുമാക്കും.
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്തതുകൊണ്ട്
നമ്മൾ തിരിച്ചറിയാതെ പോയ ചില പൊയ്മുഖങ്ങളുണ്ട്. കാലം തിരിച്ചടി നല്കും വരെ മുഖംമൂടിയുമായി അവർ കഴിഞ്ഞോളും.
വീഴാതെ ആരും വളരാൻ പഠിക്കുന്നില്ല.ഓരോ വീഴ്ചയിൽ നിന്നും ഓരോ പാഠങ്ങൾ പഠിക്കുകയാണ്.
കാണാതെ പോയ കാഴ്ചകളും,കേൾക്കാതെ പോയ ശബ്ദങ്ങളും,അറിയാതെ പോയ അറിവുകളും അപ്പോൾ മാത്രമാകും തിരിച്ചറിയുക.
ചില തിരിച്ചടികൾ നമ്മുടെ പ്രതീക്ഷകൾക്കും അപ്പുറം ആയിരിക്കും. തോറ്റു പോയെന്ന് ചുറ്റുമുള്ളവർ ആർത്തുവിളിച്ചേക്കാം...
ചിലപ്പോൾ തോറ്റ് പോയേക്കാം.
പക്ഷെ വിജയം നേടും വരെയും നമ്മുടെ പരിശ്രമം തുടർന്നു കൊണ്ടേയിരിക്കുക. തീർച്ചയായും വിജയം നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങി വരും.