മൂർച്ചകൂട്ടണം മനസ്സിന്.
•
നാൽപ്പതുവർഷത്തെ കഠിനാധ്വാനം കൊണ്ട് സ്വന്തമായൊരു തോട്ടവും വലിയ ഫാമും പണിതുണ്ടാക്കിയ ഒരാളുടെ കഥയുണ്ട്. ആയുഷ്കാലം മുഴുവൻ ഏകാന്തനായ് അയാൾ തന്റെ കർമത്തിൽ മുഴുകി. ആരോഗ്യം കുറഞ്ഞ്, ജോലി ചെയ്യാൻ വയ്യാതായപ്പോൾ മാത്രമാണ് തീർന്നുപോയ വർഷങ്ങളേക്കുറിച്ച് അയാൾ ആലോചിച്ചത്. ഇത്രയും കാലം ഒറ്റയ്ക്കായിരുന്നു. ഇനി വയ്യ, ഒരു സഹായി വേണം. തോട്ടം നോക്കാനും കന്നുകാലികളെ പരിചരിക്കാനും ഒരു യുവാവിനെ വേണം. പട്ടണത്തിലേക്കുള്ള യാത്രയിൽ കാണുന്നവരോടെല്ലാം അന്വേഷിച്ചു. കിട്ടിയില്ല. പട്ടണത്തിലൂടെ നടക്കുമ്പോൾ വഴിയരികിൽ കണ്ട ഒരാളെ ശ്രദ്ധിച്ചു. നല്ല ആരോഗ്യമുള്ള യുവാവ്. ജോലി വല്ലതും അന്വേഷിച്ചു നടക്കുന്നതാകുമോ. ചോദിച്ചുനോക്കി; ‘ഒരു ജോലി തന്നാൽ സ്വീകരിക്കുമോ? കുറച്ചകലെയാണ്. എന്റെ തോട്ടത്തിന് കാവലിരിക്കണം. കുറച്ചു കന്നുകാലികളുണ്ട്. അവരെ നോക്കണം. നല്ല ശമ്പളം തരാം. തയ്യാറാണോ?’
പക്ഷേ, അവന്റെ മറുപടി കർഷകന് രുചിച്ചില്ല: ‘ജോലി എനിക്കിഷ്ടപ്പെട്ടു. തോട്ടവും ഫാമും ഞാൻ നന്നായി നോക്കാം. ഏത്രവലിയ കൊടുങ്കാറ്റുള്ള രാത്രിയും ഞാൻ സുഖമായി കിടന്നുറങ്ങാം..’
കൊടുങ്കാറ്റുള്ള രാത്രിയിൽ കിടന്നുറങ്ങും! എന്നാൽ ഇവനെ വേണ്ട. കർഷകൻ മുന്നോട്ടുനടന്നു. പലരോടും ചോദിച്ചു. നേരം സന്ധ്യയായി, ഒരാളേയും കിട്ടീല. നാട്ടിലേക്കു തിരിച്ചുനടക്കുമ്പോൾ അതാ, നേരത്തേക്കണ്ട യുവാവ് അതേ സ്ഥലത്തിരിക്കുന്നു. ഒന്നുകൂടെ ചോദിച്ചാലോ, കർഷകൻ ഒരു കാര്യമോർത്തു, ഇവൻ സത്യസന്ധനാണ്. കൊടുങ്കാറ്റുള്ള രാത്രിയിൽ ഉറങ്ങുന്ന കാര്യം മറച്ചുവെച്ചില്ലല്ലോ. ഇവൻ മതി, ‘നീ മതി. നിന്നെപ്പോലെ ഒരാളെയാണ് എനിക്കുവേണ്ടത്’
അവൻ അദ്ദേഹത്തിനൊപ്പം യാത്രതുടങ്ങി. തോട്ടത്തിനും മൃഗങ്ങൾക്കും കാവൽക്കാരനായി. കർഷകൻ മറ്റുതിരക്കുകളിൽ മുഴുകി. മാസങ്ങൾ കടന്നുപോയി. ഒരു രാത്രിയിൽ, ശക്തമായ കൊടുങ്കാറ്റും മഴയുമുള്ളൊരു പാതിരാവിൽ കർഷകൻ ഞെട്ടിയുണർന്നു. ദൈവമേ ആ ജോലിക്കാരൻ ഉറങ്ങിപ്പോയിരിക്കുമോ! എന്റെ കന്നുകാലികളെന്താവും! മഴയിലേക്കിറങ്ങി ജോലിക്കാരന്റെ മുറിയിലേക്കോടി. വാതിൽ അടച്ചിരിക്കുന്നു! അവൻ പറഞ്ഞതുപോലെ തന്നെ ചെയ്തല്ലോ! സുഖമായി കിടന്നുറങ്ങുന്നു! ഉറക്കെ വിളിച്ചുനോക്കി. ഇല്ല. ഒരു മറുപടിയുമില്ല. എന്തൊരു ദുഷ്ടനാണിവൻ! അയാൾ കരഞ്ഞുകൊണ്ട് മൃഗങ്ങളുടെ അടുത്തേക്കോടി. തൊഴുത്തിൽ വെള്ളംകേറി എന്റെ കന്നുകാലികൾ ഒഴുകിപ്പോവുമോ! ഇത്രയും കാലത്തെ അധ്വാനമെല്ലാം തകർന്നുപോവുമോ ദൈവമേ!
ഫാമിനടുത്തേക്ക് ഓടിയെത്തിയ കർഷകൻ ആ കാഴ്ചകണ്ട് നിശ്ചലനായ് നിന്നു. ഇല്ല. ഒന്നും സംഭവിച്ചിട്ടില്ല. എത്ര പെരുമഴ പെയ്താലും തൊഴുത്തിലേക്ക് വെള്ളം കേറാതിരിക്കാൻ ചാലുകൾ കീറിയിട്ടുണ്ട്. കൊടുങ്കാറ്റുവന്നാൽ ചെയ്യേണ്ടതെല്ലാം അവിടെയുണ്ട്. മൃഗങ്ങളുടെ മുന്നിലെല്ലാം വേണ്ടത്ര ഭക്ഷണവുമുണ്ട്. ഒന്നും സംഭവിക്കില്ല. മനുഷ്യന് സാധിക്കുന്നതെല്ലാം കൊടുങ്കാറ്റിനുമുമ്പേ അവൻ ചെയ്തുവെച്ചിരിക്കുന്നു! ആ കാഴ്ചയുടെ മുന്നിൽ നനഞ്ഞുനിന്നപ്പോൾ, അവൻ അന്നുപറഞ്ഞ വാക്കിന്റെ അർത്ഥം പിടികിട്ടി; ‘കൊടുങ്കാറ്റുള്ള രാത്രിയിൽ ഞാൻ സുഖമായി കിടന്നുറങ്ങും!'
എന്തും സംഭവിക്കാവുന്ന നടുറോഡാണ് ജീവിതം. സങ്കൽപ്പിക്കാത്ത സംഭവങ്ങൾ ഞെട്ടിക്കുന്ന കൃത്യതയോടെ നമ്മുടെ ജീവിതത്തിലേക്കും വരാം. ഭാവി അറിയാൻ ഒരു വഴിയുമില്ല. ഭാവനയിൽ കാണണം. എന്തുവന്നാലും പിടിച്ചുനിൽക്കാൻ മനസ്സിന് മൂർച്ചകൂട്ടണം.
കരുതിയിരിക്കൂവെന്ന് പടച്ചോൻ പഠിപ്പിക്കുന്നുണ്ട്, പ്രളയം പോയിട്ട് മഴപോലുമില്ലാത്ത മരുഭൂമിയിലിരുന്ന് കപ്പലുണ്ടാക്കിയ നൂഹ് പ്രവാചകനെ നാട്ടുകാർ മുഴുവൻ പരിഹസിച്ചില്ലേ. എന്നിട്ടെന്തുണ്ടായി?
•
റമദാൻ മഴ | പി എം എ ഗഫൂർ