ശത്രുനിരയെ തകർത്തെറിയുന്നവനല്ല ശക്തൻ; മറിച്ച്, സ്വന്തം അഹന്തക്കെതിരേ പോരാടി വിജയിച്ചവനാണ് യഥാർത്ഥ ശക്തൻ.
മനുഷ്യന്റെ അഹന്തയാണ് ഏറ്റവും വലിയ നർമ്മം... അവൻ , ഒരു നൊടിയിൽ പൊട്ടിപ്പോകാവുന്ന കുമിള മാത്രം ആണ്.
ഞാൻ എന്ന വാക്കിനോളം വലിയ അഹന്ത നിറഞ്ഞ വേറെ വാക്കില്ല.
ഒരാളുടെ അഹന്ത പൂർണമായും ഇല്ലാതാവുമ്പോൾ ആണ് അയാളിലെ ആത്മീയത നിറവുള്ളതാവുന്നത്. അഹന്തയെ പൂർണമായും ഇല്ലായ്മ ചെയ്യുക എന്നതൊന്നും അത്ര എളുപ്പം സാധ്യമാകുന്നതല്ല.' പക്ഷേ, സാധാരണയായി നമ്മിൽ നിന്ന് പുറത്തു ചാടിപ്പോകുന്ന ചില അഹന്തകളുണ്ട്. അവയെ സൂക്ഷ്മ ശ്രദ്ധയോടെ കടിഞ്ഞാണിട്ട് അഹന്തയിൽ നിന്നും രക്ഷപ്പെട്ടു തുടങ്ങിയാൽ പിന്നെ വഴികൾ പ്രകാശപൂർണ്ണമാവും. ' രണ്ടു തരം അഹന്തകളാണ് ഏറ്റവും അപകടകരമായി ഉള്ളത്. എളുപ്പത്തിൽ ഗ്രഹിക്കാനായി ഒരു മനഃശാസ്ത്ര ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ആദ്യത്തെ അഹന്തയെ നമുക്ക് ഡോക്ടർ ഈഗോ അഥവാ ഭിഷഗ്വര അഹന്ത എന്ന് വിളിക്കാം. രണ്ടാമത്തെ അഹന്തയാണ് പ്രീസ്റ്റ് ഈഗോ അഥവാ പുരോഹിത അഹന്ത.'
വൈവിധ്യമാർന്ന നിരവധി അഹന്തകളുടെ മേൽ നിലകൊള്ളുന്നവനാണ് മനുഷ്യൻ. ജന്മത്തിന്റെ പേരിൽ, മതത്തിന്റെയും ജാതിയുടെയും പേരിൽ, സമ്പത്തിന്റെയും സ്ഥാനത്തിന്റെയും പേരിൽ തുടങ്ങി നൂറുകണക്കിന് കാരണങ്ങളാൽ അവൻ അഹന്ത പൊലിപ്പിക്കുന്നു. ഒരു ബലൂൺ പോലെ ഊതിവീർപ്പിച്ച അഹന്തയുടെ തലയുമായാണ് നാമെല്ലാം നടക്കുന്നത്. ജ്ഞാനത്തിന്റെയും അവബോധത്തിന്റെയും കൂർത്ത കുത്തുകൾക്ക് മാത്രമേ ആ വീർത്ത ബലൂണുകളുടെ കാറ്റഴിച്ചു വിടാനാവൂ.
ആ അഹന്തകളിൽ ഏറ്റവും പ്രാഥമികവും പ്രബലവും പ്രത്യക്ഷവുമായ അഹന്തയാണ് ഡോക്ടർ ഈഗോ. ആർജ്ജിച്ചെടുത്ത വിവരത്തിന്റെയും അറിവിന്റെയും പേരിൽ ഉള്ളിൽ നിറഞ്ഞു പൊടുന്നനെ പ്രകടമായിപ്പോകുന്ന അഹന്തയാണത്. ദുർബ്ബലനായ ഒരു രോഗി ചികിത്സ തേടി ഡോക്ടറെ ആശ്രയിക്കുമ്പോൾ പലപ്പോഴും ഈ അഹന്തക്ക് പാത്രമായിട്ടുണ്ടാകും. തന്റെ രോഗത്തിന്റെ വിശദാംശങ്ങൾ കൂടുതൽ ചോദിക്കുമ്പോഴോ, ചികിത്സാരീതിയിലോ മരുന്നുകളിലോ തന്റെ പരിമിതമായ അറിവ് വെച്ച് സംശയം ചോദിക്കുകയോ ചെയ്താൽ അഹന്ത മറച്ചു വെക്കാൻ കഴിയാതെ പ്രകടമായിപ്പോകുന്നവരാണ് വലിയൊരു വിഭാഗം ഡോക്ടർമാർ. ദേഷ്യമായും പരിഹാസമായും അവഹേളനമായും ഡോക്ടർ ഈഗോ പുറത്തു വരുമ്പോൾ, ആ ദുർബ്ബലാവസ്ഥയിൽ നിസ്സഹായമായി നോക്കി നിൽക്കാനെ രോഗികൾക്ക് കഴിയാറുള്ളൂ. ഇതുപോലെ, വിവരത്തിന്റെയും അറിവിന്റെയും പേരിലുള്ള അഹന്ത സാധാരണയായി എല്ലാ മനുഷ്യരിലും അവരുടെ വിതാനത്തിനനുസരിച്ച് നിലകൊള്ളുന്നുണ്ട്. നിങ്ങൾ ആരായിരുന്നാലും ശരി, നിങ്ങൾക്കുള്ളിലെ ഡോക്ടർ ഈഗോ പുറത്തുവരുന്ന നിമിഷങ്ങളെ വളരെ കരുതലോടെ വീക്ഷിക്കുക. പ്രത്യേകിച്ചും നിങ്ങളേക്കാൾ ദുർബ്ബലരും ബലഹീനരും വിദ്യയും സമ്പത്തും കുറഞ്ഞവരുമായ ആളുകളുടെ മുന്നിൽ.
ഏറെ ജാഗ്രത പുലർത്തേണ്ട പ്രീസ്റ്റ് ഈഗോ അഥവാ പുരോഹിത അഹന്ത
'ഒരു വലിയ വിഭാഗം പുരോഹിതന്മാരിൽ എപ്പോഴും പ്രകടമായി, ഭാവത്തിൽ തന്നെ സ്ഥായിയായി നിൽക്കുന്ന അഹന്തയാണിത്. വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും പേരിലുള്ള ഈ അഹന്ത എല്ലാ തലത്തിലുള്ള മനുഷ്യരിലും ചെറിയ രീതിയിലെങ്കിലും ഇല്ലാതിരിക്കില്ല. വിശ്വാസികളും സമർപ്പിതരുമായ ജനത്തിനു മുന്നിൽ പുരോഹിതന്മാർ അധികാരത്തോടെ ഈ അഹന്ത പ്രകടിപ്പിക്കുന്നു എന്ന് മാത്രം. പലപ്പോഴും വേഷഭൂഷാദികളും ഭാവഹാവാദികളും കൃത്രിമമായി സൃഷ്ടിച്ച് ആ അഹന്തയുടെ മൂർത്ത രൂപമായി നിലകൊള്ളൽ പൗരോഹിത്യ പാരമ്പര്യം തന്നെയായി കരുതുന്നവരും ഉണ്ട്. തന്റെ വിശ്വാസവും വിജ്ഞാനവും സവിശേഷമാണെന്ന ചിന്തയിൽ തുടങ്ങുന്നു ആ അഹന്തയുടെ വ്യാപനം. സാധാരണയായി പുരോഹിതന്മാർ പൗരോഹിത്യ പഠനം പൂർത്തിയാക്കി, ആ തൊഴിൽ ചെയ്യുന്നവരല്ലാത്ത എല്ലാ മനുഷ്യരെയും സാധാരണക്കാരായി തന്നെയാണ് അടയാളപ്പെടുത്തുക. അവർ മാത്രമാണ് സവിശേഷതയുള്ള മനുഷ്യർ എന്ന് പുരോഹിതർ കരുതുന്നു. ബഹുമാന്യത സൃഷ്ടിക്കുന്ന ബിരുദ നാമങ്ങളും, മറ്റു സവിശേഷ പേരുകളും ചേർത്തു മാത്രമേ പുരോഹിതന്മാർ സ്വയം പരിചയപ്പെടുത്തുകയുള്ളൂ. ഇത് ഡോക്ടർമാരിലും കാണാവുന്നതാണ്. ഇതിനെല്ലാം പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഈ അഹന്തകളുടെ സൂക്ഷ്മമായ സ്ഥാപനവും, സവിശേഷമായ പ്രകടനവും തന്നെയാണ്.
മാന്യത മാറ്റുരക്കുന്നത് മറ്റൊരു മാർഗവും ഇല്ലാത്തവരോടുള്ള പെരുമാറ്റത്തിൽ ആണ്. തനിക്കൊപ്പം നിൽക്കുന്നവരോടൊ , തന്നെക്കാൾ ഉയർന്നവരോടൊ എല്ലാവരും മനുഷ്യത്വത്തോടും ആദരവോടും കൂടി മാത്രമേ പെരുമാറു..എന്നാൽ പ്രതികരണ ശേഷിയും പ്രത്യുപകാരശേഷിയും ഇല്ലാത്തവരോടുള്ള സമീപനം ആണ് ഒരാളുടെ പെരുമാറ്റ വൈശിഷ്ട്യം അളക്കാനുള്ള ഉരകല്ല്.
നിസ്സഹായതയുടെ പരകോടിയിൽ നിൽക്കുന്നവർക്ക് വേണ്ടത് പണമോ പാരിതോഷികമോ ആവില്ല . ഒരൽപ്പം പരിഗണന മാത്രമാകും.അവരുടെ പ്രതീക്ഷ ; അവഗണനയാണ് അസഹനീയമായ അവഹേളനം .
ഈ അഹന്തയും അതിന്റെ പ്രകടനവും ഏറിയും കുറഞ്ഞും എല്ലാ മനുഷ്യരിലുമുണ്ട്. തന്റെ വിശ്വാസത്തിന്റെ പേരിൽ, മറ്റു വിശ്വാസി സമൂഹത്തെ മുഴുവൻ നിസ്സാരമായി കാണുമ്പോഴും ഇതേ അഹന്ത തന്നെയാണ് മുഴച്ചു നിൽക്കുന്നത്. സ്വയം അസാധാരണത്വം സൃഷ്ടിച്ച് മറ്റുള്ളവരെ മുഴുവൻ സാധാരണത്വം കല്പിച്ചു നിസ്സാരപ്പെടുത്തുന്ന അഹന്ത അപകടകരം തന്നെയാണ്. ശരിയായ സാധാരണത്വത്തിൽ എത്തുമ്പോഴാണ് ഒരാൾ യഥാർത്ഥത്തിൽ അസാധാരണത്വം പുൽകുന്നത്. മാഹാത്മ്യത്തിന്റെ ഏത് പർവ്വതമുകളിൽ നിൽക്കുമ്പോഴും, ജ്ഞാനബോധത്തിന്റെ പ്രകാശം ലഭിച്ചില്ലെങ്കിൽ അഹന്തയുടെ കെട്ടുപാടുകളിൽ നിന്ന് മുക്തി നേടാൻ ഒരിക്കലും കഴിയാതെ വരും. ആയതിനാൽ, നമ്മിലെല്ലാം നിറഞ്ഞിരിക്കുന്ന ഡോക്ടർ ഈഗോയെയും പ്രീസ്റ്റ് ഈഗോയെയും അതീവ ജാഗ്രതയോടെ വീക്ഷിക്കുകയും, സ്വയം വിശുദ്ധീകരിച്ചു കൊണ്ടിരിക്കുകയും ചെയ്യുക. അഹന്തയുടെ ഏറ്റവും ഉപരിതലത്തിലുള്ള പ്രകടമായ ഈ വലിയ വലയങ്ങൾ നിഷ്കാസിതമായാൽ മാത്രമേ അകമേയുള്ള നൂറുകണക്കിന് സൂക്ഷ്മ വലയങ്ങളെ തിരിച്ചറിയാൻ പോലും നമുക്ക് കഴിയുകയുള്ളൂ. '
' ശത്രുനിരയെ തകർത്തെറിയുന്നവനല്ല ശക്തൻ; മറിച്ച്, സ്വന്തം അഹന്തക്കെതിരേ പോരാടി വിജയിച്ചവനാണ് യഥാർത്ഥ ശക്തൻ. '