എട്ടാം ക്ലാസുകാരിയുടെ ദുരൂഹ മരണം: പലതവണ പീഡിപ്പിക്കപ്പെട്ടു, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
എട്ടാം ക്ലാസുകാരിയുടെ ദുരൂഹ മരണം: പലതവണ പീഡിപ്പിക്കപ്പെട്ടു, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
വീട്ടില്‍ ദുരൂഹനിലയില്‍ കുഴഞ്ഞുവീണുമരിച്ച എട്ടാം ക്ലാസുകാരി പലതവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിയിലുണ്ടായ രക്തസ്രാവമാണ് മരണകാരണം.
നഗരത്തിലെ സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് മൂന്നാഴ്ചമുമ്പ് മരിച്ചത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മകളാണ് വിദ്യാര്‍ഥിനി. മാര്‍ച്ച് 30-ന് സ്‌കൂളില്‍നിന്നു പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ പെണ്‍കുട്ടിയെ ശൗചാലയത്തില്‍ കുഴഞ്ഞുവീണനിലയില്‍ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ക്ഷതമേറ്റ് മൂക്കിലൂടെ രക്തം ഒഴുകിയിരുന്നു.
കൂട്ടുകാരോടൊപ്പം പുറത്തുപോകാന്‍ വസ്ത്രംമാറാന്‍ പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് വീണുകിടക്കുന്നതു കണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ ഒന്നിന് മരിച്ചു.
പെണ്‍കുട്ടി മുമ്പ് പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനടക്കം ഇരയായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പീഡനത്തെത്തുടര്‍ന്നുള്ള ആഴത്തിലുള്ള മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു.
മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേടായിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടില്ല. അന്വേഷണസംഘം ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്.
ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ലൈംഗികപീഡന വകുപ്പുകള്‍കൂടി ചേര്‍ത്തു.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനു പിന്നില്‍ ലഹരിസംഘങ്ങളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സഹപാഠികളുടെയും സുഹൃത്തുക്കളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തുകയാണ്.
അവള്‍ മിടുക്കി, പ്രിയവിദ്യാര്‍ഥിനി -ക്ലാസ് ടീച്ചര്‍
'വര്‍ഷാന്ത്യ പരീക്ഷയിലും എല്ലാ വിഷയത്തിനും മുഴുവന്‍ മാര്‍ക്ക് നേടിയ മിടുക്കിയായ വിദ്യാര്‍ഥിനിയായിരുന്നു അവള്‍. മരിച്ചശേഷമാണ് എട്ടാം ക്ലാസിലെ പരീക്ഷാഫലം പുറത്തുവന്നത്. പഠനപ്രവര്‍ത്തനങ്ങളെല്ലാം കൃത്യമായും വൃത്തിയായും പൂര്‍ത്തിയാക്കി സമര്‍പ്പിക്കും. ഓരോ സഹപാഠിയെയും നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറുന്ന കഴിവുറ്റ ക്ലാസ് ലീഡര്‍.'- പറഞ്ഞാല്‍ തീരാത്ത വിശേഷണങ്ങളാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിയെക്കുറിച്ച് ക്ലാസ് ടീച്ചര്‍ക്കുള്‍പ്പെടെ പറയാനുള്ളത്.
കുട്ടിയെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളാനാകാതെ നടുക്കത്തിലാണ് അധ്യാപകര്‍. പീഡനത്തിനിരയായിരുന്നു എന്നത് വിശ്വസിക്കാനാകുന്നില്ല അവര്‍ക്ക്. പ്രശ്‌നങ്ങളൊന്നും ആരോടും പങ്കുവയ്ക്കാതെ ഉള്ളിലൊതുക്കിയ പ്രിയവിദ്യാര്‍ഥിനി അധ്യാപകര്‍ക്ക് ഇപ്പോള്‍ വേദനയാണ്. എന്തും തുറന്നുസംസാരിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കു നല്‍കിയിരുന്നുവെന്ന് ക്ലാസ് ടീച്ചര്‍ പറയുന്നു. വീട്ടിലെ കാര്യങ്ങളും വ്യക്തിപരമായ ബുദ്ധിമുട്ടുകളുമൊന്നും ആരുമായും പങ്കുവെച്ചില്ല.
ക്ലാസില്‍ വരാന്‍ ഉത്സാഹമായിരുന്നു. അധികം അവധിയെടുക്കാറുമില്ല. കഴിഞ്ഞ വര്‍ഷംവരെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റായിരുന്നു. ഇംഗ്ലീഷ് ക്ലബ്ബിലും അംഗമായിരുന്നു. അനാവശ്യ കൂട്ടുകെട്ടുകളില്‍പ്പെടാതെ ശ്രദ്ധിച്ചിരുന്നു. മറ്റു കുട്ടികളുമായി ചേര്‍ന്ന് അധികം ബഹളംവെക്കാറുമില്ല. എല്ലാവരോടും സ്‌നേഹപൂര്‍വം പെരുമാറും. സന്തോഷവതിയായ വിദ്യാര്‍ഥിനിയായിരുന്നുവെന്നും അധ്യാപകര്‍ പറഞ്ഞു.