അമ്പരപ്പിച്ച സ്വകാര്യം!
•
വമ്പിച്ച പണം സമ്മാനമായി ലഭിക്കുന്നൊരു മത്സരം നടക്കുകയാണ്. നൂറുകണക്കിനാളുകൾ പങ്കെടുത്തെങ്കിലും ഫൈനൽ റൗണ്ടിൽ രണ്ടാളുകൾക്കേ എത്താനായുള്ളു. ഒരാൾ യുവാവ്. മറ്റേയാൾ വൃദ്ധനും. ഒറ്റദിവസം കൊണ്ട് എത്ര മരങ്ങൾ മുറിക്കാനാവും എന്നതാണ് ഫൈനൽ റൗണ്ടിലെ മത്സരം. രണ്ടാളേയും കാട്ടിലേക്കുവിട്ടു. തനിക്കേ ജയിക്കാനാവൂ എന്ന് യുവാവിനുറപ്പുണ്ട്. നാട്ടുകാർക്കും അതിൽ സംശയമില്ല. വൃദ്ധനേക്കാൾ ശക്തനാണയാൾ. എത്ര മരവും മുറിച്ചിടാനുള്ള ശക്തിയുണ്ട്. മത്സരം തുടങ്ങാനുള്ള ബെല്ലടിച്ചു. ആ ചെറുപ്പക്കാരൻ ആവേശഭരിതനായി. ഒന്നൊന്നായി മരങ്ങളെ വീഴ്ത്തിക്കൊണ്ടിരുന്നു. ദൂരേനിന്ന് എന്തോ ശബ്ദം കേൾക്കുന്നു. ചെവിയോർത്തപ്പോൾ അവനു മനസ്സിലായി, വൃദ്ധൻ മരം വെട്ടുന്ന ശബ്ദമാണ്. അവന്റെ ആവേശം പിന്നെയും പിന്നെയും വർധിച്ചു. അതാ, വൃദ്ധൻ മരംവെട്ടുന്ന ശബ്ദം ഇടയ്ക്ക് ഇല്ലാതാകുന്നു. അയാൾ വിശ്രമിക്കുകയാവും. വിശ്രമിക്കട്ടെ, ആ നേരംകൊണ്ട് എനിക്ക് മുന്നേറാം. മരങ്ങൾ ഓരോന്നായ് വീണുകൊണ്ടിരുന്നു. വൃദ്ധൻ ഇടയ്ക്കിടേ വിശ്രമിക്കുന്നത് അവനറിഞ്ഞു. ഇങ്ങനെപോയാൽ വൃദ്ധൻ രണ്ടാം സ്ഥാനം ഉറപ്പിക്കേണ്ടിവരും. അവനുള്ളിൽ ചിരിച്ചു.
മത്സരം അവസാനിച്ചു. ഫലപ്രഖ്യാപനം നടക്കുന്ന വേദിയിലേക്ക് രണ്ടാളുമെത്തി. വൃദ്ധന്റെ തൊട്ടരികിൽ നിറഞ്ഞ ആത്മവിശ്വാസത്തോടെ അവനിരുന്നു. വമ്പിച്ച സമ്മാനം ഏറ്റുവാങ്ങാനുള്ള എല്ലാ ഒരുക്കത്തോടെയുമാണ് അവന്റെ ഇരുത്തം. പക്ഷേ, ചെറിയൊരു പ്രശ്നമുണ്ടായി. വെട്ടിവീഴ്ത്തിയ മരങ്ങളുടെ എണ്ണം പ്രഖ്യാപിച്ചപ്പോൾ വൃദ്ധനാണ് മുന്നിൽ. അവനെത്രയോ പിന്നിലാണ്. അങ്ങനെവരാൻ വഴിയില്ലല്ലോ! ഇതിലെന്തോ ചതിയുണ്ട്. ഇടയ്ക്കിടേ വിശ്രമിക്കാൻ സമയം കളഞ്ഞിട്ടും വൃദ്ധന് ഒന്നാസ്ഥാനമോ! അവൻ പരിഭവത്തോടെ വൃദ്ധനോടുതന്നെ അക്കാര്യം ചോദിച്ചു. ‘നിങ്ങൾ ഇടയ്ക്കിടേ വിശ്രമിക്കായിരുന്നില്ലേ. പിന്നെങ്ങനെ ഇത്രേം മരങ്ങൾ വീഴ്ത്തി!’
‘അല്ല. ഞാൻ വിശ്രമിക്കായിരുന്നില്ല, മഴുവിന് മൂർച്ച കൂട്ടുകയായിരൂന്നു!’
ഒട്ടും ആവേശമില്ലാതെ അവന്റെ ചെവിയിലീ സ്വകാര്യംപറഞ്ഞ്, സമ്മാനത്തുക വാങ്ങാൻ സ്റ്റേജിലേക്ക് നടക്കുമ്പോൾ അയാൾക്കുവേണ്ടി ആയിരങ്ങളുടെ ആർപ്പുവിളി ഉയർന്നു.
തിരക്കുപിടിച്ച കാഴ്ചകളിൽനിന്നും ബഹളങ്ങളിൽനിന്നും പതുക്കെ പിൻവാങ്ങി, പടച്ചോനിലേക്ക് ഹൃദയം ബന്ധിപ്പിക്കാനുള്ള ഇടവേളകൾ വേണം നമുക്ക്. ഹൃദയത്തിന് വെള്ളമൊഴിച്ചുകൊടുക്കുന്ന അനുഭവമാണത്. പരാതിയും പരിഭവങ്ങളുമൊക്കെ അവനോടു പറയാം. മടുപ്പില്ലാത്ത കേൾവിക്കാരനാണല്ലോ. പക്ഷേ, പ്രാർത്ഥനാനേരം മൂർച്ചകൂട്ടാന്നുള്ള നേരമാണ്.
•
റമദാൻ മഴ | പി എം എ ഗഫൂർ