ഏതുകാലത്തിനു വേണ്ടീട്ടാ കാത്തിരിക്കുന്നത്?
•
ജീവിതത്തേക്കുറിച്ച് വലിയ നിരാശ ബാധിച്ചൊരാളുടെ കഥയുണ്ട്. എവിടേയും എത്താനാവാത്തതിന്റെ സങ്കടവും ശൂന്യതയും ആ മനസ്സിൽ കുന്നുകൂടി. വിശന്നുവലഞ്ഞൊരു ദിവസം എന്തെങ്കിലും മോഷ്ടിച്ചിട്ടെങ്കിലും പട്ടിണിമാറ്റാൻ കാടിനരികിലെ ആപ്പിൾത്തോട്ടത്തിലെത്തി. മോഷ്ടാവിനെ കണ്ടയുടൻ തോട്ടക്കാരൻ ഓടിവന്നു, അയാൾ പിടികൊടുക്കാതെ കാട്ടിലേക്കു പാഞ്ഞുകേറി. വിശന്നൊട്ടി കാട്ടിലൂടെ നടക്കുമ്പോളാണ് ഒരു കാഴ്ചകണ്ടത്. തൊട്ടരികിലെ മരത്തിനുതാഴെ ഒരു ചെന്നായ കിടക്കുന്നു. തന്നെ തുറിച്ചുനോക്കുന്ന ചെന്നായയെക്കണ്ട് അയാൾ പേടിച്ചോടി മരത്തിൽക്കേറി. പക്ഷേ, ചെന്നായ അയാളുടെ പിറകേ ഓടിയില്ല. കാരണം അതിന്റെ കാലുകൾ മുറിഞ്ഞുപോയതാണ്. മരത്തിനുമുകളിലിരുന്ന് അയാളും ആ കാഴ്ചകണ്ടു. മുറിഞ്ഞ കാലുകൾ കൊണ്ട് ചെന്നായ എങ്ങനെ ജീവിക്കും. ഭക്ഷണം തേടിക്കണ്ടെത്താൻ കഴിയാതെ എങ്ങനെ ഇത്രയും ദിവസം അതിജീവിച്ചു. സംശയത്തോടെ ആലോചിച്ചുനിൽക്കുമ്പോഴാണ് ദൂരേനിന്നൊരു സിംഹം നടന്നുവരുന്ന കാഴ്ചകണ്ടത്. ഒരു മാംസക്കഷ്ണം കടിച്ചുപിടിച്ചാണു വരവ്. നേരെവന്ന് ആ ഭക്ഷണം ചെന്നായക്ക് നൽകുന്നു. ആശ്ചര്യമുള്ള ആ കാഴ്ചകണ്ടപ്പോൾ അയാൾ പടച്ചോനെ ഓർത്തു. ‘എന്തുമാത്രം അത്ഭുതത്തോടെയാണ് ഓരോ ജീവിയേയും കാത്തുരക്ഷിക്കുന്നത്!’ കൂടെ ഇത്രകൂടി ഓർത്തു: ‘എന്നിട്ടും എന്തേ എന്നെ മാത്രം ഒന്നു രക്ഷപ്പെടുത്താത്തത്. എനിക്കെന്നും ദു:ഖവും നിരാശയും മാത്രമേയുള്ളൂ. കാലൊടിഞ്ഞ ചെന്നായക്കുപോലും രക്ഷകനായി ആരെങ്കിലുമുണ്ട്. എന്നെ രക്ഷിക്കാൻ എന്താ ഒരാളേയും പറഞ്ഞയക്കാത്തത്!’
കാടിറങ്ങി വരുമ്പോൾ വഴിയിൽവെച്ചുകണ്ട വൃദ്ധനോട് ചെന്നായയുടെ കാര്യം പറഞ്ഞു. ഭക്ഷണമെത്തിച്ച സിംഹത്തേക്കുറിച്ചും പറഞ്ഞു. ‘എന്തായിരിക്കും എനിക്കു മാത്രം അങ്ങനെയൊരു സഹായം കിട്ടാത്തത്? പടച്ചോന്റെ കാരുണ്യത്തിൽ എന്റെ പേരില്ലാത്തത് എന്തുകൊണ്ടാ?’ ചോദ്യം കേട്ടപ്പോൾ അയാളൊന്നു പുഞ്ചിരിച്ചു. ‘പടച്ചോന്റെ കാരുണ്യത്തിൽ എല്ലാരുടേയും പേരുണ്ട്. നിന്റേതുമുണ്ട്.’ ‘എന്നിട്ടെന്താ ഇത്രയും കാലം ഒരാളും സഹായവുമായി എന്റടുത്തേക്ക് എത്താത്തത്?’
അയാൾ അവന്റെ ചുമലിൽത്തട്ടി ഒറ്റവാക്കുപറഞ്ഞ് നടന്നുപോയി. ആ വാക്ക് ഇതായിരുന്നു: ‘നീ ആരെയാണ് കാത്തിരിക്കുന്നത്? ഏതു കാലത്തിനു വേണ്ടീട്ടാ കാത്തിരിക്കുന്നത്? സഹായം കാത്തിരിക്കുന്ന ചെന്നായയെപ്പോലെ ആവുന്നതെന്തിനാടാ. നീയാ സിംഹത്തെ കണ്ടില്ലേ. അതെന്താ ചെയ്തതെന്ന് കണ്ടില്ലേ. ഒരു ദിവസമെങ്കിലും ആ സിംഹത്തെപ്പോലെ ജീവിച്ചുനോക്ക്.'
സാമൂതിരിയുടേയും മങ്ങാട്ടച്ചന്റേയും ഒരു സംഭാഷണമുണ്ട്. ‘പോർച്ചുഗീസുകാർക്ക് നമ്മുടെ കുരുമുളകാണു വേണ്ടതെങ്കിൽ എന്തിനാ ഇത്രയൊക്കെ അക്രമം കാണിക്കുന്നത്. വിത്ത് കൊണ്ടുപോയി അവരുടെ നാട്ടിൽ കൃഷിചെയ്താൽ പോരേ?’ മങ്ങാട്ടച്ചന്റെ സംശയത്തിന് സാമൂതിരി കൊടുത്തൊരു മറുപടിയുണ്ട്; ‘അത് ശരിയാ. പക്ഷേ, കുരുമുളകേ കൊണ്ടുപോവാൻ കഴിയൂ. മങ്ങാട്ടച്ചാ, നമ്മുടെ ഇടവപ്പാതി കൊണ്ടുപോവാൻ കഴിയൂല.’
ഭൂമിയിലൊരാൾക്കും കട്ടെടുക്കാനോ തകർക്കാനോ കഴിയാത്ത ഒരു ഇടവപ്പാതിയുണ്ട് ഓരോ മനുഷ്യനും. പടച്ചോൻ നിക്ഷേപിച്ചുവെച്ച എന്തോ ഒരു പ്രത്യേകതയോ പ്രതിഭയോ ഇല്ലാതെ ഒരാളും ഇങ്ങോട്ടുവന്നിട്ടില്ല. നമ്മുടേതുമാത്രമായ ആ നിധിയെ തിരിച്ചറിയാൻ പക്ഷേ വളരെക്കുറച്ചു മനുഷ്യർക്കേ സാധിച്ചുള്ളു. ബാക്കിയുള്ളോരെല്ലാം കാത്തിരുന്ന് കാലംതീർത്തു.
സ്വന്തം നിധിയെ കണ്ടെടുത്ത് ആയുസ്സിന് അർത്ഥംകൊടുക്കാൻ എല്ലാർക്കും എളുപ്പമാവില്ല. പ്രതിസന്ധികൾ എമ്പാടും മുന്നിൽച്ചാടും. വീൽച്ചെയറിലിരുന്ന് ചിരിക്കുന്ന മനുഷ്യരെ കണ്ടിട്ടില്ലേ. പ്രതിസന്ധികൾ വന്നാലെന്തുചെയ്യണമെന്ന് അവർ പഠിപ്പിച്ചുതരും. അതെന്താ, പ്രതിസന്ധികൾക്ക് രണ്ട് ചക്രവും ഒരു സീറ്റും വെച്ചുകൊടുത്ത് അതിന്റെ മുകളിൽക്കേറിയിരുന്ന് ജീവിതമാഘോഷിക്കണം. ആയുസ്സിനർത്ഥം കൊടുക്കണം.
ഈ ജീവിതമില്ലേ, ഇതൊരു വലിയ അത്ഭുതമല്ല. ചെറിയ ചെറിയ കുറേ അത്ഭുതങ്ങളാണ്.
•
റമദാൻ മഴ | പി എം എ ഗഫൂർ