ഇൻസ്റ്റഗ്രാം കാമുകന്മാരെ തേടിയിറങ്ങി; പതിനാറുകാരികളായ പെൺകുട്ടികളെ കണ്ടെത്തിയത് കോഴിക്കോട് നിന്ന്
ചന്തേര: കാണാതായ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി കേരള പോലീസ്. ചന്തേര സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ പെൺകുട്ടികളെയാണ് കോഴിക്കോട് വച്ച് കണ്ടെത്തിയത്. ചെറുവത്തൂർ സ്വദേശിനിയായ 16കാരിയെയും ബന്ധുവായ കുമ്പള സ്വദേശിനിയായ 16കാരിയേയുമാണ് ചന്തേര എസ്ഐ എംവി ശ്രീദാസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കോഴിക്കോട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് കോളജ് വിദ്യാർത്ഥിനികളായ ഇരുവരെയും കാണാതായത്. ഇൻസ്റ്റാഗ്രാം വഴിപരിചയപ്പെട്ട രണ്ട് യുവാക്കളെ തേടി തീവണ്ടി മാർഗം കോഴിക്കോട് മടവൂരിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വച്ചാണ് പോലിസ് പിടികൂടിയത്. ഇരുവരെയും കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതി പോലിസ് സ്റ്റേഷനിൽ ലഭിച്ച ഉടൻ സൈബർ സെല്ലിനെയും റെയിൽവെ പോലിസിനെയും ഏകോപിപ്പിച്ച് അതിവേഗം നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളെ തിരികെ എത്തിക്കാനായത്.
പോലീസ് സംഘത്തിൽ എഎസ്ഐ പികെ സുധീർ, സീനിയർ സിവിൽ പോലിസ് ഓഫീസർ കെ.രഞ്ജിത് കുമാർ, കാസർകോട് റെയിൽവെ എസ്ഐ റെജി കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്. വിദ്യാർഥിനികളെ ഹൊസ്ദുർഗ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.