തീച്ചൂളയിലേക്ക് വീണ അതിഥി തൊഴിലാളിയെ രക്ഷിക്കാനായില്ല; മൃതദേഹാവശിഷ്ടം കണ്ടെത്തി
കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച കുഴിയിലേക്ക് വീണ അതിഥിത്തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാൾ സ്വദേശി നസീർ ഷെയ്ഖാണ് മരിച്ചത്. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയാണ് നസീർ. മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത് കെടുത്താൻ ശ്രമിക്കവെ 15 അടി താഴ്ചയിലേക്ക് നസീർ വീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആറ് ഫയര്‍ എഞ്ചിനുകളാണ് രക്ഷാപ്രവർത്തനത്തിനായി സംഭവസ്ഥലത്തെത്തിയത്. 10 മണിക്കൂർ രക്ഷാ പ്രവർത്തനത്തിനായി പരിശ്രമം നടത്തിയിട്ടും നസീറിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഈ കുഴിയിലിട്ട് കത്തിച്ചു കളയുന്നതാണ് പതിവ്. ഈ കുഴിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നനക്കാന്‍ എത്തിയപ്പോഴാണ് നസീര്‍ വീണത്.നിയമ വിരുദ്ധമായി മാലിന്യം സൂക്ഷിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പഞ്ചായത്ത് ആരോപിച്ചു. മാലിന്യം നീക്കാതെ ഇനി പ്രവർത്തിക്കാൻ അനുവദിക്കില്ല. മാലിന്യം നീക്കാൻ രണ്ട് മാസം മുൻപ് നോട്ടീസ് നൽകിയിരുന്നുവെന്നും അശമന്നൂർ പഞ്ചായത്ത് വ്യക്തമാക്കി.