നിസാര ചെലവിൽ പല്ലിന്റെ ചികിത്സ, പലരും ശ്രദ്ധിക്കാതെ പോകുന്ന സേവനങ്ങൾ: ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പല്ലിന്റെ സ്പെഷാലിറ്റി ചികിത്സകൾ വ്യാപകമായുള്ളത് സ്വകാര്യമേഖലയിലാണ്. അതുകൊണ്ടു തന്നെ ആളുകൾ കൂടുതലായും സ്വകാര്യ ക്ലിനിക്കുകളെയും ആശുപത്രികളെയുമാണ് പ്രധാനമായും ഈ വിഭാഗങ്ങളിലെ ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ പല്ലിന്റെ ചികിത്സയിൽ ചെലവു ചുരുക്കാനുള്ള വഴികൾ പ്രത്യേകമായി അറിയേണ്ടതുണ്ട്.
വെളുത്തപാടുകളും പല്ലു പുളിപ്പും ഉടൻ ചികിത്സിക്കുക
നമ്മളിൽ പലരും ഏറ്റവും പണം ചെലവാക്കുന്നത് ദന്തക്ഷയത്തിന്റെ ചികിത്സയ്ക്കാണ്. എന്നാൽ അൽപമൊന്നു ശ്രദ്ധിച്ചാൽ ദന്തക്ഷയത്തിന്റെ സൂചനകളെ തുടക്കത്തിലേ തിരിച്ചറിഞ്ഞു കുറഞ്ഞ ചെലവിൽ പരിഹരിക്കാം. പല്ലിലെ വെളുത്തപാടുകൾ ഇനാമലിലെ ധാതുക്ഷയത്തിന്റെ സൂചനയാണ്. ഇരുണ്ടപാടുകൾ ദന്തക്ഷയത്തിന്റെയും. ഈ സൂചനകൾ കാണുമ്പോഴേ ദന്തരോഗവിദഗ്ധനെ കാണാൻ ശ്രദ്ധിക്കുക. ദന്തക്ഷയം പല്ലിലെ ഏറ്റവും പുറമേയുള്ള പാളിയായ ഇനാമലിന്റെയോ അതിന്റെ താഴെയുള്ള ഡെന്റൈനിനെയോ മാത്രമേ ബാധിച്ചിട്ടുള്ളുവെങ്കിൽ പോടുള്ള ഭാഗം അടച്ചാൽ മതിയാകും. എന്നാൽ വേദന ആയിക്കഴിഞ്ഞാൽ അതു പല്ലിലെ പൾപ്പിന് അണുബാധ വന്നതിന്റെ സൂചനയാണ്. ഈ ഘട്ടത്തിൽ താരതമ്യേന ചെലവേറിയ റൂട്ട് കനാൽ ചികിത്സ തന്നെ വേണ്ടിവരും
സ്വയംചികിത്സ നല്ലതല്ല
ഏതു രോഗത്തിന്റെയും കാര്യത്തിലെന്നപോലെ പല്ലിന്റെ കാര്യത്തിലും സ്വയം ചികിത്സ ഒഴിവാക്കണം. ഉദാഹരണമായി പല്ലുപുളിപ്പ് എടുക്കാം. പല്ലുപുളിപ്പിന്റെ കാരണം പലതാണ്. എല്ലാ പല്ലുപുളിപ്പിനും ഒരു പ്രത്യേകതരം പേസ്റ്റ് മ തി എന്നു വിചാരിക്കരുത്. ദന്തരോഗവിദഗ്ധനെ കണ്ടു ചികിത്സിക്കുക. അതുപോലെ പല്ലു വെളുക്കുന്നതിനുള്ള അ ശാസ്ത്രീയ ചികിത്സകൾ ചെയ്യുന്നതു വഴി ഇനാമലിനു ബലക്ഷയം വരാനിടയുണ്ട്.
വർഷത്തിലൊരിക്കൽ ക്ലീനിങ്
വർഷത്തിലൊരിക്കൽ പല്ലു ക്ലീൻ ചെയ്യുന്നതു നല്ലതാണ്. വായുടെ ഉൾഭാഗം മുഴുവനായി നമുക്കു വ്യക്തമായി കാണാനാകില്ല. ദന്തരോഗവിദഗ്ധരുടെ അടുത്തുള്ള ഇൻട്രാ ഒറൽ ക്യാമറ കൊണ്ട് വായുടെ മുക്കും മൂലയുമെല്ലാം വളരെ വിശദമായും വലുപ്പത്തിലും കാണാം. സാധാരണ രീതിയിൽ ദന്തരോഗവിദഗ്ധൻ പോലും വിട്ടുപോകാവുന്ന ദന്തപ്രശ്നങ്ങളെ തിരിച്ചറിയാൻ ഈ ക്ലീനിങ് കൊണ്ടു സാധിക്കും. ഒപ്പം പ്ലാക്കും മറ്റും നീക്കി പല്ലു വൃത്തിയാക്കുന്നതുവഴി ദന്തക്ഷയം, വായനാറ്റം, മോണരോഗങ്ങൾ പോലുള്ളവ തടയാനുമാകും.
പ്രതിരോധത്തിന് ഫ്ലോസിങ്
പ്രായം കൂടുന്നതനുസരിച്ച് പല്ലിന്റെ ഇടയിൽ വിടവു കൂടി വരും. ഇതു പ്ലാക്ക് അടിഞ്ഞ് മോണരോഗങ്ങൾക്കും ദന്തക്ഷയത്തിനും ഇടയാക്കാം. അതിനാൽ ഒരു പ്രതിരോധനടപടി എന്ന നിലയിൽ ഫ്ലോസിങ് ചെയ്യാവുന്നതാണ്. പക്ഷേ, ഫ്ലോസിങ് എങ്ങനെയാണു ചെയ്യുന്നതെന്ന് ദന്തരോഗവിദഗ്ധന്റെ അടുത്തുനിന്നു പരിശീലിക്കേണ്ടതാണ്. അല്ലെങ്കിൽ മോണയിൽ മുറിവ് ഉണ്ടാകാനും മറ്റുമിടയാക്കാം.
ഇൻഷുറൻസ് എടുക്കാം
സാധാരണ പല്ല് അടയ്ക്കലിനു പോലും ചെലവേറുന്ന അവസ്ഥയാണ്. അതുകൊണ്ട് ദന്തചികിത്സയ്ക്ക് ഇൻഷുറൻസ് എടുക്കുന്നത് നന്നായിരിക്കും. സർക്കാരിന്റെ മെഡിസെപ് ഇൻഷുറൻസി ൽ, കിടത്തി ചികിത്സ വേണ്ടിവരുന്ന 140 ൽ അധികം ദന്തസർജറികൾക്ക് കവറേജ് ഉണ്ട്. ചില സ്വകാര്യ ഇൻഷുറൻസ് കമ്പനികളും പൊതുവായ പ്ലാനിന്റെ ഒപ്പം ദന്തരോഗങ്ങളുടെ ചികിത്സയ്ക്കു കൂടി ഇൻഷുറൻസ് നൽകുന്നുണ്ട്. അ പകടങ്ങളെ തുടർന്നും രോഗങ്ങളെ തുടർന്നുമുള്ള കിടത്തി ചികിത്സകൾക്കു മാത്രം കവറേജ് നൽകുന്ന പ്ലാനുകളും അതല്ലാതെ പോട് അടയ്ക്കൽ, റൂട്ട് കനാൽ, പല്ല് എടുക്കൽ എന്നിങ്ങനെ ഒ പി ചെലവുകൾക്കും ഇൻഷുറൻസ് നൽകുന്ന പ്ലാനുകളുമുണ്ട്.
സർക്കാർ പദ്ധതികൾ
പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലെല്ലാം തന്നെ ദന്തചികിത്സാ കേന്ദ്രങ്ങളുണ്ട്. പല്ല് എടുക്കുക, അടയ്ക്കുക, റൂട്ട് കനാൽ ചികിത്സ എന്നിവയൊക്കെ ഇവിടെ ലഭ്യമാണ്. അഞ്ച് ഗവ. ഡെന്റൽ കോളജുകളിലും കുറഞ്ഞ ചെലവിൽ റൂട്ട് കനാൽ, ദന്തക്രമീകരണ ചികിത്സ, ദന്തസർജറി എന്നിവയൊക്കെ ചെയ്യാനുള്ള സംവിധാനമുണ്ട്. ഇതൊക്കെ പ്രയോജനപ്പെടുത്താം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ പ ല്ലു വയ്ക്കാൻ ‘മന്ദഹാസം’ എന്ന പദ്ധതി വഴി സർക്കാർ ധനസഹായം ലഭ്യമാണ്.