ഊതി വീർപ്പിച്ച ബലൂൺ പോലെയാണ് ചില നേരങ്ങളിൽ നമ്മുടെ മനസ്സ് .ചുറ്റുമുള്ള പ്രശ്നങ്ങളെയൊക്കെ വെറുതെ ഉള്ളിലേക്ക്
ആവാഹിക്കുന്നത് നമ്മൾ പോലുമറിയില്ല .
വീർപ്പുമുട്ടൽ മുഴുവൻ നമ്മൾ സ്വയം അനുഭവിക്കണം.
ഒരു പ്രശ്നമൊരു പ്രശ്നമായി അനുഭവപ്പെടുന്നത് നമ്മളതിനെ
"ഒരു പ്രശ്നമായി ''
കണക്കിലെടുക്കുമ്പോഴാണ്.മറ്റുള്ളവരുടെ മുന്നിൽ എത്ര നിസ്സാരമെന്ന് തോന്നിയാലും നമ്മുടെ പ്രശ്നം നമുക്ക് വലുതായിരിക്കും.
ഒരു പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന അറിവില്ലാത്തതാണ്
ഏറ്റവും വലിയ പ്രശ്നം...
നമ്മുടെ പ്രശ്നങ്ങൾ പങ്കുവക്കാൻ ആളുകൾ കൂടുംതോറും സ്വയം നേരിടാനുള്ള നമ്മുടെ കരുത്ത് ക്ഷയിച്ചു കൊണ്ടേയിരിക്കും
പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ പോകുന്നത് പ്രശ്നങ്ങളുടെ സങ്കീർണത കൊണ്ടല്ല , അവ കൈകാര്യം ചെയ്യുന്നവരുടെ അയോഗ്യത കൊണ്ടാണ്.
എന്താണ് പ്രശ്നമെന്നും അതിന്റെ അടിസ്ഥാന കാരണമെന്തെന്നും തിരിച്ചറിയുമ്പോഴേ, പ്രശ്ന പരിഹാരത്തിന്റെ വാതിലുകൾ തുറക്കൂ...ചില പ്രശ്നങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും . വലിയ പാഠങ്ങൾ പഠിപ്പിക്കും . പലരും വീഴ്ചയിൽ നിന്നാണ് ജീവിതത്തിൽ വിജയിച്ചിരിക്കുന്നത് .
ജീവിതത്തിൽ പ്രശ്നങ്ങൾ എല്ലായ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. അവയെക്കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരുന്നാൽ കൂടുതൽ കൂടുതൽ കുഴപ്പങ്ങളിലേക്ക് നമ്മൾ എത്തിച്ചേരും. പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യണം എന്ന് പഠിച്ചു കഴിഞ്ഞാൽ അവയൊന്നും വലിയ പ്രശ്നങ്ങളേ അല്ലാതായി തീരും .
മറ്റുള്ളവർക്കൊരു പ്രശ്നം വരുമ്പോൾ നമുക്ക് അവരെ സഹായിക്കാനായില്ലെങ്കിലും അതിനെ അവഗണിച്ച് അവരെ വേദനിപ്പിക്കരുത്. നമുക്ക് താങ്ങാവാൻ കഴിഞ്ഞില്ലെങ്കിലും വാക്കുകൾ കൊണ്ടൊ പ്രവൃത്തിയിലൂടെയൊ ആരേയും തളർത്തരുത്.
എത്തിച്ചേരാൻ കഴിയാതെ തോറ്റു പോകുമെന്ന് ലോകം മുഴുവൻ വിളിച്ചു പറഞ്ഞാലും,എത്തുമെന്നുറപ്പിച്ച് ചില ദൂരങ്ങളിലേക്ക് തളരാതെ തുഴഞ്ഞുപോയി,ലക്ഷ്യത്തിലെത്തി തിരിഞ്ഞുനിന്ന് ലോകത്തെ നോക്കി,പുഞ്ചിരിച്ചവരുടെ വാശിയുടെ പേരാണ് ആത്മവിശ്വാസം.