മതപഠന കേന്ദ്രത്തിലെത്തും മുമ്പ് പെൺകുട്ടിയെ ലൈം ഗിക പീഡനത്തിന് ഇരയാക്കി; ഹാഷിം ഖാനെ അറസ്റ്റ് ചെയ്ത് പൊലീസ്; ബാലരാമപുരത്തെ പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവ്
മതപഠന കേന്ദ്രത്തിലെത്തും മുമ്പ് പെൺകുട്ടിയെ ലൈം ഗിക പീഡനത്തിന് ഇരയാക്കി; ഹാഷിം ഖാനെ അറസ്റ്റ് ചെയ്ത് പൊലീസ്; ബാലരാമപുരത്തെ പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവ്
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. പൂന്തുറ സ്വദേശിയായ ഹാഷിം ഖാനാണ് അറസ്റ്റിലായത്. മരിക്കുന്നതിന് ആറുമാസം മുമ്പെങ്കിലും പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന് പിന്നാലെ ഇരുപതുകാരനായ ഇയാൾക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പോക്സോക്ക് പിന്നാലെ ആത്മഹത്യപ്രേരണ കുറ്റത്തിനെടുത്ത കേസിലും വൈകാതെ വഴിത്തിരിവുണ്ടാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന.
പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മതപഠനശാലയിൽ എത്തുന്നതിന് മുമ്പ് പെൺകുട്ടി പീഡനത്തിനിരയായെന്നാണ് പൊലീസ് നിഗമനം. പോക്‌സോ കേസ് പൂന്തുറ പൊലീസും മതപഠന കേന്ദ്രത്തിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസുകൾ നെയ്യാറ്റിൻകര എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷിക്കുന്നത് തുടരുകയും ചെയ്യും. പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് ശേഷം മതപഠനശാലയ്ക്ക് നേരെ നിരവധി ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസിൽ ഇത്തരമൊരു വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.
പെൺകുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് ഉൾപ്പെടെയുള്ള ചില വിവരങ്ങളാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് പീഡനവിവരം ഉൾപ്പെടെ കണ്ടെത്തുന്നത്. എന്നാൽ പെൺകുട്ടിയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. സംഭവത്തിൽ അന്വേഷണത്തിനായി നെയ്യാറ്റിൻകര എഎസ്പിയുടെ മേൽനോട്ടത്തിൽ 13 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.