ബനാന ചിപ്‌സ് കഴിക്കുന്നത് ഗുണമോ ദോഷമോ?: അറിയാം ഇക്കാര്യങ്ങൾ
പൊതുവെ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം. സ്‌നാക്ക്‌സ് ആയി ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ഉദരരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിതശൈലീ രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഡോക്ടര്‍മാരും മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ‘ബനാന ചിപ്‌സ്’ പോലെ നമ്മുടെ ഭക്ഷണ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായൊരു ‘സ്‌നാക്ക്’ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമോ?. ന്യൂട്രീഷ്യനിസ്റ്റ് ഗായത്രി അഗര്‍വാള്‍ പറയുന്നു.
‘ബനാന ചിപിസ് യഥാര്‍ത്ഥത്തില്‍ ശരീരത്തിന് ഗുണം ചെയ്യുന്നൊരു സ്‌നാക്ക് ആണ്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണ്. അതുപോലെ തന്നെ വെളിച്ചെണ്ണയുടെ മിതമായ ഉപയോഗവും ശരീരത്തിന് നല്ലതാണ്. എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന പാക്കറ്റ് ചിപ്‌സില്‍ എന്തെല്ലാം ചേര്‍ക്കുന്നുവെന്ന് നമുക്ക് പറയാനാകില്ല. അനാരോഗ്യകരമായ കൃത്രിമമധുരം, പ്രിസര്‍വേറ്റീവ്‌സ്, ക്രിസ്പിനെസിന് വേണ്ടി ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് ദോഷകരമാണ്.
മാത്രമല്ല, ഡീപ് ഫ്രൈ ചെയ്‌തെടുക്കുന്ന ചിപ്‌സില്‍ നേന്ത്രപ്പഴത്തിന്റെ ഗുണമോ വെളിച്ചെണ്ണയുടെ ഗുണമോ നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കഴിയുന്നതും ബനാന ചിപ്‌സ് വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ ശ്രമിക്കാം. അതുപോലെ വറുത്തെടുക്കുന്നതിന് പകരം ബേക്ക് ചെയ്‌തെടുക്കുന്നതും നല്ലതാണ്. അങ്ങനെയെങ്കില്‍ ഡയറ്റ് സൂക്ഷിക്കുന്നവര്‍ക്ക് പോലും ധൈര്യമായി ഇത് കഴിക്കാനാകും. എന്നിരുന്നാലും നേന്ത്രപ്പഴം അങ്ങനെ തന്നെ കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം എന്നും ഗായത്രി വ്യക്തമാക്കി.