ദുരന്തങ്ങൾ
ദുരന്തങ്ങൾ മനുഷ്യനിലേക്ക് രണ്ട് തരത്തിൽ ആണ് എത്തുക. ഒന്ന് ശാരീരികമായും മറ്റൊന്ന് മാനസികമായും അതിൽ ഏറെയും മാനസികം ആണ് താനും.
എപ്പോഴാണ് മനുഷ്യൻ ഏറ്റവും മികച്ചവനാവുന്നത്?
നമ്മൾ മനുഷ്യർ നന്മയോടാണോ തിന്മയോടാണോ കൂടുതൽ ചായ്വ്കാ ണിക്കുന്നത്?
മാനവരാശി ഒരു ദുരന്തത്തെ നേരിടുമ്പോൾ എക്കാലവും മനുഷ്യൻ മികച്ചവനായി മാറിയിട്ടേയുള്ളൂ. ദുരന്ത സമയങ്ങളിലൊക്കെ മനുഷ്യർ നന്മയോട് തന്നെയാണ് കൂടുതൽ ചായ് വ് കാണിക്കുന്നത്.
ദുരന്തങ്ങൾ മനുഷ്യരെ കൂടുതൽ നന്മയുള്ളവരാക്കുന്നു.
ദുരന്തം ഒരു ഭൂമികുലുക്കമാവാം, പ്രളയജലമാവാം, കൊടുങ്കാറ്റാവാം, ബോട്ട് അപകടം ആവാം... ദുരന്തങ്ങളാണ് ആളുകളിലെ നല്ല വശങ്ങൾ പുറത്ത് കൊണ്ടു വരുന്നത്. ദുരന്തങ്ങളുടെ സമയത്താണ് ആളുകൾ ഒട്ടും ഞെട്ടിത്തരിക്കാതെ ശാന്തരായിരുന്ന് തങ്ങളാൽ കഴിയുന്ന നന്മകൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നത്.
2005 ആഗസ്റ്റ് 9ന് 1836 പേരുടെ ജീവനെടുത്ത അമേരിക്കയിലെ കത്രീന കൊടുങ്കാറ്റ് സമയത്ത് ജനങ്ങൾ മുഴുവൻ പരസ്പരം സഹായിക്കുകയായിരുന്നു. ആ കൊടുങ്കാറ്റിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച് പഠനം നടത്തിയ റെബേക്ക സോൾനിറ്റ എഴുതിയ പുസ്തത്തിൻ്റെ പേര് നരകത്തിൽ പണിത സ്വർഗ്ഗം എന്നായിരുന്നു. കാർമേഘങ്ങളെ ഭേദിച്ച് മഴവില്ലുകൾ മനുഷ്യരെ എത്തി നോക്കിയ ദിനങ്ങളായിരുന്നു അവയെന്ന് റെബാക്ക പറയുന്നത്.
ഒരു പ്രളയകാലത്ത് തന്നെയായിരുന്നുവല്ലോ കേരളവും ഒന്നിച്ച് നിന്നത്. സൗഹൃദത്തിലും വിശ്വസ്തതയിലും പരസ്പരം ആശ്രയിച്ച് നിന്നാണ് കേരളം അന്ന് കരുത്ത് തെളിയിച്ചത്. ആ പ്രളയകാലത്ത് കേരളത്തിൽ നിന്നും നന്മയുടെ കഥകൾ മാത്രമാണ് പുറത്തേക്ക് വന്നത്. പ്രളയ ദുരന്തം കേരളീയരെ മികച്ച മനുഷ്യർ ആക്കുകയായിരുന്നു. 2018 എന്ന ഇപ്പോൾ തീയറ്ററുകൾ നിറഞ്ഞു കവിയുന്ന ചിത്രം പറയുന്നതും ആ നന്മയുടെ കഥകൾ തന്നെ ആണ്.
ഇംഗ്ലീഷ്കാരനായ തോമസ് ഹോബ്സ് പറഞ്ഞ ലെവിയാത്തനെന്ന കുടിലതയുള്ള മനുഷ്യനെക്കാളേറെ ഫ്രഞ്ചുകാരനായ ഴാങ്ങ് ഴാക്ക് റൂസ്സോ പറഞ്ഞ നല്ലവനായ കാട്ടാളനോടാണ് മനുഷ്യപ്രകൃതിക്ക് കൂടുതൽ ഇണക്കം.
മനുഷ്യൻ ആർത്തിയുള്ള വനും പരുക്കനും പ്രാകൃതനുമൊക്കെയായിരിക്കാം. എന്നാൽ ഒരു ദുരന്ത വേളയിൽ അവൻ ആർദ്രനാവും.അനുകമ്പയുള്ളവനാവും. ടൈറ്റാനിക് ദുരന്ത സമയത്ത് ജീവന് വേണ്ടി ആളുകൾ തിക്കിതിരക്കിയില്ല. മറ്റുള്ളവർക്ക് വേണ്ടി മാറി നിൽക്കുകയായിരുന്നു.മനുഷ്യപ്രകൃതി എന്നും നന്മയുടെതാണ്.
.
മനുഷ്യരനുഭവിക്കുന്ന ദുരിതങ്ങളില്‍ ബാക്കി തൊണ്ണൂറു ശതമാനവും മാനസിക കാരണങ്ങള്‍ കൊണ്ടാണ്. അവര്‍ മനസ്സുകൊണ്ട് സ്വയം ദുരിതങ്ങള്‍ സൃഷ്ടിക്കുകയാണ്. ജനങ്ങള്‍ മനസ്സുകൊണ്ട് സ്വയം ദുരിതങ്ങള്‍ സൃഷ്ടിക്കുകയാണ്. കോപം, അസൂയ, അവജ്ഞ, ഭയം, അരക്ഷിതാവസ്ഥ തുടങ്ങിയ പല വികാരങ്ങള്‍ സ്വയം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.
മനുഷ്യന്‍ ദുരിതമനുഭവിക്കുന്നതിനുള്ള ഒരു പ്രധാന കാരണം, ഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ ജീവിതം എന്താണ് എന്നുള്ളതിനെക്കുറിച്ച് ശരിയായ ഒരു ധാരണ നഷ്ടപ്പെട്ടിരിക്കുന്നു എന്നതു കൊണ്ടാണ്. ദുരിതങ്ങളുടെ പിന്നിലുള്ള സംവിധാനം എന്താണെന്ന് നമുക്കൊന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം
ഇന്നത്തെ സൂര്യോദയം എത്ര മനോഹരമായിരുന്നു എന്നത് നിങ്ങളാരെങ്കിലും ശ്രദ്ധിച്ചിരുന്നോ? നീലാകാശം, കുളിര്‍മ ചൊരിയുന്ന കാറ്റ്, പച്ച വിരിച്ച ഭൂമി, പൂക്കളും, പൂമ്പാറ്റകളും, പക്ഷി മൃഗാദികളും എല്ലാം ചേര്‍ന്ന് ഉത്സാഹഭരിതരായി ഒരു പുതിയ ദിനത്തെ വരവേല്‍ക്കുന്നു. ഈ പ്രപഞ്ചം മുഴുവനും എത്ര ഭംഗിയും ചിട്ടയുമായിട്ടാണ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്?
എന്നിട്ടും നിങ്ങളുടെ മസ്തിഷ്കത്തില്‍ ആവശ്യമില്ലാതെ ആക്രമണം കടന്നു വരുന്ന ഒരു വിചാരം, "ഇന്നൊരു നന്നല്ലാത്ത ദിവസം" എന്നായിരിക്കാം. എന്തോ ചെറിയ പ്രശ്നം നിങ്ങളെ അലട്ടുന്നു, അതുകൊണ്ട് നിങ്ങളുടെ ഉള്ളില്‍ ആകാംക്ഷയും, പിരിമുറുക്കവും. മനുഷ്യന്‍ ദുരിതമനുഭവിക്കുന്നതിനുള്ള ഒരു പ്രധാന കാരണം, ഭൂരിപക്ഷം ജനങ്ങള്‍ക്കും ഈ ജീവിതം എന്താണ് എന്നുള്ളതിനെക്കുറിച്ച് ശരിയായ ഒരു ധാരണ നഷ്ടപ്പെട്ടിരിക്കുന്നു എന്നതു കൊണ്ടാണ്. അവരുടെ മാനസിക പ്രക്രിയകളെല്ലാം തങ്ങളുടെ അസ്തിത്വവ്യവസ്ഥയേക്കാള്‍ വളരെ വലുതായിട്ടാണവര്‍ കരുതുന്നത്, വ്യക്തമായി പറഞ്ഞാൽ സ്രഷ്ടാവിന്റെ സൃഷ്ടിമഹത്വത്തേക്കാള്‍ വളരെ വലുതായി.
എല്ലാ ദുരിതങ്ങളുടെയും അടിസ്ഥാനസ്രോതസ്സ് മേല്‍പ്പറഞ്ഞ ചിന്താഗതി തന്നെയാണ്. ഈ ഭൂതലത്തില്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ മഹത്വം നമ്മള്‍ മനസ്സിലാക്കുന്നില്ല. ജീവിതത്തിന്റെ പൊരുള്‍ നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. നിങ്ങളുടെ മസ്തിഷ്കത്തില്‍ തത്ക്കാലത്തേക്ക് ഉദിക്കുന്ന ചിന്തയോ വികാരമോ ഏതു തരത്തിലാണെന്നുള്ളതിനെ ആശ്രയിച്ചായിരിക്കും ഇപ്പോഴുള്ള നിങ്ങളുടെ ജീവിതാനുഭവത്തിന്റെ സ്വഭാവ നിര്‍ണയം.
ഈ സൃഷ്ടി അഭൂതപൂര്‍വമായ രീതിയില്‍, കുറ്റമറ്റതായി. കൃത്യനിഷ്ഠതയോടെ, നിത്യവും സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും യാതൊരു പ്രാധാന്യവുമര്‍ഹിക്കാത്ത കഴമ്പില്ലാത്ത കുറേ ചിന്തകളും, അതില്‍ നിന്നുദിക്കുന്ന വികാരങ്ങളും നിങ്ങളുടെ ദിവസത്തെ മുഴുവന്‍ നശിപ്പിക്കുന്നു. ജീവിതത്തിന്റെ പരിമിതമായ യാഥാര്‍ത്ഥ്യങ്ങളുമായി അതിനു യാതൊരു ബന്ധവുമില്ല. പ്രശ്നത്തിന്റെ പരിഹാരത്തിനു വേണ്ടി ശ്രമിക്കാം. പക്ഷെ, മനസ്സ് നീറി പുകഞ്ഞിട്ടെന്ത് കിട്ടാന്‍?
എന്റെ മനസ്സ്' എന്ന്‍ നിങ്ങള്‍ വിശ്വസിക്കുന്ന ആ ഒന്ന്, വാസ്തവത്തില്‍ അത് നിങ്ങളുടേതല്ല. നിങ്ങള്‍ക്കു മാത്രം സ്വന്തമായിട്ടൊരു മനസ്സില്ല. 'എന്റെ മനസ്സ്' എന്നു നിങ്ങള്‍ പറയുന്ന വസ്തു, വാസ്തവത്തില്‍ സമൂഹത്തിന്റെ ചവറ്റുകുട്ടയാണ്. നിങ്ങളുമായി ബന്ധമുള്ള, നിങ്ങളെ മറികടന്നു പോകുന്ന ഓരോരുത്തരും നിങ്ങളുടെ തലക്കുള്ളില്‍ എന്തൊക്കെയോ നിക്ഷേപിച്ച് കടന്നു പോകുന്നു. ആരില്‍ നിന്നും കിട്ടുന്ന സന്ദേശമാണ് സ്വീകരിക്കേണ്ടത്, ആരില്‍ നിന്നും കിട്ടുന്നത് തിരസ്കരിക്കണം എന്നതിനെക്കുറിച്ച് ഒരു വിവേചനബുദ്ധി നിങ്ങൾക്ക് ഇല്ലാതെ പോകുന്നു.
കിട്ടുന്നതെന്തും എങ്ങനെ വകതിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തണമെന്ന്‍ നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ ഈ ചവറ്റുകുട്ടപോലും ഉപയോഗപ്രദമാക്കാമായിരുന്നേനെ.
ദുരിതങ്ങള്‍ എവിടെനിന്നും നമ്മുടെ മേല്‍ ചൊരിയപ്പെടുന്നില്ല, മറിച്ച്, അതു നമ്മളാല്‍തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുകയാണ്. അതിന്റെ ഫാക്ടറി നമ്മുടെ മനസ്സില്‍ത്തന്നെയാണ് ഉള്ളത്. അത് അടച്ചു പൂട്ടാനായാൽ നമ്മളനുഭവിക്കുന്ന ദുരിതത്തിന്റെ വ്യാപ്തി കുറഞ്ഞു കുറഞ്ഞ് വരും.(കടപ്പാട്)