16കാരൻ സ്കൂട്ടറെടുത്ത് പുറത്തിറങ്ങി; പിതാവിന് തടവും പിഴയും ശിക്ഷ വിധിച്ചു കോടതി..
പതിനാറുകാരൻ ബൈക്കോടിച്ചതിന് പിതാവിന് തടവും പിഴയും ശിക്ഷ.മലപ്പുറം വളാഞ്ചേരി ആതവനാട് വടക്കുമുറി തുറക്കല്‍ വേണു (42) വിനെയാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2023 മേയ് അഞ്ചിനാണ് സംഭവം.കൂലിപ്പണിക്കാരനായ പിതാവ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്കൂട്ടറെടുത്ത് പുറത്തിറങ്ങിയതായിരുന്നു 16കാരൻ. ഹെല്‍മെറ്റും ധരിച്ചിരുന്നില്ല.
വെട്ടിച്ചിറ - കാട്ടിലങ്ങാടി പബ്ലിക് റോഡിലെ മാട്ടുമ്മലില്‍ വച്ചാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. ആര്‍സി ഉടമയായ പിതാവിന് 30250 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് കോടതി വിധിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ തടവ് അനുഭവിക്കണമെന്നതിനാല്‍ വൈകുന്നേരം വരെ കോടതി വരാന്തയിലിരുന്ന വേണു പിഴയൊടുക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.