മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 25 പേര്‍ക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയിലെ ബുല്‍ധാനയില്‍ സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 25 പേര്‍ വെന്തു മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ ബസിനാണ് തീപിടിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
'25 പേരുടെ മൃതദേഹങ്ങള്‍ ബസില്‍ നിന്ന് പുറത്തെടുത്തു. 32 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. എട്ടോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബുല്‍ധാനയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു' - ബുല്‍ധാന ഡിവൈഎസ്പി. ബാബുരാവോ മഹാമുനി പറഞ്ഞു.
നാഗ്പുരില്‍ നിന്നും പുണെയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. പുലര്‍ച്ചെയോടെ ബസ് റോഡരികിലുള്ള തൂണിലിടിച്ച് ഡിവൈഡറിലേക്ക് ഇടിച്ച് കയറി കീഴ്‌മേല്‍ മറിയുകയായിരുന്നു. പിന്നാലെ ബസിന് തീപിടിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ കൂടുതല്‍ പേരും നാഗ്പുര്‍, വര്‍ധ, യവത്മല്‍ എന്നിവിടങ്ങളില്‍ നിന്നാണുള്ളവരെന്ന് അധികൃതര്‍ വ്യക്തമാക്കി.