അക്ഷയകേന്ദ്രങ്ങൾ താഴത്തെ നിലയിൽ പ്രവർത്തിക്കണം: മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: അക്ഷയകേന്ദ്രങ്ങൾ കെട്ടിടങ്ങളുടെ താഴത്തെ നിലയിൽ പ്രവർത്തിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പ്രായമായവർ, ഗർഭിണികൾ,അംഗവൈകല്യമുള്ളവർ എന്നിവർക്കു കെട്ടിടങ്ങളുടെ മുകൾ നിലയിലെത്താൻ ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണു കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.
ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കു കാലതാമസം കൂടാതെ സേവനം ലഭ്യമാക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. കിടപ്പുരോഗികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്കാവശ്യമായ സേവനം അവരുടെ വീടുകളിലെത്തി അക്ഷയസംരംഭകർ നൽകുന്നുണ്ടെന്നു സർക്കാർ ഉറപ്പാക്കണം. ഇത്തരം സേവനങ്ങൾ ലഭ്യമാണെന്ന വിവരം അക്ഷയ കേന്ദ്രങ്ങളിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കണം.
പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള കസേര, കുടിവെള്ളം, ശുചിമുറി, നോട്ടീസ് ബോർഡ്, മറ്റ് സേവനങ്ങൾക്കുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തിമാത്രം പുതിയ അക്ഷയകേന്ദ്രങ്ങൾക്ക് അനുവാദം നൽകണം. സൗകര്യമില്ലാത്ത അക്ഷയകേന്ദ്രങ്ങളിൽ ഇവ ഏർപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അക്ഷയ സംസ്ഥാന പ്രോജക്ട് ഡയറക്ടർക്കാണു കമ്മീഷൻ നിർദേശം നൽകിയത്.
ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നതു കെട്ടിടങ്ങളുടെ മുകൾ നിലയിലാണെന്നും ഇവ താഴത്തെ നിലയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് മുപ്ലിയം കാരോടൻ വീട്ടിൽ കെ.ജി. രവീന്ദ്രനാഥ് സമർപ്പിച്ച പരാതിയിലാണു നടപടി.