അമ്മതൻ ചൂടറിഞ്ഞീല.. ആ പാവം കണ്ണടച്ചെന്നേക്കുമായി…; കേരളത്തെ നൊമ്പരത്തിലാഴ്ത്തി കൃഷ്ണയുടെ വിയോഗം
കേരളത്തിലെ ആനപ്രേമികളുടെ നൊമ്പരമാണ് അരിക്കൊമ്പൻ. ചിന്നക്കനാലിൽ നിന്നും നാടുകടത്തിയ അരിക്കൊമ്പനായി പ്രാർത്ഥനയും വഴിപാടുകളും നിയമ പോരാട്ടവുമായി ആനപ്രേമികൾ ദിനങ്ങൾ തള്ളിനീക്കവെ തീരാവേദനായായി മാറുകയാണ് മറ്റൊരു ആനക്കുട്ടി.
പാലക്കാട് കൃഷ്ണ വനത്തിൽ നിന്നും കാടിറങ്ങിയെത്തിയ ആനക്കൂട്ടം ഉപേക്ഷിച്ചു പോയ കൃഷ്ണയെന്ന കുട്ടിയാന അതിന്റെ അമ്മയെ കാണാനുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് എന്നന്നേക്കുമായി യാത്രയായിരിക്കുന്നു. 13 ദിവസമാണ് കൃഷ്ണയെന്ന ഒരു വയസുള്ള കുട്ടിയാന തന്റെ അമ്മയെ കാത്തിരുന്നത്. പക്ഷേ, അമ്മിഞ്ഞ പാലിന്റെ മധുരം നുണഞ്ഞ് ഈ ലോകം വിടാനുള്ള ഭാഗ്യം പോലും ആ കുഞ്ഞാനയ്ക്കുണ്ടായില്ല. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലെ കൂട്ടിൽ കിടന്ന് ഇന്നലെ രാത്രി എന്നേയ്ക്കുമായി കൃഷ്ണ കണ്ണടയ്ക്കുമ്പോഴും അരുകിൽ സാന്ത്വന തഴുകലുമായി അമ്മയുണ്ടാകണമെന്ന് അത് ആഗ്രഹിച്ചു കാണില്ലേ???
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലെ കൂട്ടിൽ ചികിത്സയിലായിരുന്ന കൃഷ്ണ ചരിഞ്ഞത്. അമ്മ തന്നെ കൂട്ടിക്കൊണ്ടുപോകാൻ എത്തുമെന്ന പ്രതീക്ഷയിൽ 13 ദിവസമാണ് കുട്ടിക്കുറുമ്പ് കാട്ടി കൃഷ്ണ വനപാലകരുടെ പരിചരണത്തിൽ കഴിഞ്ഞത്. ആദ്യമായി കണ്ടെത്തുമ്പോൾ തന്നെ അവശനിലയിലായിരുന്നു ആനക്കുട്ടി
ഈ മാസം 15-നാണ് പാലൂരിലെ സ്വകാര്യ തോട്ടത്തിൽ ഒരു വയസ്സുള്ള കുട്ടിക്കൊമ്പനെ അവശനിലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടത്. ഉടൻ തന്നെ തൊഴിലാളികൾ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. പുതൂർ വനംവകുപ്പിന്റെ ദ്രുതപ്രതികരണസംഘമെത്തി കാട്ടാനക്കുട്ടിയെ ഉച്ചയോടെ അമ്മയാനയോടൊപ്പം ചേർത്തതിനുശേഷം തിരിച്ചിറങ്ങി. വൈകുന്നേരത്തോടെ കാട്ടാനക്കുട്ടി വീണ്ടും പാലൂരിലെ അയ്യപ്പന്റെ വീട്ടിലെത്തി. വനംവകുപ്പെത്തി കാട്ടിലേക്ക് മാറ്റിയെങ്കിലും അമ്മയാന കൂടെ കൂട്ടാതെ വന്നതോടെ കുട്ടിക്കൊമ്പൻ ഒറ്റപ്പെട്ടു.
ജൂൺ 16-ന് ദൊഡ്ഡുക്കട്ടിയിലെ കൃഷ്ണവനത്തിൽ താത്കാലിക കൂടൊരുക്കി അമ്മയാനയ്ക്കായി വനംവകുപ്പ് കാത്തിരുന്നു. അമ്മയാന കൂടിനു സമീപമെത്തിയെങ്കിലും അന്നും കുട്ടിയാനയെ കൂടെ കൂട്ടിയില്ല. അടുത്ത ദിവസം ബൊമ്മിയാംപടിയിലെ ക്യാമ്പ് ഷെഡ്ഡിന് സമീപം താത്കാലിക കൂടൊരുക്കി കുട്ടിക്കൊമ്പനെ ഈ കൂട്ടിലേക്ക് മാറ്റി. ലാക്ടോജൻ അടങ്ങിയ ഭക്ഷണവും കരിക്കിൻവെള്ളവും തണ്ണിമത്തനും നൽകി. ക്ഷീണം മാറിയ കുട്ടിക്കൊമ്പൻ ഓടിക്കളിച്ചിരുന്നെങ്കിലും ഇടയ്ക്കു ക്ഷീണം അനുഭവപ്പെട്ടതോടെ ഡോക്ടർമാരെത്തി ചികിത്സ നൽകി.
രാത്രികാലങ്ങളിൽ കുട്ടിക്കൊമ്പന് തണുപ്പേൽക്കാതിരിക്കാൻ കോൺക്രീറ്റ് മേൽക്കൂരയുള്ള കെട്ടിടത്തിലായിരുന്നു മാറ്റിക്കിടത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെ അവശനിലയിൽ കിടന്ന കുട്ടിക്കൊമ്പന് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം ചികിത്സ നൽകി. തുടർന്ന് എഴുന്നേറ്റ് ലാക്ടോജൻ അടങ്ങിയ ഭക്ഷണവും പുല്ലും തിന്നിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ നടന്നിരുന്ന കുട്ടിക്കൊമ്പൻ ഉച്ചയോടെയാണ് അവശനിലയിൽ കിടന്നത്. ആ കിടപ്പിൽ നിന്നും പിന്നെ അത് എഴുന്നേറ്റില്ല. രാത്രി പതിനൊന്നരയോടെ അത് ചരിഞ്ഞെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുകയായിരുന്നു.എന്തുകൊണ്ടാണ് കൃഷ്ണയെ തേടി അമ്മയാന എത്താതിരുന്നത് എന്ന ചോദ്യമാണ് ആനപ്രേമികൾക്കിടയിലും ഉയരുന്നത്. ആനക്കുട്ടി രോഗബാധിതയായതോടെ ആനക്കൂട്ടം ഉപേക്ഷിച്ചതാകാം എന്നാണ് നിഗമനം. മറ്റ് ആനകളിലേക്ക് രോഗം പകരാതിരിക്കാനോ അതോ ആനക്കുട്ടിയെ മനുഷ്യർ ചികിത്സിച്ച് ഭേദമാക്കും എന്ന പ്രതീക്ഷയാണോ ജനവാസ മേഖലയിൽ കുട്ടിയാനയെ ഉപേക്ഷിച്ചത്? അറിയില്ല. ഒരുപക്ഷേ, മനുഷ്യർക്ക് ഈ കുട്ടിയാനയെ രക്ഷിക്കാനാകും എന്ന് ആ അമ്മയാന കരുതിയിരിക്കണം. സാധാരണ നിലയിൽ ആനകൾ കൂട്ടമായി തന്നെയാണ് നടക്കുക. പന്ത്രണ്ട് വയസ്സാകുന്നതോടെയാണ് ഇണയെ തേടി കൂട്ടം പിരിയുക. ഈ കുട്ടിയാനയെ അമ്മയാന ഉപേക്ഷിച്ചത് കേവലം ഒരു വയസ്സുള്ളപ്പോഴാണ്. തീർച്ചായായും രോഗബാധിതയായതിനാലാകും കുട്ടിയാനയെ ജനവാസ മേഖലയിൽ ഉപേക്ഷിച്ച് ആനക്കൂട്ടം കാടുകയറിയത്. മനുഷ്യർ ഇതിനെ രക്ഷിക്കുമെന്ന പ്രതീക്ഷയിൽ തന്നെ.. എങ്കിൽ ആ അമ്മ മനസ്സിന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി കുട്ടിയാന ഇന്ന് ഈ ലോകത്തില്ല.