പിഴയടച്ചിട്ടും പാൻ- ആധാർ ലിങ്കിങ് പൂർത്തിയായില്ലേ? പ്രത്യേകം പരിഗണിക്കുമെന്ന് ആദായനികുതി വകുപ്പ്
ന്യൂഡൽഹി; പാനും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരിക്കുകയാണ്. ഇതുവരെ സമയപരിധി നീട്ടി നൽകിയിട്ടില്ല. അതിനിടെ പിഴയടച്ചിട്ടും ലിങ്കിങ് പൂർത്തിയാക്കാൻ കഴിയാത്ത കേസുകൾ പ്രത്യേകം പരിഗണിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.
പണമടയ്ക്കുമ്പോൾ ചലാൻ ഡൗൺലോഡ് ചെയ്യണമെന്നില്ല. പോർട്ടലിലെ ഇ-പേ ടാക്സ് ടാബിൽ പോയാൽ പേയ്മെന്റ് സ്റ്റാറ്റസ് അറിയാം. ഇമെയിൽ ആയും ചലാൻ ലഭിക്കും. ആയിരം രൂപയാണ് പിഴയായി ഈടാക്കിക്കൊണ്ട് പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഇന്നലെയായിരുന്നു.
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ ഇന്നു മുതൽ പ്രവർത്തനരഹിതമാകും. ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായനികുതി അടയ്ക്കാനും സാധിക്കില്ല. പാൻ നമ്പർ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാൽ ബാങ്ക് ഇടപാടുകളും നടക്കില്ല. പാൻ അസാധുവായാൽ 30 ദിവസത്തിനകം 1000 രൂപ നൽകി ആധാറുമായി ബന്ധിപ്പിച്ച് വീണ്ടും പ്രവർത്തനക്ഷമമാക്കാം.