മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി അരലക്ഷം രൂപവരെ പിഴ; അല്ലെങ്കില്‍ തടവ്
തിരുവനന്തപുരം: മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി അരലക്ഷം രൂപ വരെ പിഴ ഈടാക്കും. പിഴ അടച്ചില്ലെങ്കില്‍ കോടതിവിചാരണയ്ക്കു വിധേയമായി ജയില്‍ശിക്ഷയും നേരിടേണ്ടി വരും. മാലിന്യം വലിച്ചെറിഞ്ഞാല്‍ നിലവിലുള്ള 250 രൂപയുടെ തത്സമയ പിഴ, 5000 ആക്കാനാണ് ശുപാര്‍ശ. പരമാവധി 50,000 ആക്കും. കേരള മുനിസിപ്പാലിറ്റി നിയമഭേദഗതിയുടെ കരട് കര്‍ശന വ്യവസ്ഥകളോടെ തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഭേദഗതി വരും
മാലിന്യനിര്‍മാര്‍ജനത്തില്‍ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. അതുപോലെ വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ നഗരസഭാ സേവനങ്ങള്‍ നിഷേധിക്കപ്പെടും. മുനിസിപ്പാലിറ്റി നിയമം ഭേദഗതി ചെയ്ത ശേഷം പഞ്ചായത്തീരാജ് നിയമത്തിലും ഭേദഗതി നടപ്പാകും. അതോടൊപ്പം മാലിന്യസംസ്കരണരംഗത്ത് സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കല്‍, പദ്ധതിമേല്‍നോട്ടത്തിന് പ്രത്യേക സമിതി, മാലിന്യസംസ്കരണനിധി എന്നിവയും നിയമപരമായി ഉറപ്പാക്കും.
നേരത്തെ, കോടതി വിചാരണയ്ക്കു ശേഷം മാത്രമേ പിഴ ചുമത്താന്‍ സെക്രട്ടറിക്ക് അധികാരമുണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ നിയമ പ്രകാരം ആളുകളുടെ കുറ്റസമ്മതമനുസരിച്ച് പിഴചുമത്താം. കുറ്റം നിഷേധിക്കുന്നവര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുക്കണം. തുടര്‍ന്ന് കുറ്റം തെളിഞ്ഞാല്‍ തടവുശിക്ഷ വിധിക്കും. മാലിന്യനിർമാർജനത്തിൽ സെക്രട്ടറിക്കാണ് ഉത്തരവാദിത്തം. വീഴ്ചവന്നാൽ ശമ്പളം തടയുന്നതടക്കമുള്ള നടപടി സ്വീകരിക്കും.
നിലവില്‍ സര്‍ക്കാര്‍ ഉത്തരവുകളില്‍ മാത്രമേ യൂസര്‍ ഫീ വ്യവസ്ഥയുള്ളൂ. ഇത് പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചു. യൂസര്‍ ഫീ കുടിശ്ശിക കെട്ടിടനികുതിക്കൊപ്പം ഈടാക്കാം. തദ്ദേശസ്ഥാപനങ്ങളില്‍ തുടങ്ങാനിരിക്കുന്ന മാലിന്യ സംസ്കരണ പദ്ധതികളെ ജനപ്രതിനിധികള്‍ എതിര്‍ക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നിയമപരമാക്കും. ജനപ്രതിനിധികളുടെ എതിർപ്പും പ്രതിഷേധങ്ങളുമൊക്കെ നിയമഭേദഗതിയിലൂടെ നിയന്ത്രിക്കും