അറേബ്യയിലെ ഒരു നാടോടി കഥ പറയാം. ഒരു മനുഷ്യൻ തന്റെ മൂന്നു മക്കൾക്കായി വിൽപത്രം തയ്യാറാക്കി ..ആകെ 17 ഒട്ടകങ്ങൾ ആണ് അയാളുടെ സമ്പാദ്യം. ഒസ്യത്തിലെ നിർദ്ദേശം ഇങ്ങനെ ആയിരുന്നു . 'ആകെയുള്ളതിന്റെ പകുതി ഒന്നാമത്തെ മകനും മൂന്നിൽ ഒന്ന് രണ്ടാമനും ഒമ്പതിൽ ഒന്ന് മൂന്നാമനും കൊടുക്കുക .' പിതാവ് മരിച്ചു. മക്കൾ മൂന്നു പേരും തമ്മിൽ വഴക്കുമായി. . ഒസ്യത്തിൽ ഒന്നും കുറയാൻ ആർക്കും സമ്മതമല്ല. ഈ വഴക്ക് നടക്കുമ്പോൾ ഒട്ടകപ്പുറത്ത് ഒരാൾ അതിലേ വന്നു . അയാൾ ഇവരുടെ വഴക്ക് കണ്ട് മധ്യസ്ഥനായി. 17 ഒട്ടകങ്ങൾ ഒരു വിധത്തിലും വീതം വക്കാൻ സാധിക്കില്ല. അയാൾ തന്റെ ഒരു ഒറ്റക്കത്തെ ആകെയുള്ള 17 എണ്ണത്തിനൊപ്പം അത് 18 ആക്കി. എല്ലാവർക്കും സമ്മതം. മൂത്ത മകന് പകുതി അതായത് 9 എണ്ണം നൽകി. രണ്ടാമത്തെ മകന് മൂന്നിൽ ഒന്ന് അതായത് 6 എണ്ണം നൽകി. മൂന്നാമൻ ഒമ്പതിൽ ഒന്ന് അഥവ 2 എണ്ണം നൽകി . യാത്രക്കാരൻ സ്വന്തം ഒറ്റക്കിനെയും കൊണ്ട് വീണ്ടും യാത്രയായി.
സ്വന്തം അവകാശം കിട്ടണം എന്നല്ലാതെ കാര്യങ്ങൾ ശാന്തമായും സൗമ്യമായും എങ്ങനെ പരിഹരിക്കണമെന്ന് പോലും ചിന്തിക്കാൻ ഇന്ന് പലരും തയ്യാറാവുന്നില്ല. അതിനൊരു ഉദാഹരണം ആണ് മുകളിൽ പറഞ്ഞ കഥ. .ആരും ഇന്ന് വിട്ടുവീഴ്ച്ചകൾക്കും വീണ്ടുവിചാരങ്ങൾക്കും തയ്യാറാവുന്നില്ല. .ഇതോടെ വണ്ടി മുന്നോട്ട് പോകാതെ സ്തംഭനത്തിൽ ആവുന്നു .
ജീവിതം ആണ് ഏറ്റവും വലിയ കല. ചിന്തയും വാക്കും പ്രവർത്തിയും ഒന്നിച്ചു പോയാൽ മാത്രമേ ജീവിതവിജയം നേടാൻ സാധിക്കൂ. ജീവിത വിജയത്തിന് യൂണിവേഴ്‌സിറ്റി ബിരുദം, ഏതെങ്കിലും സ്ഥാന മഹിമയോ ഒന്നും പര്യാപ്തമല്ല എന്ന് വരില്ല. .ജീവിതത്തെ സംഗീതത്തോട് വേണമെങ്കിൽ ഉപമിക്കാം . ശരിയായ വിധത്തിൽ അല്ല ഒരു സംഗീത ഉപകരണം ഉപയോഗിക്കുന്നതെങ്കിൽ ശ്രുതിക്ക് പകരം ആശ്രുതിയാവും അതിൽ നിന്ന് പുറപ്പെടുക. .. ശരിയായ രീതിയിൽ മീട്ടാൻ അറിയാത്ത ജീവിതത്തിൽ നിന്നും അപശ്രുതികൾ ഉയർന്ന് കൊണ്ടിരിക്കും .
സംവിധാനം എന്നത് കലകൾക്ക് മാത്രമല്ല ജീവിതത്തിനും വേണം . വ്യത്യസ്ത സംസ്കാരങ്ങളും , സ്വഭാവവും , താൽപ്പര്യങ്ങളും വാസനകളും ഉള്ള മനുഷ്യർ തമ്മിലുള്ള പെരുമാറ്റം ഒരു ജീവിതകല പഠിപ്പിക്കുന്നത്... ഇത് പൂർണ്ണമാവാൻ പരസ്പരം വിട്ടുവീഴ്ചകൾ അനിവാര്യമാണ്. സർവ്വ നിയമങ്ങളും അറിയാവുന്ന ഡ്രൈവർ ആയാലും പൊതുനിരത്തിൽ വണ്ടിയോടിക്കുമ്പോൾ വിട്ടുവീഴ്ചകളും സൈഡ് കൊടുക്കലുകളും ഉണ്ടായേ തീരൂ...
ദാരിദ്ര്യമെന്തെന്നറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ.