കരുതൽ വേണം.. പന്നിപ്പനിക്കെതിരേ
കണ്ണൂർ | മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരുന്ന രോഗമല്ലെങ്കിലും ആഫ്രിക്കൻ പന്നിപ്പനിക്ക് എതിരേ ജാഗ്രത വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്. ഇതിനെതിരേ വാക്സിനോ ചികിത്സയോ ഇല്ല. രോഗം സ്ഥിരീകരിച്ച പന്നികളെയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെയും കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് പ്രധാന രോഗനിയന്ത്രണ മാർഗം. തുടർന്ന് അണുനശീകരണം നടത്തിയശേഷം മൂന്ന് മാസം ഫാം പൂർണമായും അടച്ചിടണം.
ഉദയഗിരിയിൽ ഇക്കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ജൂൺ 26 മുതൽ മൂന്ന് മാസത്തേക്ക് പന്നിമാംസ വിതരണം നിരോധിച്ചിട്ടുണ്ട്. വില്പന നടത്തുന്ന കടകളുടെ പ്രവർത്തനം, പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുക, മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരിക എന്നിവയും നിരോധിച്ചു. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. വി പ്രശാന്ത്, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഡോ. കെ എസ് ജയശ്രീ എന്നിവർ അറിയിച്ചു.
*രോഗവ്യാപനം തടയാനുള്ള മാർഗങ്ങൾ*
⭕മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രോഗം ബാധിച്ച പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ പാടില്ല.
⭕പന്നിയെ മാത്രമോ, പന്നി, പോത്ത്, കോഴി ഇവയെ ഒരുമിച്ചോ കശാപ്പ് ചെയ്യുന്ന അറവുശാലയിൽ നിന്നുള്ള അറവുമാലിന്യം പന്നികൾക്ക് തീറ്റയായി നൽകരുത്.
⭕പന്നി കർഷകർ 20 ഗ്രാം ബ്ലീച്ചിങ് പൗഡർ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കൂടും പരിസരവും അണുവിമുക്തമാക്കണം. ഫോർമലിൻ മൂന്ന് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ നേർപ്പിച്ച് ടയർഡിപ്പ്, ഫുട്ട് ഡിപ്പ് എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കണം. ഒരു ശതമാനം വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഫാമിലെ തൊഴിലാളികൾക്ക് കൈകാലുകൾ അണുവിമുക്തമാക്കാൻ നൽകണം.
⭕സന്ദർശകരെ അനുവദിക്കരുത്.
⭕ഫാമിൽ ജൈവസുരക്ഷ കർശനമായി നടപ്പാക്കണം.