സമാധാനം, സഹവാസം, സ്നേഹം... ഇതൊക്കെയാണ് വീടെന്ന വാക്ക് മനസ്സിലേക്ക് വരുമ്പോള്‍ ഉണരുന്ന ഓര്‍മ്മകള്‍. നമ്മളൊക്കെ ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളില്‍ പല വീടുകളിലും താമസിച്ചിരിക്കുമെങ്കിലും അതില്‍ ഏറ്റവും പ്രിയങ്കരം ജനിച്ചു വളര്‍ന്ന കൂര തന്നെയാവും! ബാല്യ, കൗമാര, യൗവന കാലങ്ങളില്‍ നമ്മുടെ ആഗ്രഹങ്ങളും ജീവിതവും നാടകീയമായി മാറിമറയുന്ന കാലഘട്ടമാണത്. നമ്മുടെ പരിസരങ്ങളെ അനുഭവിച്ചറിയാന്‍ പുതുവഴികള്‍ തേടുന്ന കാലമാണത്. അതു കൊണ്ടു തന്നെ അക്കാലയളവില്‍ നമുക്ക് തണലും പരിലാളനവും തരുന്ന വീടിന്‍റെ അന്തരീക്ഷം മനസ്സില്‍ മായാതെ കിടക്കും.
തനിക്കകത്തു പാര്‍ക്കുന്ന ഒരു കുടുംബത്തെ പോഷിപ്പിക്കുന്ന ഇടമാണ് വീട്. അതേ സമയം അത് വീടാകുന്നത്, അതിന്‍റെ വാതിലുകള്‍ മറ്റു പലര്‍ക്കും വേണ്ടി സദാ തുറക്കപ്പെടുന്നതു കൊണ്ടു കൂടിയാണ്. ഒരു വീടു പണിയുന്നത് മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യം തന്നെ. പിറന്നപാടേ, ജീവിക്കാന്‍ വേണ്ട ബുദ്ധിവൈഭവം സിദ്ധിച്ച മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മര്‍ത്യന് പക്വതയാര്‍ന്നൊരു മനുഷ്യനാവാന്‍ ഒരുപാടു സംസ്കാര പോഷണ പ്രക്രിയകള്‍ തന്നെ വേണം. ഒരു കോഴിയെപോലെ; മനുഷ്യന്, അതിനുള്ള അടയിരിപ്പിന്‍റെ സങ്കേതത്തെയാണ് നാം വീട് എന്നു പറയുന്നത്. ഈ അടയിരിപ്പിന്‍റെ പ്രധാന സവിശേഷത തന്നെ എല്ലാത്തിനേയും ഉള്‍ക്കൊള്ളലാണ്. തനിക്കകത്തു പാര്‍ക്കുന്ന ഒരു കുടുംബത്തെ പോഷിപ്പിക്കുന്ന ഇടമാണ് വീട്. അതേ സമയം അത് വീടാകുന്നത്, അതിന്‍റെ വാതിലുകള്‍ മറ്റു പലര്‍ക്കും വേണ്ടി സദാ തുറക്കപ്പെടുന്നതു കൊണ്ടു കൂടിയാണ്.
പല കാരണങ്ങളാല്‍ ആളുകള്‍ അടിക്കടി വീടു മാറുന്നു. ഏതാനും തലമുറകള്‍ മുന്‍പ് അങ്ങനെ ആയിരുന്നില്ല. സമൂഹം കാര്‍ഷികവൃത്തിയെ ആശ്രയിച്ചിരുന്ന കാലത്ത്, ജീവിതത്തെ പറിച്ചു നടല്‍ അത്ര എളുപ്പമല്ലായിരുന്നു.. നമ്മുടെ ജീവിതശൈലി, ജോലി സാഹചര്യങ്ങള്‍, ലോകം തന്നെ മൊത്തത്തില്‍ മാറിയിരിക്കുന്നു. അതിന്‍റെ ഭൗതികഘടനയും, സൗന്ദര്യബോധവുമെല്ലാം മാറിയിരിക്കാം, പക്ഷെ ഒരു വീടിനെ വീടാക്കുന്ന അടിസ്ഥാനപരമായ മൂല്യങ്ങള്‍ ഇന്നും അങ്ങനെ തന്നെ. ഉള്‍ക്കൊള്ളലിന്‍റെ ആഴത്തിലുള്ളൊരു തലത്തെ ഒരു വീട് പോഷിപ്പിച്ചെടുക്കണം. ലോകത്തെ മൊത്തമായും ഉള്‍ക്കൊണ്ടില്ലെങ്കില്‍ നിങ്ങളുടെ ലോകത്തിന്‍റെ പരിധിയില്‍ വരുന്നവരെയെങ്കിലും അതിന് ഉള്‍ക്കൊള്ളാനാകണം.
നമുക്കൊപ്പം ജീവിക്കുന്നവര്‍ നമ്മുടെ ആഗ്രഹത്തിനൊത്ത് എല്ലാം തികഞ്ഞവരായിരിക്കണമെന്നില്ല.... അതങ്ങനെ ആവാനും വയ്യ! ഇക്കാര്യം നമുക്ക് സ്വീകാര്യമാവുന്നതോടെ, ജീവിതത്തെ കുറിച്ച് നാം ചിന്തിക്കുന്നതിന് അതീതമായി ജീവിതത്തെ നാം അറിഞ്ഞു തുടങ്ങും.
നമ്മുടെ ജീവിതത്തെ സംസ്ക്കരിച്ചെടുക്കേണ്ടത് ഒരു വീടാണ്. എങ്കില്‍ ഈ ബാഹ്യലോകത്തേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ നമ്മള്‍ അനായാസേന അതില്‍ അലിഞ്ഞു ചേര്‍ന്നു കൊള്ളും. സഹജീവിതം നമുക്ക് പലതിനോടുമുള്ള സ്വീകാര്യക്ഷമതയേകുന്നു. കഷ്ടകാലത്തിന്, വിദ്യാഭ്യാസം ഏറുന്തോറും ഇന്ന് മറ്റൊരുവന്‍ നമ്മുടെ അതിരുകള്‍ കടന്നു പോകുന്നത് സമ്മതിച്ചു കൊടുക്കാനുള്ള ക്ഷമത ചോര്‍ന്നു പോകുകയാണ്. ഒരുത്തന്‍ നമ്മുടെ ജീവിതപരിധിയില്‍ ഒന്നു തൊട്ടു പോയാല്‍ മതി, ഒന്നുകില്‍ അവന്‍ തീരും, അല്ലെങ്കില്‍ നമ്മള്‍ തുലയും. നമ്മള്‍ കുതിച്ചു പായുന്നത് അതു പോലൊരു സംസ്കാരത്തിലേക്കാണ്. നമ്മുടെ തലമുറയില്‍ സ്വീകാര്യക്ഷമതയുടെ ചില അംശങ്ങളെങ്കിലും ബാക്കിയുണ്ടെന്നത് നമ്മുടെ ഭാഗ്യം. അതെല്ലാം നമ്മളില്‍ വേരുറപ്പിച്ചത് നമ്മുടെ വീടുകളില്‍ വെച്ചാണ്. നമ്മുടെ കൂടപ്പിറപ്പുകള്‍, കൂട്ടുകാര്‍, കുടുംബം ഇവയെല്ലാം പലവിധത്തില്‍ നമുക്കു മേല്‍ ഒരു സ്നേഹകമ്പളം പോലെ പൊതിയുന്നു.
മനുഷ്യന് മനസ്സിലാക്കാനാവുന്ന ഒരേയൊരു ഭവനം തനിക്കുള്ളിലാണെന്ന തിരിച്ചറിവിന്‍റെ മേല്‍ അടയിരിക്കുന്ന കോഴിയാകണം വീടുകള്‍. ആത്യന്തിക ഭവനം അവനവന്‍റെ ഉള്ളില്‍ തന്നെയാണ്. ഇത് ഈ ജീവിതകാലയളവില്‍ മനസ്സിലായില്ലെങ്കില്‍ പിന്നെ എളുപ്പം മനസ്സിലാകുന്ന ഒരേ ഒരു വീട് ചുടലക്കാടോ പള്ളിപ്പറമ്പോ മാത്രമാണ്! യുക്തിപരമായി ശരിയല്ലാത്തതൊന്നും നിലനില്‍ക്കേണ്ടതില്ലെന്ന നിലപാടും ഒരു യുക്തിയല്ല. ഒരു വീട് നിരന്തരം നമ്മില്‍ സംസ്കരിച്ചെടുക്കുന്നത് ഈ തിരിച്ചറിവാണ്. ഒരാള്‍ക്ക് ഇഷ്ടമുള്ളത് മറ്റൊരാള്‍ക്ക് പിടിക്കില്ല. എങ്കിലും ഒരേ കൂരക്കു കീഴില്‍ കഴിയുമ്പോള്‍ എല്ലാവരും പരസ്പരം ഒത്തു തീര്‍പ്പിലെത്തുന്നു. താല്‍പര്യമില്ലാത്തതിനെ ഇഷ്ടപ്പെടാന്‍ ആരും ശ്രമിക്കേണ്ടതില്ല. നമുക്ക് ഇഷ്ടമില്ലാത്തതിനൊപ്പം ജീവിക്കാന്‍ ശീലിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പാഠം. ഒരു വീട് നമ്മെ അത്തരം ഒരു ഇടത്ത് കൊണ്ടെത്തിക്കുന്നു. മറ്റുള്ളവരും സാഹചര്യങ്ങളും നൂറു ശതമാനം നമ്മുടെ ചിന്തയോട് അനുകൂലിക്കണമെന്ന് ശഠിച്ചാല്‍, ഒപ്പമുള്ളവരെല്ലാം എന്നേ സ്ഥലം കാലിയാക്കിയിരിക്കും.
നാലു ചുമരുകളോ, അലങ്കാരഭംഗിയോ, സുഗന്ധമോ, സംഗീതധ്വനികളോ, രുചികളോ അല്ല ഒരു വീടിനെ വീടാക്കുന്നത് . ഒരു വീടെന്നത് ആത്യന്തികമായി മനുഷ്യനെ അവന്‍റെ ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്ന ഇടമാണ്. ശ്വാശ്വതമായ ഒരേയൊരു ഭവനം നിങ്ങളുടെ ഉള്ളില്‍ തന്നെയാണ് എന്നു പഠിപ്പിക്കുന്ന ഇടം. ആ ഭവനമാകട്ടെ നിങ്ങളുടെയോ എന്‍റെയോ മാത്രം അവകാശമല്ല. സ്വന്തം ഉള്ളിലേക്ക് തിരിയുന്നതോടെ നിങ്ങള്‍ ഈ ജനസമൂഹത്തില്‍ സ്വാഭാവികമായി തന്നെ ഉള്‍ച്ചേര്‍ന്നു കഴിഞ്ഞു. മനസ്സും ശരീരവുമായി താദാത്മ്യം പ്രാപിക്കുമ്പോഴാണ് ‘ഞാന്‍’ ‘നീ’ എന്ന അതിരുകള്‍ രൂപം കൊള്ളുന്നത്. തനിക്കുള്ളിലേക്ക് നോക്കിത്തുടങ്ങുമ്പോള്‍ എല്ലാത്തിനോടുമുള്ള ഒരു ഉള്‍ച്ചേരലിന്‍റെ ബോധം നമ്മില്‍ ഉണരുകയായി. ആ ഉള്‍ച്ചേരലിനെയാണ് ഒരു വീട് അതില്‍ പാര്‍ക്കുന്നവരില്‍ പോഷിപ്പിച്ചെടുക്കേണ്ടത്. ഒരു കെട്ടിടത്തിന്‍റെ ആകൃതിയല്ല, അതില്‍ പാര്‍ക്കുന്ന മനുഷ്യരുടെ ഉള്‍ചേര്‍ച്ചയാണ് ഒരു വീടിനെ വീടാക്കുന്നത്.