പകല്‍, ബസില്‍ സഞ്ചരിച്ച് ടെറസിന് മുകളില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നത് നോക്കി വയ്ക്കും; രാത്രി വീടുകളില്‍ കയറി വസ്ത്രങ്ങള്‍ മോഷ്ടിക്കും; സ്വര്‍ണമോഷണവും പതിവ്; അപൂര്‍വ കള്ളന്‍ പിടിയില്‍..
പകല്‍, ബസില്‍ സഞ്ചരിച്ച് ടെറസിന് മുകളില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ ഇട്ടിരിക്കുന്നത് നോക്കി വയ്ക്കും; രാത്രി വീടുകളില്‍ കയറി വസ്ത്രങ്ങള്‍ മോഷ്ടിക്കും; സ്വര്‍ണമോഷണവും പതിവ്; അപൂര്‍വ കള്ളന്‍ പിടിയില്‍..
രാത്രിയില്‍ വീടുകള്‍ കയറി വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന അപൂര്‍വ്വ കള്ളനായ 53കാരൻ പിടിയില്‍. മുപ്പതോളം മോഷണ കേസുകളില്‍ പ്രതിയായ താനൂര്‍ സ്വദേശി ഷാജഹാനാണ് പിടിയിലായത്. സി.സി.ടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരൂരങ്ങാടിയില്‍ വച്ചാണ് പ്രതി കുറ്റിപ്പുറം പൊലീസിന്റെ വലയിലാകുന്നത്.
കുറ്റിപ്പുറം രാങ്ങാട്ടൂര് പള്ളി പടിയില്‍ കഴിഞ്ഞ ജൂലൈ 17 ന് നടന്ന മോഷണ കേസിലെ പ്രതിയാണ് താനൂര്‍, ഒഴൂര്‍ കുട്ടിയാനകത്ത് ഷാജഹാൻ. പകല്‍ ബസില്‍ സഞ്ചരിച്ച് ടെറസിന് മുകളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടിരിക്കുന്നത് കണ്ടെത്തുകയും, രാത്രിയിലെത്തി ആ വസ്ത്രങ്ങള്‍ മോഷ്ട്ടിക്കുന്ന സ്വഭാവവും പ്രതിക്കുണ്ട്.
രാങ്ങാട്ടൂർ പള്ളി പടിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ പുലര്‍ച്ചെ രണ്ടുമണിക്ക് അടുക്കളയുടെ പൂട്ട് തുറന്ന് കയറിയ ഷാജഹാൻ ഉറങ്ങി കിടന്നിരുന്ന ഒന്നര വയസുള്ള കുട്ടിയുടെ ഒരു പവൻ മാല, മുക്കാല്‍ പവൻ പാദസ്വരം, അരപവൻ വള എന്നിവയാണ് മോഷ്ടിച്ചത്.വീട്ടിലെ മുതിര്‍ന്ന സ്ത്രീ മോഷ്ടാവിനെ കണ്ടിരുന്നെങ്കിലും ഭയം മൂലം ശബ്ദിച്ചില്ല. പിന്നീട് കുടുംബം കുറ്റിപ്പുറം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സി.സി.ടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരൂരങ്ങാടിയില്‍ വെച്ച് പ്രതിവലയിലാകുന്നത്.
മോഷണം നടന്ന വീട്ടിലെ സ്ത്രീ ഷാജഹാനെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളിലായി 30 തോളം മോഷണ കേസുകളില്‍ പ്രതിയാണ് ഷാജഹാൻ. കല്‍പ്പകഞ്ചേരി സ്റ്റേഷൻ പരിധിയില്‍ നടന്ന ഒരു മോഷണ കേസില്‍ അറസ്റ്റിലായ ഷാജഹാൻ ഏപ്രിലിലാണ് തിരൂര്‍ സബ്ബ് ജയിലില്‍ നിന്നും മോചിതനാകുന്നത്. തുടര്‍ന്നാണ് കുറ്റിപ്പുറം സ്റ്റേഷൻ പരിധിയില്‍ മോഷണം നടത്തിയത്.