സംഘർഷമൊഴിയാതെ മണിപ്പൂർ; സ്കൂളിലേക്ക് പോവുകയായിരുന്ന പന്ത്രണ്ടുകാരിക്ക് വെടിയേറ്റു
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. വെടിവെപ്പിൽ ക്വാക്ത സ്വദേശിയായ സലിമ (12) എന്ന വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. സ്കൂളിലേക്ക് പോകുമ്പോഴാണ് പെൺകുട്ടിക്ക് വെടിയേറ്റത്. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്തയിലാണ് സംഭവം. കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ പരസ്പരം വെടിയുതിർക്കുകയായിരുന്നു. ശരീരത്തിന് പുറകിൽ വെടിയേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. റേഡിയന്റ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സലിമ.
മണിപ്പൂരിലെ 350 ദുരിതാശ്വാസ ക്യാമ്പുകളിലായി 10,000 കുട്ടികൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ 37 ക്യാമ്പുകളിലായി 1,100 കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പ് പഠനം ഉറപ്പു നൽകുന്നുണ്ട്. അന്താരാഷ്ട്ര സംഘടനയുമായി കൈകോർത്താണ് കുട്ടികൾക്ക് ക്യാമ്പുകളിൽ പഠന സഹായങ്ങൾ ചെയ്തുകൊടുക്കുന്നത്. മണിപ്പൂരിൽ നിന്ന് കുടിയിറക്കപ്പെട്ട 12,600-ലധികം ആളുകൾ മിസോറാമിലേക്ക് എത്തിയിട്ടുണ്ട്. ഇവർക്ക് കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മിസോറാമിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഞായറാഴ്ച പറഞ്ഞിരുന്നു.
അതേസമയം മണിപ്പൂരില്‍ സമാധാനത്തിനായി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഒരുക്കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മണിപ്പൂരില്‍ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത് നഗ്നരാക്കി നടത്തിയ ദൃശ്യങ്ങളിന്മേല്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേസില്‍ സ്വീകരിച്ച നടപടികള്‍ ഇന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. കേസ് സിബിഐയ്ക്ക് കൈമാറിയെന്നും മണിപ്പൂരിന് പുറത്ത് വിചാരണ നടത്താനുള്ള ശുപാര്‍ശയും കോടതിയെ ഇന്ന് അറിയിക്കും. സമാധാനത്തിനായി സ്വീകരിച്ച നടപടികളും സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വിശദീകരിക്കും.
മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധി സംഘം ഗവർണർ അനുസുയ യുക്കിയെ സന്ദർശിച്ച് ആവശ്യപ്പെട്ടിരുന്നു. ക്യാമ്പിൽ കഴിയുന്നവർക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കണം. നിലവിൽ ക്യാമ്പിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. അതിന് പരിഹാരം കണ്ടെത്തണം. കുക്കി, മെയ്തി വിഭാഗങ്ങളെ ഒരു മേശക്ക് ചുറ്റുമിരുത്തി ചർച്ച നടത്തണമെന്നും പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധികൾ പറഞ്ഞിരുന്നു. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് സൗകര്യങ്ങളുള്ള ദുരിതാശ്വാസക്യാമ്പ് ഒരുക്കാൻ പോലും സർക്കാരിനായിട്ടില്ലെന്ന് സംഘം കുറ്റപ്പെടുത്തി. ക്യാമ്പുകളിലെ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും സംഘം അനുസുയ യുക്കിയോട് ആവശ്യപ്പെട്ടു. വംശീയ കലാപം രൂക്ഷമായ സംസ്ഥാനം സന്ദർശിച്ച ശേഷം പ്രതിപക്ഷ എംപിമാർ ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.