ജീവിത വിജയം നേടിയെടുക്കുന്നതിന് ഒരാൾ സമർപ്പിക്കുന്ന മനോബലം ഉണ്ടല്ലോ ..അതാണ് ദൃഢനിശ്ചയം . അസാധ്യമായവയെ സാധ്യമാക്കുന്ന ഉൾക്കരുത്ത് നമ്മളിലേക്ക് എത്തിച്ചുകൊണ്ട് അചഞ്ചലമായി ലക്ഷ്യത്തിലേക്ക് മുന്നേറാൻ അത്
നമ്മളെ പ്രാപ്തരാക്കും .
ജീവിതത്തിൽ നമ്മൾ പലയിടത്തും പരാജയപ്പെടുമ്പോൾ നമ്മളെ അത്രയും ഇഷ്ടത്തോടെ ചേർത്തു നിർത്തി ആത്മവിശ്വാസം പകർന്നു നൽകുന്ന ചിലരുണ്ട് . അവരുടെ വാക്കുകൾ മാത്രം മതി. ആത്മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാൻ.
ജീവിതത്തിൽ താങ്ങായും തണലായും നമുക്ക് നാം മാത്രമേ ഉണ്ടാകൂ എന്ന അവസ്ഥ വരുമ്പോൾ ധൈര്യം കൈവിടാതിരിക്കുക. സത്യസന്ധതയും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ അപ്രാപ്യമെന്ന് കരുതുന്ന പലതും നമുക്ക് പൊരുതി നേടിയെടുക്കാൻ കഴിയും.
കനത്ത മഴ പെയ്യുമ്പോൾ പക്ഷികളെല്ലാം സുരക്ഷിതമായ ഇടം തേടി പോകും. എന്നാൽ പരുന്ത് മാത്രം മേഘങ്ങൾക്കു മീതെ പറന്നു മഴയെ അതിജീവിക്കും. പ്രശ്നങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്.അതിനെ അഭിമുഖീകരിക്കുന്ന രീതിയാണ് പ്രധാനം.
ജീവിതത്തിലെ കയ്പേറിയ തിരിച്ചടികളെ തികഞ്ഞ ആത്മവിശ്വാസ ത്തോടെനേരിടുക. ഉറച്ച മനക്കരുത്തുണ്ടെങ്കിൽ നഷ്ടങ്ങളിൽ നിന്നും കോട്ടങ്ങളിൽ നിന്നും അത്ഭുതകരമായ വിജയം നേടാൻ കഴിയും.
ഏതുതരം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും വിജയം സാധ്യമാകും വരെ തീവ്രമായ ചോദനകൾകൊണ്ട് പ്രവർത്തനം തുടരാൻ ഉള്ളിൽ നിന്ന് മനോബലത്തിന്റെ ഇന്ദ്രജാലങ്ങൾ ഉത്ഭവിക്കുക തന്നെ ചെയ്യും.
✍️ : അശോകൻ.സി.ജി.