അറിവ് എന്നത് ഒരു കെടാവിളക്ക് ആണ്.പകരും തോറും വർധിക്കുന്ന പ്രകാശം. ഒരു തിരിനാളത്തിൽ നിന്ന് ആയിരം തിരി തെളിച്ചാലും തിരികൾ തെളിക്കാൻ ഉപയോഗിച്ച ആദ്യത്തെ ആ തിരിനാളം ഒരു കുറവും വരാതെ കത്തിത്തന്നെ ഇരിക്കും. ആ തിരിനാളത്തിന്റെ പ്രകാശത്തിന് ഒരു കുറവും വരികയില്ല. അതുപോലെ ആണ് അറിവും.
മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നത് അറിവ് നേടാനുള്ള അവന്റെ കഴിവ് ആണ്. അറിവ് നേടിയില്ല എങ്കിൽ ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന പിഴവുകൾ നിരവധി ആണ്.വിവരം, അറിവ്, തിരിച്ചറിവ്, ജ്ഞാനം ഒക്കെ നമുക്ക് നേടാം. ഇവ എല്ലാം തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ വ്യത്യാസവും ഉണ്ട്. വിവരം അല്ല അറിവ്, അറിവ് അല്ല ജ്ഞാനം. ഇംഗ്ലീഷ് അർത്ഥം പോലും വ്യത്യാസം ആണ്. വിവരം എന്നതിനു ഇംഗ്ലീഷിൽ 'ഇൻഫർമേഷൻ' എന്നാണ് പറയുക, പക്ഷേ അത് അറിവ് ആകുമ്പോൾ 'നോളെജ്' ആകുന്നു. അറിവുകൾ പല തരത്തിൽ നമുക്ക് നേടാം. വീട്ടിൽ നിന്ന്, വിദ്യാലയങ്ങളിൽ നിന്ന്, സമൂഹത്തിൽ നിന്ന്, അനുഭവങ്ങളിൽ നിന്ന്. അങ്ങനെ നേടുന്ന അറിവ് തിരിച്ചറിവ് ആകുകയും അങ്ങനെ അറിഞ്ഞറിഞ്ഞു അറിവിന്റെ കൊടുമുടികൾ കയറുമ്പോൾ ജ്ഞാനമാകുകയും ചെയ്യും. 'അവനവനാത്മ സുഖത്തിനായാചരിക്കുന്നവ അപരന് ഗുണത്തിനായി വരേണം' എന്ന് ഓരോരുത്തരും മനസ്സിലാക്കുമ്പോൾ ലോകം തന്നെ അറിവ് കൊണ്ട്, സ്‌നേഹം കൊണ്ട് പ്രകാശിക്കും.അറിയേണ്ടത് അറിയുന്നതാണ് അറിവ്. മനുഷ്യൻ എന്ന നിലയിൽ ഉള്ള നമ്മുടെ ധർമങ്ങളെ അറിയുക. ശാശ്വതമായ മൂല്യങ്ങളെ അറിയുക. ആ അറിവ് മുൻനിർത്തി പ്രവർത്തിക്കുക. ആ അറിവിന്റെ വെളിച്ചത്തിൽ നമ്മുടെ വീടും നാടും ഒക്കെ പ്രകാശിക്കട്ടെ.
അറിവ് അത് എവിടുന്ന് ലഭിക്കുന്നതാണെങ്കിലും സ്വീകരിക്കാൻ നാം തയ്യാറാവേണം. ചിലപ്പോൾ നമ്മേക്കാൾ തീരെ ചെറിയ ഒരു കുട്ടിയിൽ നിന്ന് ആവാം നമുക്ക് പുതിയ അറിവുകൾ ലഭിക്കുക. നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്.. നടക്കില്ല എന്ന് നമ്മൾ വിചാരിക്കുന്ന പലതും മറ്റുള്ളവരുടെ കണ്ണിൽ അങ്ങിനെ ആയിരിക്കില്ല.
പലരും കേട്ടിരിക്കാൻ ഇടയുള്ള ഒരു കഥ പറയാം ;എനിക്ക് എല്ലാം അറിയാം എന്നെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്ന് വിചാരിച്ചു നടന്ന ഒരു വലിയ മനുഷ്യൻ ഉണ്ടായിരുന്നു. .. ഒരു ദിവസം അദ്ദേഹം തന്റെ കാറിൽ ഒരു യാത്ര പോയി. പെട്ടെന്ന് വഴിയിൽ വെച്ച് തന്റെ കാറിന്റെ വീൽ പഞ്ചറായി.ഡിക്കിയിൽ നിന്നും സ്റ്റെപ്പിനി എടുത്തു കൊണ്ട് വന്ന ശേഷം അദ്ദേഹം പഞ്ചറായ വീലിന്റെ നെട്ടുകൾ അഴിച്ചു വെച്ചു. . ഒരു ഓടയുടെ അടുത്താണ് വെച്ചത്.. നെട്ടുകൾ ഉരുണ്ട് ഓടയിൽ പോയി. അദ്ദേഹം, ഇനി എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഇരിപ്പായി. . എല്ലാം അറിയുന്ന ഈ മനുഷ്യന് ഇനി നാല് നെട്ടുകൾ വേണം കാറിൽ വീൽ പിടിപ്പിക്കാൻ.
ഓടയിൽ വീണത് എടുക്കാനും പറ്റില്ല. . വലിയ കുഴിയാണ് ... പുതിയ നാല് നെട്ടു വാങ്ങാൻ ഒരുപാട് ദൂരം യാത്ര ചെയ്യണം.അവസാനം ഒന്നും നടപ്പില്ല എന്ന് കണ്ടപ്പോ അദ്ദേഹം നടന്നു പോയി നെട്ടു വാങ്ങാൻ തീരുമാനിച്ചു,
ആ സമയത്ത് ഒരു കൊച്ചു കുട്ടി അവിടെ വന്നു. അവൻ അദ്ദേഹത്തോട് ചോദിച്ചു എന്താണ് പറ്റിയതെന്ന്.
അദ്ദേഹം മനസ്സിൽ കരുതി അവന് തന്നെ സഹായിക്കാൻ പറ്റില്ല. ..പിന്നെ അവന് തന്റെ അത്രയും അറിവില്ല. . അതു കൊണ്ട് തന്നെ അദ്ദേഹം അവന് നേരെ ഒന്ന് പുഞ്ചിരിച്ചു.
മറുപടി കിട്ടാതെ വന്നപ്പോ കുട്ടി ഒന്ന് കൂടി ചോദ്യം ആവർത്തിച്ചു.. അദ്ദേഹം കാര്യം അവനോടു പറഞ്ഞു. . ഒരു നിമിഷം പോലും ചിന്തിക്കാതെ കുട്ടി പറഞ്ഞു...ബാക്കി ഉള്ള മൂന്നു വീലുകളിൽ നിന്നും ഓരോ നെട്ടുവീതം അഴിച്ചെടുത്തു ഈ വീൽ പിടിപ്പിക്കുക.. എന്നിട്ട് വണ്ടി ഓടിച്ചു കൊണ്ട് പോയി പുതിയ നാല് നെട്ടുകൾ വാങ്ങി എല്ലാ വീലിലും ഓരോന്ന് വീതം ചേർത്ത് നാലെന്ന ക്രമത്തിൽ ആക്കുക.
അദ്ദേഹം ആദ്യം ചെയ്തത് അവനെ കെട്ടി പിടിക്കുകയായിരുന്നു..
എത്ര അറിവുള്ള വ്യക്തിയായാലും നമ്മുടെ അറിവുകൾക്ക് ഒരു പരിധിയുണ്ട്.. നടക്കില്ല എന്ന് നാം വിചാരിക്കുന്ന പലതും മറ്റുള്ളവരുടെ കണ്ണിൽ അങ്ങനെ ആയിരിക്കില്ല.
അറിവ് എന്നത് ഒരു കെടാവിളക്ക് ആണ്.പകരും തോറും വർധിക്കുന്ന പ്രകാശം. ഒരു തിരിനാളത്തിൽ നിന്ന് ആയിരം തിരി തെളിച്ചാലും തിരികൾ തെളിക്കാൻ ഉപയോഗിച്ച ആദ്യത്തെ ആ തിരിനാളം ഒരു കുറവും വരാതെ കത്തിത്തന്നെ ഇരിക്കും. ആ തിരിനാളത്തിന്റെ പ്രകാശത്തിന് ഒരു കുറവും വരികയില്ല. അതുപോലെ ആണ് അറിവും. നമുക്ക് അറിവ് നൽകാൻ വേണ്ടി വന്നുപോയവരാണ് പ്രവാചകന്മാരും മറ്റു മഹാത്മാക്കളുമൊക്കെ.ഓരോരുത്തരും അറിവ് നേടുംതോറും സമൂഹത്തിൽ ഇന്ന് നടക്കുന്ന അക്രമങ്ങളും അനീതിയും ഒക്കെ ഇല്ലാതാകും.അജ്ഞാനമാകുന്ന ഇരുട്ടിൽ അറിവിന്റെ പ്രകാശം പരത്തുന്ന ചിരാതുകൾ ആകാൻ നമുക്ക് ഓരോരുത്തർക്കും കഴിയട്ടെ.