കുറയാതെ ആസിഡ് ആക്രമണങ്ങള്‍; ഏഴു വര്‍ഷത്തിനിടെ ഇരയായത് 113 പേര്‍
കൊച്ചി: കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 113 ആസിഡ് ആക്രമണങ്ങള്‍. 133 പേര്‍ക്ക് പരിക്കേല്‍ക്കുകയും അതില്‍ 11 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിന് ഇരയാക്കപ്പെട്ട 29 പേര്‍ക്ക് സംസ്ഥാന സര്‍ക്കാറിന്‍റെ നഷ്ടപരിഹാര പദ്ധതിയില്‍പെടുന്ന കേരള വിക്ടിം കോമ്ബൻസേഷൻ സ്കീം പ്രകാരം കേരള ലീഗല്‍ സര്‍വിസ് അതോറിറ്റിയില്‍നിന്ന് തുക അനുവദിച്ചിട്ടുണ്ട്.
ആക്രമണത്തിന് ഇരയായവര്‍ക്ക് സംഭവം നടന്ന് 15 ദിവസത്തിനുള്ളില്‍ ഒരുലക്ഷം രൂപ നല്‍കണമെന്നാണ് വ്യവസ്ഥ. അപേക്ഷ വൈകുന്നതും ഫണ്ട് അപര്യാപ്തതയുമൊക്കെ കാലതാമസത്തിന് ഇടയാക്കുന്നുണ്ട്. 40 ശതമാനത്തിലധികം രൂപഭംഗം വന്നവര്‍ക്ക് മൂന്നുലക്ഷം, അതില്‍ കുറവ് രൂപഭംഗം വന്നവര്‍ക്ക് ഒരുലക്ഷം എന്നിങ്ങനെയാണ് നഷ്ടപരിഹാരം. കോടതിയില്‍നിന്ന് ശിപാര്‍ശയോ ഇരയുടെയോ ആശ്രിതരുടെയോ അപേക്ഷയോ കിട്ടിയാല്‍ രണ്ട് മാസത്തിനുള്ളില്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി ഉചിതമായ അന്വേഷണം നടത്തി രേഖകളും മറ്റുവിവരങ്ങളും പരിശോധിച്ച് നഷ്ടപരിഹാരം നിര്‍ണയിക്കും. ഒറ്റത്തവണയായോ ഒന്നോ രണ്ടോ തവണകളായോ ബാങ്ക് അക്കൗണ്ടിലൂടെയാണ് നല്‍കുക.
കൂടാതെ വനിത ശിശുവകുപ്പിന്‍റെ 2018 ഡിസംബര്‍ 10ല്‍ നിലവില്‍ വന്ന ആശ്വാസ നിധി പദ്ധതിയിലൂടെ ആക്രണമണത്തിന് ഇരയാകുന്നവര്‍ക്ക് ഒന്നു മുതല്‍ രണ്ടുലക്ഷം രൂപ വരെ അനുവദിക്കുന്നുണ്ട്. അപേക്ഷകര്‍ കുട്ടികളാണെങ്കില്‍ ജില്ല ശിശു സംരക്ഷണ ഓഫിസര്‍, സ്ത്രീകളാണെങ്കില്‍ ജില്ല വനിത സംരക്ഷണ ഓഫിസര്‍ എന്നിവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആശ്വാസ നിധി പദ്ധതിയിലൂടെ 19 പേര്‍ക്ക് 2019 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെ തുക അനുവദിച്ചിട്ടുണ്ട്.