വയനാട്ടിൽ ജനവാസകേന്ദ്രങ്ങളില്‍ വീണ്ടും കടുവ; വളര്‍ത്തു മൃഗങ്ങളെ കൊന്നു.
വയനാട്ടില്‍ രണ്ടിടങ്ങളില്‍ കടുവാ ഭീതി. ബത്തേരി മൂലങ്കാവ്,തിരുനെല്ലി പനവല്ലി എന്നീ ജനവാസ കേന്ദ്രങ്ങളില്‍ വീണ്ടും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു.പനവല്ലിയില്‍ കഴിഞ്ഞ രാത്രി നാട്ടുകാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചു.മൂലങ്കാവ് എറളോട്ട് കുന്നില്‍ കഴിഞ്ഞ ദിവസം കടുവയിറങ്ങി വളര്‍ത്തുമൃഗത്തെ ആക്രമിച്ച് കൊന്നിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും തെക്കേക്കില്‍ രാജേഷിന്റെ പശുവിനെ കടുവ ആക്രമിച്ചു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോവുകയും ചെയ്തു. തൊഴുത്തില്‍ നിന്ന് ബഹളം കേട്ടെത്തിയ വീട്ടുകാര്‍ പടക്കം പൊട്ടിച്ചും ഒച്ചവെച്ചുമാണ് കടുവയെ ഓടിച്ചത്.
തിരുനെല്ലി പഞ്ചായത്തില്‍ പനവല്ലി,സര്‍വ്വാണി എന്നിവിടങ്ങളില്‍ ദിവസങ്ങളായി കടുവാ ഭീതി നിലനില്‍ക്കുന്നുണ്ട്.കടുവയെ കൂടുവെച്ച് പിടികൂടണ മെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു.ക്യാമറകളും കൂടും സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പിലാണ് ഇവിടെ പ്രതിഷേധം അവസാനിച്ചത്.