മയക്കുമരുന്നുകടത്തിന്റെ ഇടത്താവളമായി കേരളം മാറുന്നതായി ആശങ്ക
രാജ്യത്തെ മയക്കുമരുന്നുകടത്തിന്റെ ഇടത്താവളമായി സംസ്ഥാനം മാറുന്നു. കഴിഞ്ഞദിവസം കരിപ്പൂരിൽ പിടിയിലായ ഉത്തർപ്രദേശ് സ്വദേശി രാജീവ്‌കുമാറിനെ ചോദ്യംചെയ്തതിൽനിന്നാണ് അന്വേഷണ ഏജൻസികൾക്ക് ഇക്കാര്യം വ്യക്തമായത്.
എം.ഡി.എം.എ, എൽ.എസ്.ഡി. തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകൾ കർണാടക, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലെത്തിച്ച് വിതരണംചെയ്യുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് നേരത്തേ കണ്ടെത്തിയിരുന്നു.
കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ ആന്ധ്രാപ്രദേശിൽനിന്നും തെലങ്കാനയിൽനിന്നുമാണ് കേരളത്തിലെത്തുന്നതെന്നും ഇവർ പറഞ്ഞിരുന്നു. വിശാഖപട്ടണംമുതൽ കൊച്ചിവരെ നീളുന്ന ലഹരി ഇടനാഴി പ്രവർത്തിക്കുന്നതായും രാജ്യത്ത് പിടിയിലായ മിക്ക ലഹരിക്കടത്തുകാരും ഈ ഇടനാഴിയിലെ അംഗങ്ങളുമായി ബന്ധമുള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്.
ആഭ്യന്തരമാർക്കറ്റിൽ ക്ഷാമം നേരിടുകയും ആവശ്യക്കാർ ഏറുകയും ചെയ്തതോടെ ഈ മാഫിയ മാലിദ്വീപ്, ആഫ്രിക്കൻ രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ചരക്കെത്തിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ മാത്രം കഴിഞ്ഞ ഒരുവർഷത്തിനിടെ ആറിലേറെ മയക്കുമരുന്നുകടത്താണ് പിടികൂടിയത്.
ബെംഗളൂരു, വിശാഖപട്ടണം വിമാനത്താവളങ്ങളിൽ പിടിയിലായ വിദേശികളും കേരളം ലക്ഷ്യംവെച്ച് എത്തിയവരായിരുന്നു.കടൽമാർഗവും സംസ്ഥാനത്ത് ചരക്കെത്തിക്കാനാകുമെന്നതും ലഹരിമാഫിയയ്ക്ക് സഹായകമാകുന്നു. കഴിഞ്ഞവർഷം കോസ്റ്റ്ഗാർഡ് ഒറ്റ ഓപ്പറേഷനിൽ പിടികൂടിയത് 300 കിലോ മയക്കുമരുന്നാണ്. അഞ്ച് എ.കെ. 47 തോക്കുകളും തിരകളുംകൂടി അവർ കണ്ടെടുത്തു.
ശ്രീലങ്കൻ സ്വദേശികളാണ് പിടിയിലായത്. കേരള തീരത്തിറക്കാനാണ് മയക്കുമരുന്നെത്തിച്ചതെന്നാണ് പ്രതികൾ മൊഴിനൽകിയത്.
മാസങ്ങൾക്കുമുൻപ് 7000 കോടിയുടെ മയക്കുമരുന്നുമായി ഇറാനിയൻ സ്വദേശികളും കോസ്റ്റ്ഗാർഡിന്റെ വലയിലായിരുന്നു.
നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് (എൻ.ഡി.പി.എസ്.) ആക്ട് അനുസരിച്ചുള്ള കേസുകൾ സംസ്ഥാനത്ത് കുതിച്ചുയരുകയാണ്. 2016-ൽ 5924 കേസുകൾ ഉണ്ടായിരുന്നത് 2019-ൽ 9245, 2022-ൽ 26,803 എന്നിങ്ങനെ കൂടിയിട്ടുണ്ട്.