തോക്ക് വാങ്ങിയത് ഓൺലൈൻ വഴി; വെടി പൊട്ടിയപ്പോൾ ആദ്യം അഭിനയമെന്നു കരുതി; വായിൽ നിന്ന് ചോര വന്നപ്പോൾ കളി കാര്യമായി; സുഹൃത്തുക്കളുടെ ഒത്തുചേരൽ അവസാനിച്ചത് അപ്രതീക്ഷിത മരണത്തിൽ; മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ...
എയർഗണ്ണിൽനിന്നുള്ള വെടിയേറ്റു യുവാവ് മരിച്ചത് ഒപ്പമുണ്ടായിരുന്നവർക്കും ഞെട്ടലായി. വെടിയേറ്റു മരിച്ച എയർ ഗണ്ണിൽ നിന്നുള്ള വെടിയേറ്റു യുവാവ് മരിച്ചത് ഒപ്പമുണ്ടായിരുന്നവർക്കും ഞെട്ടലായി. വെടിയേറ്റു മരിച്ച ഷാഫിയും അറസ്റ്റിലായ സജീവും മാസങ്ങളായി കൊച്ചിയിലെ സ്വകാര്യ ട്രാവൽസിൽ ജോലി ചെയ്യുകയായിരുന്നു.
കുട്ടിക്കാലം മുതൽ സുഹൃത്തുക്കളുമായിരുന്നു. ഡ്രൈവർമാരായ ഇരുവരും നാട്ടിലും ജോലി സ്ഥലത്തും വലിയ അടുപ്പമായിരുന്നു. സജീവിന്റെ വീട്ടിൽ സംസാരിച്ചുനിൽക്കുന്നതിനിടെ പെട്ടെന്ന് വെടിപൊട്ടി. ഷാഫി വെടികൊണ്ടതായി ഭാവിച്ചപ്പോൾ തമാശയാണെന്നാണ് ആദ്യം സുഹൃത്തുക്കൾ കരുതിയത്. ഷാഫിയുടെ വായിൽനിന്ന് രക്തം വരുന്നത് കണ്ടതോടെ ഞെട്ടലായി.
ഉടൻ തൊട്ടടുത്ത സജീവിന്റെ ബന്ധുവിന്റെ കാറിൽ 3 പേരും പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലേക്ക് എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അപ്രതീക്ഷിതമായാണ് സജീവിന്റെ കയ്യിലുണ്ടായിരുന്ന എയർ ഗണിൽ നിന്ന് ഷാഫിയുടെ നെഞ്ചിൽ വെടിയേറ്റെന്ന് 3 പേരും മൊഴി നൽകിയതോടെ കസ്റ്റഡിയിൽ എടുത്ത സജീവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിൽ നേരിട്ടു പങ്കില്ലാത്തതിനാൽ മുഫീതിനെയും സുൽഫിക്കിറിനെയും ഉപാധികളോടെ പൊലീസ് വിട്ടയച്ചു. ഓൺലൈൻ വഴിയാണ് സജീവ് എയർഗൺ വാങ്ങിയത്.
അതേസമയം, യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകി. ചിറവല്ലൂർ ആമയം നമ്പറാത്ത് ഹൈദ്രോസ്കുട്ടിയുടെ മകൻ ഷാഫി (40) ആണ് കഴിഞ്ഞ ദിവസം പെരുമ്പടപ്പിലെ സുഹൃത്തിന്റെ വീട്ടിൽ വച്ച് വെടിയേറ്റു മരിച്ചത്. ഷാഫിയെ പലകുറി വിളിച്ചാണ് സജീവിന്റെ വീട്ടിലെത്തിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. വർഷങ്ങളായി സൗഹൃദമുള്ള കൊച്ചിയിലെ ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാരാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇരുവരും നാട്ടിലെത്തിയത്. സജീവിനെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഫൊറൻസിക്, വിരലടയാള വിദഗ്ധർ വീട്ടിൽ പരിശോധന നടത്തി. എയർഗൺ പൊലീസിന്റെ വിദഗ്ധസംഘം പരിശോധിച്ചു.