ഉപ്പയുടെ കൺമുന്നിൽ മൂന്ന് പെൺമക്കൾ മുങ്ങിമരിച്ചു; അപകടം കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ..
കുളത്തിൽ ഇറങ്ങിയ മൂന്ന് സഹോദരങ്ങൾ മുങ്ങിമരിച്ചു. റംഷീന (23) നാഷിദ (26) റിൻഷി (18) എന്നിവരാണ് മരിച്ചത്. പാലക്കാട് കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയവരാണ് ഇവർ.
ഉപ്പയോടപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു ഇവർ. ഉപ്പ അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തിൽ ഇറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാൾ വെള്ളത്തിൽ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തിൽ പെട്ടു.
അന്യസംസ്ഥാന തൊഴിലാളി വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും ഇവരെ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ചിരുന്നു. ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
ഒരേക്കർ വിസ്‌തൃതിയുള്ള കുളത്തിലാണ് അപകടം. ഈ കുളത്തിൽ മുമ്പ് അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. മയ്യിത്തുകൾ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി ഖബറടക്കും.