ICU-വിലെ പീഡനം: 'മന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാനാകാത്ത സാഹചര്യം'; അതിജീവിത പ്രത്യക്ഷ സമരത്തിലേക്ക്
ICU-വിലെ പീഡനം: 'മന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാനാകാത്ത സാഹചര്യം'; അതിജീവിത പ്രത്യക്ഷ സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യുവില്‍ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത പ്രത്യക്ഷസമരത്തിലേക്ക്. ഐ.സി.യുവിൽ അതിക്രമത്തിനിരയായി ആറുമാസം ആയിട്ടും നീതി ലഭിക്കാതായതോടെയാണ് അതിജീവിത സമരത്തിലേക്ക് കടക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ ഉടൻ കുത്തിയിരിപ്പ് സമരം തുടങ്ങാനാണ് അതിജീവിതയുടെ തീരുമാനം.
കഴിഞ്ഞ 16-ന് അതിജീവിത തിരുവനന്തപുരത്ത് പോയി വീണാ ജോര്‍ജിനെ കണ്ടിരുന്നു. പ്രതിക്ക് സംരക്ഷണം നൽകില്ലെന്നും അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു എന്നാൽ മന്ത്രിയുടെ വാക്കുകൾ വിശ്വസിക്കാനാവില്ലെന്നതാണ് നിലവിലെ സാഹചര്യമെന്ന് അതിജീവിത പറയുന്നു.
അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്തവരെ തിരിച്ചെടുത്തതിൽ അന്വേഷണം വേണം, പ്രതി ശശീന്ദ്രൻ സ്ഥിരമായി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത് തടയണം- തുടങ്ങിയ കാര്യങ്ങളെല്ലാം അതിജീവിത ആരോഗ്യമന്ത്രിയെ അറിയിച്ചിരുന്നു. ആരോഗ്യമന്ത്രി ഡി.എം.ഇയെ ചുമതലപ്പെടുത്തുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ അന്വേഷണങ്ങളൊന്നും നടന്നില്ലെന്നും അതിജീവിത പറയുന്നു.
കേസിലെ അന്വേഷണത്തിൽ സംശയമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി ഒരുമാസം ആയിട്ടും മറുപടിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അതിജീവിത സമരത്തിലേക്ക് നീങ്ങുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതിൽ നീതി ആവശ്യപ്പെട്ട് ഇരയായ ഹർഷിന നടത്തുന്ന സമരം നൂറ് ദിവസം പിന്നിട്ടതിന് പിന്നാലെയാണ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയുടെ സമരപ്രഖ്യാപനം.