ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യൻ സ്വയം എരിയാൻ തയാറായിക്കൊണ്ടാണ് ലോകത്തെ പ്രകാശിപ്പിക്കുന്നത്. സൂര്യനെപ്പോലെ ശോഭിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആദ്യം സ്വയം കത്തിജ്വലിക്കാൻ തയാറാവണം.
നീണ്ട നാളുകൾ കൊണ്ട് പുറത്തുള്ള മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുമ്പോഴാണ് ഭൗമാന്തർ ഭാഗത്തു നിന്ന് ജലം പുറത്തു വരുന്നത്, സ്വയം മുറിയപ്പെടാനും തകർക്കപ്പെടാനും തയാറാകുമ്പോഴാണ് പാറയിൽ നിന്ന് ശില്പം സൃഷ്ടിക്കപ്പെടുന്നത്, ഒരു വിത്ത് സ്വന്തം പുറന്തോട് പൊട്ടിക്കുമ്പോഴാണ് അതിൽ നിന്ന് വളരാനുള്ള നാമ്പ് പുറത്തു വരുന്നത്.
ജീവിതത്തിൽ ഏതു നേട്ടം കൈവരിക്കുന്നതിനും പ്രയത്നം ആവശ്യമാണ്. എളുപ്പവഴിയിലൂടെ സമ്പത്ത്, പ്രശസ്തി, അംഗീകാരം, നേട്ടങ്ങൾ, പഠനത്തിലും ജോലിയിലുമുള്ള ഉയർച്ച, മറ്റുള്ളവരുടെ ആദരവ് എന്നിവയൊന്നും നേടാൻ കഴിയില്ല. അതിന് സ്ഥിരോൽസാഹവും ദൈവാശ്രയത്വവും തളരാതെ പ്രവർത്തിക്കാനുള്ള മനസ്സും ആവശ്യമാണ്.
പക്ഷെ, പിറന്നു വീണയുടൻ തന്നെ സെൽഫിക്ക് പോസ് ചെയ്ത് പരമാവധി ലൈക്കും കമന്റും നേടി അംഗീകാരത്തിന്റെ എളുപ്പവഴിയിലേക്ക് പ്രവേശിക്കുന്ന കുഞ്ഞുൾപ്പെടെ പിന്നീട് വളരുമ്പോൾ, യഥാർഥ ജീവിതത്തിലും ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്യുമ്പോൾ കിട്ടുന്ന വേഗത്തിൽ അംഗീകാരങ്ങളും അഭിനന്ദനങ്ങളും കിട്ടാൻ ആഗ്രഹിക്കുന്നു. വിഡിയോ ഗെയിമുകളിലും മറ്റും വളരെ എളുപ്പത്തിൽ പ്രതിബന്ധങ്ങൾ തകർത്തു കൊണ്ട് മുന്നേറുന്ന വ്യക്തി യഥാർഥ ജീവിതത്തിൽ പക്ഷെ പ്രതിബന്ധങ്ങളിൽ പതറുന്നു. പക്ഷെ, അംഗീകാരങ്ങളും നേട്ടങ്ങളും എപ്പോഴും കൊതിച്ചു കൊണ്ടിരിക്കുന്ന മനസ്സ് അതിനായി പുതു വഴികൾ തേടുന്നു. ശരിയായ വഴിയിലൂടെ നേട്ടങ്ങൾ പ്രയാസമാണെന്ന് കാണുമ്പോൾ കുറുക്കുവഴികൾ തേടുന്നു. ഇത്തരത്തിലുള്ള മാനസിക വൈകല്യത്തിന്റെ ഉദാഹരണങ്ങളാണ് അമിതവേഗത്തിൽ പല തരം അഭ്യാസങ്ങൾ കാണിച്ചുകൊണ്ട് ബൈക്കുൾപ്പെടെയുള്ള വാഹനങ്ങൾ ഓടിക്കുന്നതും അപകടകരമായ സ്ഥലങ്ങളിൽ അധികൃതരുടെ വിലക്ക് ലംഘിച്ചുകൊണ്ട് സെൽഫിക്കും മറ്റും പോസ് ചെയ്യുന്നതും.
അടുത്തിടെ ഇടുക്കി ജില്ലയിലെ പരുന്തുംപാറ, രാമക്കൽമേട് എന്നീ ഹിൽസ്റ്റേഷനുകളിലേക്ക് യാത്ര പോകാനിടയായി. അവിടെ ഏതാണ്ട് രണ്ടായിരത്തിലധികം അടി താഴ്ചയുള്ള കൊക്കയുടെ ഏറ്റവും മുകളിലുള്ള പാറയുടെ ഒരറ്റത്ത് അപകടകരമാം വിധം നിന്നുകൊണ്ട് സെൽഫിയെടുക്കുന്ന ചെറുപ്പക്കാർ. സെൽഫിയെടുക്കുന്നതിനിടെ പലരും കാൽതെറ്റിയും മറ്റും പിന്നിലേക്ക് മറിഞ്ഞ് വീണ് ശരീരംചിന്നിച്ചിതറി മരിച്ച ഒട്ടേറെ സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അമിതവേഗത്തിലുള്ള വാഹനാപകടങ്ങൾ വർധിക്കുമ്പോഴും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാനുള്ള കാരണം അംഗീകാരം നേടാനുള്ള അമിതമായ ആഗ്രഹം ഉപബോധമനസ്സിൽ രൂഢമൂലമായിക്കിടക്കുന്നതാണ്.
ഇത്തരക്കാരുടെ കഴിവുകൾ പഠന-പാഠ്യേതര രംഗത്തേക്കും ജോലിയിലേക്കും ക്രിയാത്മകമായി വഴിതിരിച്ചുവിട്ടാൽ അവിടെ ശരിയായ രീതിയിൽ പ്രവർത്തിച്ച് നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. സോഷ്യൽ മീഡിയായിലും വിഡിയോ ഗെയിമുകളിലും വീടുകളിലും ശീലിച്ച ഇൻസ്റ്റന്റ് റിസൽറ്റ് എന്ന ശീലം ഉള്ളിൽ നിറഞ്ഞു നിൽക്കുന്നതിനാൽ പ്രതിസന്ധികളേയും തിരിച്ചടികളെയും അവഗണനകളേയും അവഹേളനങ്ങളെയും അഭിമുഖീകരിച്ചുകൊണ്ട് ക്ഷമയോടെ വിജയത്തിനായി കാത്തിരിക്കാൻ ഇത്തരക്കാർക്ക് വലിയ പ്രയാസമായിരിക്കും. നീണ്ട വർഷങ്ങളുടെ പ്രയത്നമാണ് ഓരോ വിജയവും.
പഠനത്തിൽ റാങ്ക് നേടുന്ന വിദ്യാർഥിയും വിജയം നേടുന്ന ബിസിനസുകാരനും കുടുംബജീവിതം സന്തോഷപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തിയും സമ്പത്തും അംഗീകാരങ്ങളും പ്രശസ്തിയും നേടുന്ന വ്യക്തികളുമെല്ലാം ഒറ്റദിവസം കൊണ്ട് നേടിയെടുത്തതല്ല ഒരു നേട്ടവും. മറിച്ച്, ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെയും മറ്റുള്ളവരുടെ നിഷേധാത്മക സമീപനങ്ങളെയും വാക്കുകളെയും പരാജയങ്ങളെയും അപമാനങ്ങളെയും എല്ലാം നേരിട്ടുകൊണ്ട് അവയിൽ തളരാതെ അവയിൽ നിന്ന് പാഠം ഉൾക്കൊണ്ടു കൊണ്ട് പുതിയ വഴികൾ കണ്ടെത്തി പ്രവർത്തിച്ചപ്പോഴാണ് ഇവരെല്ലാം അവരവരുടെ മേഖലകളിൽ വിജയികളായി മാറിയത്.
മക്കളെ വളർത്തുമ്പോഴും ഈയൊരു കാഴ്ചപ്പാട് അവരിലേക്ക് എത്തിക്കാൻ മാതാപിതാക്കൾക്ക് കഴിയുമ്പോളാണ് പഠനത്തിലും ജോലിയിലും കുടുംബജീവിതത്തിലുമെല്ലാം വിജയിക്കാൻ പര്യാപ്തരായി അവരെ മാറ്റിയെടുക്കാൻ സാധിക്കുന്നത്. അല്ലാതെ വരുമ്പോൾ പഠനത്തിൽ ചെറിയൊരു പരാജയമോ അധ്യാപകരിൽ നിന്ന് വഴക്കോ കേട്ടാൽ ഉടൻ ആത്മഹത്യ, ദാമ്പത്യജീവിതത്തിൽ ഇഷ്ടക്കേടുകളുണ്ടാവുമ്പോൾ ഉടൻ വിവാഹമോചനം, ജോലിയിൽ ചെറിയ ബുദ്ധിമുട്ടുകളുണ്ടാവുമ്പോൾ ഒരിടത്തും ഉറക്കാതെ കമ്പനികളിൽ നിന്ന് കമ്പനികളിലേക്ക് മാറിക്കൊണ്ടിരിക്കുക.. തുടങ്ങിയ അവസ്ഥകളിലേക്ക് പലരും ജീവിതത്തെ വഴിതിരിച്ചുവിടുന്നു.
പ്രതിസന്ധികളും പ്രയാസങ്ങളുമുൾപ്പെടെ ജീവിതയാഥാർഥ്യങ്ങൾ അറിയിച്ചുകൊണ്ട് മക്കളെ വളർത്തുകയാണ് ഇതിന് ചെയ്യാവുന്ന ആദ്യത്തെ പ്രതിവിധി.ചോദിക്കുന്നതെല്ലാം സാധിച്ചു കൊടുക്കുന്ന എടിഎം മെഷീനുകളായി മാതാപിതാക്കൾ മാറാതെ മക്കളോട് നോ പറയാനും പഠിക്കണം. അവർക്കാവശ്യമുള്ളത് കൊടുക്കുക. ആവശ്യമില്ലാത്തത് എത്ര വാശി പിടിച്ചാലും പിണങ്ങിയാലും നൽകരുത്. അങ്ങനെ വരുമ്പോൾ ജീവിതമെന്നത് എന്തും ഉടൻ കിട്ടുന്ന മാജിക്കൽ വേൾഡാണെന്ന തെറ്റായ ചിന്ത വളർന്നാലും കുട്ടികളിൽ ഉണ്ടാവുകയില്ല. അല്ലാതെ വരുമ്പോൾ എടിഎമ്മിൽ നിന്ന് പൈസയെടുത്താൽ കിട്ടുമല്ലോ എന്ന് സ്വന്തം ആവശ്യങ്ങളെ ഉറപ്പിച്ചുകൊണ്ട് അവർ ഈസിയായി പറയും. കാരണം, എടിഎമ്മിൽ എങ്ങനെ പണം വരുന്നു എന്ന് നമ്മൾ അവരെ പഠിപ്പിച്ചിട്ടില്ലല്ലോ. മറിച്ച് എടിഎമ്മിൽ നിന്ന് പണമെടുത്ത് എന്തും സാധിച്ചു കൊടുക്കുമ്പോൾ അവർക്കത് പ്രയത്നമില്ലാതെ എളുപ്പത്തിൽ കിട്ടുന്ന ഒരു വസ്തുമാത്രമാണ്.
അധ്വാനത്തിന്റെ മഹത്വം മകന് മനസ്സിലാക്കിക്കൊടുക്കാൻ കോടിക്കണക്കിന് രൂപ ആസ്തിയുള്ള ഒരു നോർത്ത് ഇന്ത്യൻ വ്യവസായി സ്വന്തം മകനെ കേരളത്തിലേക്ക് അയച്ച വാർത്ത നമ്മൾ പത്രങ്ങളിൽ വായിച്ചില്ലേ. .സ്വയം ജോലി കണ്ടെത്തി അധ്വാനിച്ചു ജീവിക്കാനാണ് ഒരു മാസത്തേക്ക് ആ അച്ഛൻ മകനെ ബന്ധുക്കളും പരിചയക്കാരുമൊന്നുമില്ലാത്ത ദൂരസ്ഥലത്തേക്ക് അയച്ചത്. പല കമ്പനികളും അഞ്ഞൂറു രൂപയുടെയും ആയിരത്തിന്റെയും ഒക്കെ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി ഉപഭോക്താക്കൾക്ക് കൊടുക്കാറുണ്ട്. ഈ ഗിഫ്റ്റ് വൗച്ചറുകളുപയോഗിച്ച് അവരുടെ ഉൽപന്നങ്ങൾ ഗിഫ്റ്റ് വൗച്ചറിലെ തുകക്ക് തുല്യമായ ഡിസ്കൗണ്ട് നിരക്കിൽ നമുക്ക് വാങ്ങാൻ സാധിക്കും. ഇങ്ങനെ സൗജന്യമായി ലഭിക്കുന്ന ആയിരം രൂപയുടെ ഗിഫ്റ്റ് വൗച്ചർ നമ്മുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടുവെന്ന് കരുതുക. വലിയ വിഷമമൊന്നും നമുക്ക് ഉണ്ടാകണമെന്നില്ല. കാരണം അത് നമുക്ക് അധ്വാനിക്കാതെ വെറുതെ കിട്ടിയതാണ്. എന്നാൽ നാം അധ്വാനിച്ചുണ്ടാക്കിയ 1000 രൂപ കൈയിൽ നിന്ന് നഷ്ടപ്പെട്ടാൽ നമുക്ക് പ്രയാസം വരും. കാരണം, അത് നാം പ്രയത്നിച്ചപ്പോൾ ലഭിച്ചതാണ്. ഇതുതന്നെയാണ് പ്രയത്നിക്കാതെ ലഭിക്കുമ്പോഴുള്ള നേട്ടങ്ങളോടുള്ള പലരുടെയും മനോഭാവം. വെറുതെ കിട്ടിയതിനാൽ അതിനാൽ തന്നെ വേണ്ടത്ര മൂല്യം കൽപിക്കാതെ വരുന്നു.
ചെറിയ വസ്തുവാണെങ്കിൽ പോലും അതിന്റെ മൂല്യമറിയിച്ചു കൊണ്ട് മക്കളെ വളർത്തുമ്പോൾ ഭാവിയിലും ഏതു മേഖലയിലും അവർ അത് പ്രാവർത്തികമാക്കുന്നു. ശരിയായ വഴിയിലൂടെ നേടുന്ന വിജയങ്ങളെ ആത്യന്തികമായി നിലനിൽക്കുകയുള്ളുവെന്നുമുള്ള ചിന്തയും അതോടെ അവരിൽ നിറയുന്നു. ഈയൊരു ജീവിതകാഴ്ചപ്പാട് പ്രയത്നത്തിലൂടെ നേട്ടങ്ങൾ കൈവരിക്കാനും അംഗീകാരത്തിനായി കുറുക്കുവഴികൾ തേടാതിരിക്കാനും അവരെ പ്രേരിപ്പിക്കുന്നു.
നീണ്ട നാളുകൾ കൊണ്ട് പുറത്തുള്ള മണ്ണും പാറക്കല്ലുകളും നീക്കം ചെയ്യുമ്പോഴാണ് ഭൗമാന്തർ ഭാഗത്തു നിന്ന് ജലം പുറത്തു വരുന്നത്, സ്വയം മുറിയപ്പെടാനും തകർക്കപ്പെടാനും തയാറാകുമ്പോഴാണ് പാറയിൽ നിന്ന് ശില്പം സൃഷ്ടിക്കപ്പെടുന്നത്, ഒരു വിത്ത് സ്വന്തം പുറന്തോട് പൊട്ടിക്കുമ്പോഴാണ് അതിൽ നിന്ന് വളരാനുള്ള നാമ്പ് പുറത്തു വരുന്നത്. പാലക്കാട്ടും മറ്റും കൊടുംവരൾച്ചയിൽ വരണ്ടുണങ്ങി വിണ്ടു കീറിക്കിടക്കുന്ന പാടശേഖരങ്ങൾ കാണാൻ സാധിക്കും. ഒരിറ്റു വെള്ളമില്ലാതെ, വളരാൻ ഒരു പച്ചപ്പുപോലുമില്ലാതെ, പോയകാലത്തിന്റെ ഹരിതഭംഗി ഓർമ്മയിൽ മാത്രമായി മാറുന്ന കാലം. പക്ഷെ സൂര്യന്റെ കൊടുംചൂടിൽ ഉള്ളം വരണ്ടുണങ്ങി, അവസാനത്തെ ജീവന്റെ കണികയും പുറംലോകത്തിനു മുമ്പിൽ ഇല്ലാതാകുമ്പോളും ആ മണ്ണ് തളരുന്നില്ല. മറിച്ച് അത് കാത്തിരിക്കും. അനുകൂല സാഹചര്യത്തിനായി. മാസങ്ങൾക്കു ശേഷം പുതുമഴ പെയ്യുമ്പോൾ, ആ മണ്ണിന്റെ വിണ്ടുകീറിയ മുറിവുകളിലേക്ക് ജീവന്റെ ജലത്തുള്ളികൾ എത്തിത്തുടങ്ങുമ്പോൾ, വേനൽച്ചൂടിന്റെ കാഠിന്യത്തിൽ മണ്ണിനടിയിൽ ഉറങ്ങിക്കിടന്ന വിത്തുകൾ പതിയെ പുറന്തോടുകൾ പൊട്ടിച്ചുകൊണ്ട് പതിയെ ഭൂമിക്കു മുകളിലേക്ക് തല പുറത്തിടുന്നു. അതേ മണ്ണിൽ നിന്നു തന്നെ വെള്ളവും വളവും വലിച്ചെടുത്ത് അവ മുകളിലേക്ക് വളരുന്നു. കൊടും വേനലിൽ മുഴുവൻ പച്ചപ്പും ഇല്ലാതായപ്പോൾ ഈ വിത്തുകൾ എവിടെയായിരുന്നു. അവ ഇല്ലാതായില്ല. മറിച്ച് അനുകൂല സാഹചര്യം വരാനായി മണ്ണിനടിയിൽ അവ കാത്തിരിക്കുകയായിരുന്നു. നമ്മുടെ ജീവിതത്തിലും ഈയൊരു മനോഭാവം വളർത്തിയാൽ ഏതു പ്രതിസന്ധിയിലും ശരിയായ വഴിയിലൂടെ വിജയത്തിലേക്ക് കുതിച്ചുയരാൻ സാധിക്കും. അതിനു കഴിയട്ടെയെന്നാശംസിക്കുന്നു.