പ്രായം വളരെ കുറവുള്ളവർ വരെ ചെയ്യുന്ന കാര്യമാണ് മുഖം ബ്ലീച്ച് ചെയ്യുക എന്നത്. കൂടുതലായും ചെറുപ്പക്കാരായ സ്ത്രീകളാണ് ചർമത്തിന് നിറം ലഭിക്കാൻ മുഖം ബ്ലീച്ച് ചെയ്യുന്നത്. പലരും തങ്ങൾ ഇപ്പോഴുള്ള ചർമ്മത്തിന്റെ നിറത്തിൽ തൃപ്തരല്ല എന്നതു തന്നെ കാരണം. ഭംഗിയുള്ള ചർമ്മമുള്ളവർ ബ്രോൺസ് ടോണിലേക്ക് മാറാൻ
ശ്രമിക്കുമ്പോൾ, ഇരുണ്ട നിറമുള്ള ചർമ്മമുള്ള മറ്റുചിലർ വെളുത്ത ഇളം ചർമത്തിനായി കൊതിക്കുന്നു. മുഖത്തിന് നല്ല നിറവും തിളക്കവുമൊക്കെ ലഭിക്കണമെന്നുള്ളതാണ് മിക്ക ആളുകളുടെയും ആഗ്രഹം.
ചർമ്മത്തിന് നിറം ലഭിക്കാൻ പതിവായി ബ്ലീച്ച് ചെയ്യുന്നവരുണ്ട്. മുഖത്തെ കരുവാളിപ്പ് മാറി തിളക്കത്തിനാണ് പലരും ബ്ലീച്ച് ചെയ്യുന്നത്. വിപണിയിൽ ലഭ്യമായ മിക്ക ബ്ലീച്ചിങ് ഉൽപ്പന്നങ്ങളും ചർമ്മത്തിന് യോജിച്ചതാകണമെന്നില്ല. അവയിൽ പലതിലും ശരീരത്തിന് ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിനാൽ മുഖം ബ്ലീച്ച് ചെയ്യുന്നതിനു മുൻപ് ഒരിക്കൽകൂടി ആലോചിക്കുന്നത് നല്ലതാണ്
പതിവായി ബ്ലീച്ച് ചെയ്‌താൽ എന്താണ് സംഭവിക്കുന്നത്
മുഖം എപ്പോഴും സുന്ദരമായി ഇരിക്കണമെന്ന ആഗ്രഹത്തിൽ അവർ എന്തും പരീക്ഷിച്ചു നോക്കും. ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മത്തിന് ഹാനികരമാണെന്ന് തെളിഞ്ഞ പ്രവൃത്തികൾ വരെ ഇവർ ചെയ്ത് നോക്കും. മുഖം ബ്ലീച്ചിംഗ് ചെയ്യുന്നത് സാധാരണമായ പ്രക്രിയതന്നെയാണ്. വ്യാപകമായി ഇതിന് പ്രചാരവും ലഭിക്കുന്നുണ്ട്. വിപണിയിൽ ലഭ്യമായ മിക്ക ബ്ലീച്ചിംഗ് പ്രോഡക്ടുകളും ചർമ്മത്തിന് ദോഷകരമല്ലെന്നാണ് കമ്പനികൾ പറയുന്നുണ്ട്. പക്ഷേ സത്യം അങ്ങനെയല്ല. അതിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടുതന്നെ ചിലപ്പോൾ നിങ്ങളുടെ ചർമ്മത്തിൽ ചില പ്രതികൂല ഫലങ്ങൾ അവ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
സ്ഥിരമായി മുഖം ബ്ലീച്ച് ചെയ്യാമെന്നാണ് കരുതുന്നതെങ്കിൽ അത് ഒരിക്കലും ശരീരത്തിന് നല്ലതല്ല. നമ്മൾ തെറ്റായ രീതിയിലാണ് മുഖം ബ്ലീച്ച് ചെയ്യുന്നതെങ്കിൽ അത് ശരീരത്തിന് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും നിങ്ങളുടെ സൗന്ദര്യത്തെ ഇല്ലാതാക്കുകയും ചെയ്തേക്കാം.
സ്കിൻ ബ്ലീച്ചിംഗിെൻറ അപകടസാധ്യതകൾ
ഫേഷ്യൽ ബ്ലീച്ചിൽ ഭൂരിഭാഗവും ഹൈഡ്രോക്വിനോൺ, സ്റ്റിറോയിഡുകൾ അല്ലെങ്കിൽ എ.എച്ച്.എകളുള്ള മെഡിക്കൽ ഗ്രേഡ് സ്കിൻ ലൈറ്റനിംഗ് ക്രീമുകൾ എന്നിവയാണ് ഉൾക്കൊള്ളുന്നത്. ഇപ്പോൾ, ഗ്ലൂട്ടത്തയോൺ എന്ന ആൻറിഓക്‌സിഡന്റ് അടങ്ങിയ ബ്ലീച്ച് പ്രോഡക്ടുകളും ഉണ്ട്. എല്ലാ ബ്ലീച്ചിംഗ് നടപടിക്രമങ്ങളുടെയും ഫലങ്ങൾ ഏകദേശം ഒന്നര മാസത്തോളം നീണ്ടുനിൽക്കുകയും അതിനുശേഷം ക്രമേണ മങ്ങുകയും ചെയ്യും. മുഖം ബ്ലീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ അറിയാം.
ചില ആളുകൾക്ക് അലർജിക്ക് കാരണമായേക്കും
വിപണിയിലെ മിക്ക ബ്ലീച്ച് ക്രീമുകളിലും ഓർത്തോഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചൊറിച്ചിൽ, ചർമത്തിലെ കുത്തൽ, ചർമ്മത്തിെൻറ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുള്ള അലർജിക്ക് ബ്ലീച്ചിങ് കാരണമാകാറുണ്ട്. ചിലർക്ക് മുഖത്തെ വീക്കം, പുറംതൊലിയിലെ തടിപ്പ്, നിറംമാറ്റം, ചർമ്മത്തിെൻറ വരണ്ട അവസ്ഥ എന്നിവയും അനുഭവപ്പെടാം. ചില ആളുകളുടെ മുഖത്ത് ബെര്‍ണിംഗ് സെന്‍സേഷന്‍ പ്രതീതി ഉണ്ടാവുന്നതായും പരാതികള്‍ ഉണ്ടാകാറുണ്ട്. ഏതെങ്കിലും തരത്തിലുള്ള അലർജി
ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നവർ അത് ഒഴിവാക്കാൻ, മുഖത്ത് ബ്ലീച്ച് പ്രയോഗിക്കുന്നതിന് മുമ്പ് ഒരു പരിശോധന നടത്തുന്നത് നല്ലതായിരിക്കും. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കാൻ മടിക്കരുത്
നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കും
വിപണിയിൽ ലഭ്യമായ എല്ലാ ഫേഷ്യൽ ബ്ലീച്ചിംഗ് പ്രോഡക്ടുകളിലും ഹൈഡ്രജൻ പെറോക്സൈഡ് ഒരു സാധാരണ ഘടകമാണ്. ഇതിന് ഉയർന്ന PH മൂല്യമുണ്ട്, മാത്രമല്ല ഇത് ചർമ്മത്തെ വരണ്ടതാക്കുകയും ചെയ്യും. നിങ്ങൾ ഒരു വരണ്ട ചർമ്മമുള്ള ആളാണെങ്കിൽ, ഫേഷ്യൽ ബ്ലീച്ച് ഉപയോഗിക്കുന്നത് ചിലപ്പോൾ ഡെർമറ്റൈറ്റിസ്, എക്സിമ എന്നിവയ്ക്കും കാരണമാകും. അതിനാൽ, വരണ്ട ചർമ്മമുള്ളവർ മുഖം ബ്ലീച്ച് ചെയ്യുന്നതിൽനിന്ന് മാറി നിൽക്കുന്നതാകും നല്ലത്.
സൺ സെൻസിറ്റിവിറ്റി
സ്ഥിരമായി ബ്ലീച്ച് ചെയ്യുന്നതു വഴി ഉണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് സൺ സെൻസിറ്റിവിറ്റി. ഇതിന്‍റെ കാരണം സിംപിളാണ്. ആവർത്തിച്ചുള്ള ബ്ലീച്ചിംഗ് നിങ്ങളുടെ ചർമ്മത്തെ നേർത്തതും വളരെ സെൻസിറ്റീവുമാക്കും. ഇക്കാരണം കൊണ്ട് ചർമ്മത്തിന് കറുപ്പും പിഗ്മെന്റേഷനും അനുഭവപ്പെടാം.
സ്കിൻ ക്യാൻസറിന് സാധ്യത കൂട്ടും
പല ആളുകൾക്കും ഇക്കാര്യത്തെ കുറിച്ച് അറിവില്ല എന്നതാണ് വാസ്തവം. മിക്ക ബ്ലീച്ചുകളിലും ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിരിക്കുന്നതിനാൽ അത് മെലാനിൻ ഉൽപാദനത്തെ തടയുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഉപയോഗിക്കുമ്പോള്‍ ചർമ്മത്തിലെ ക്യാൻസറിന് കാരണമാകും. മാത്രമല്ല, ഇതിൽ ഹൈഡ്രജൻ പെറോക്സൈഡ്, ബെൻസോയിൽ പെറോക്സൈഡ്, ഫോസ്ഫോറിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് എപ്പിഡെർമിസ് നേർത്തതാക്കാൻ ഇടയാക്കുകയും ചർമ്മ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
മുഖം ബ്ലീച്ച് ചെയ്യാനായി നമ്മൾ എപ്പോഴും പാർശ്വഫലങ്ങൾ ഇല്ലാത്ത പ്രകൃതിദത്തമായ രീതികൾ സ്വീകരിക്കേണ്ടതാണ്. അങ്ങനെയാവുമ്പോൾ അത്തരം രീതികൾ കൊണ്ട് ശരീരത്തിന് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാൻ സാധ്യതയില്ല. മാത്രവുമല്ല വളരെ ചിലവ് കുറഞ്ഞ രീതിയിൽ തന്നെ വീട്ടിൽ തന്നെ ബ്ലീച്ച് ചെയ്യാനുള്ള സാധനങ്ങൾ നമുക്ക് ഉണ്ടാക്കിയെടുക്കാം.
പാർശ്വഫലങ്ങൾ ഇല്ലാതെ പ്രകൃതിദത്തമായ രീതിയിൽ ബ്ലീച്ച്ചെയ്യാനുള്ള വഴികൾ അടുത്ത ലേഖനത്തിൽ ഉൾപ്പെടുത്തുന്നതാണ് ഉൾപ്പെടുത്തുന്നതാണ്
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക.