സ്റ്റേജിൽ കയറി സംസാരിക്കാനും, കുറച്ച് ആളുകൾ കൂടി കഴിഞ്ഞാൽ അവിടെ എന്തെങ്കിലും ഒന്ന് പറയാനോ പേടിയുള്ളവരാണോ നിങ്ങൾ
സ്റ്റേജിൽ കയറി സംസാരിക്കാനും, കുറച്ച് ആളുകൾ കൂടി കഴിഞ്ഞാൽ അവിടെ എന്തെങ്കിലും ഒന്ന് പറയാനോ പേടിയുള്ളവരാണോ നിങ്ങൾ?
സദസ്സിനെ നോക്കി രണ്ടു വാക്ക് പറയേണ്ടി വന്നാൽ ചിലർക്ക് സഭാകമ്പം കൊണ്ട് മുട്ടു വിറയ്ക്കും. പിന്നെ വാക്കുകൾ പുറത്തു വരില്ല. എത്ര പ്രോത്സാഹിപ്പിച്ചാലും, നിർബന്ധിച്ചാലും സംസാരിക്കാൻ കൂട്ടാക്കത്തവരുമുണ്ട്. പലരും അത്തരം അവസരങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുo.
സഭാകമ്പം മാറ്റിയെടുക്കാൻ മനശാസ്ത്ര വഴികളുണ്ട്. അവയിൽ ചിലതു സൂചിപ്പിക്കാം.
✅ വിജയo ആഗ്രഹിക്കുന്നവർ മറ്റുള്ളവരുടെ മുന്നിൽ ഭയം കൂടാതെ സംസാരിക്കുന്നതായി കണ്ടുവരുന്നു.ലോകം കീഴടക്കിയവരെ പരിശോധിച്ചാൽ അവരെല്ലാം നല്ല പ്രാസംഗികരായിരുന്നു എന്നു കാണാം. ആരും പ്രാസംഗികരായി ജനിച്ചിട്ടില്ല. പരിശീലനത്തിലൂടെ കഴിവ് ആർജിച്ചു എന്നു മാത്രം.
✅ ആദ്യമായി എനിക്കു കഴിയില്ല എന്ന വിശ്വാസം മാറ്റുക .. . സ്റ്റേജിൽ കയറി നന്നായിത്തന്നെ സംസാരിച്ചിരിക്കുമെന്ന് വിശ്വസിക്കുക. മനസ്സിൽ ബോധപൂർവം തന്നെ പറയുക. കുറഞ്ഞത് ദിവസം ഏഴു പ്രാവശ്യമങ്കിലും പറയണം. ഒപ്പം സ്റ്റേജിൽ കയറി സംസാരിക്കുന്നതും ശ്രോതാക്കൾ താൽപര്യത്തോടെ കേൾക്കുന്നതും. പ്രോത്സാഹന വാക്കുകൾ പറയുന്നതുമായ ഒരു ചിത്രം മനസ്സിൽ കാണുക.
✅ സംസാരിക്കേണ്ട വിഷയo സംബന്ധിച്ചു കിട്ടാവുന്ന പ്രസക്തമായ വിവരങ്ങളും ശേഖരിക്കണം. അവ ചെറിയ കുറിപ്പുകളാക്കി സൂക്ഷിച്ചു വയ്ക്കണം. സ്വയം കണ്ണാടിയിൽ നോക്കി പറയാനുദ്ദേശിച്ച കാര്യങ്ങൾ പറയുക. നിങ്ങൾ സംസാരിക്കുന്നത് ഫോണിൽ റെക്കോർഡ് ചെയ്തു വീണ്ടും വീണ്ടും കേൾക്കുക. അപാകതകൾ സ്വയം തിരിച്ചറിയുക.
✅ പ്രധാന പോയിൻറുകൾ ചെറിയ കടലാസിലാക്കി കൈ വെള്ളയിൽ സൂക്ഷിക്കുക. തുടക്കത്തിൽ അതു ഏറെ ഗുണംചെയ്യും.
✅ ഉറങ്ങുന്നതിനു മുൻപ് ഒരു പ്രാവശ്യമെങ്കിലും ഭയമില്ലാതെ സ്റ്റേജിൽ നിന്ന് സംസാരിക്കുന്ന ഒരു ചിത്രമെങ്കിലും മനസ്സിൽ കണ്ടിരിക്കണം..
✅ ഇനി നേരിട്ടുള്ള പ്രസംഗമാണ്. സ്റ്റേജിൽ കയറുന്നതിനു മുൻപായി ഏഴു പ്രാവശ്യമെങ്കിലും ദീർഘശ്വാസം എടുക്കണം. തൻറെ മുന്നിലിരിക്കുന്നവർ ഏതു തരക്കാരാണെന്ന് നിരീക്ഷിച്ചു മനസ്സിലാക്കുക., തെറ്റു വന്നു പോകുമോയെന്ന പേടി വേണ്ട. പ്രസംഗം കേൾക്കുവാൻ മുന്നിലിരിക്കുന്നവർക്ക് താൻ സംസാരിക്കുന്ന വിഷയത്തിൽ അറിവു കുറഞ്ഞവർ തന്നെയാണെന്ന ചിന്തയോടെ തന്നെ സംസാരിക്കണം.
✅ സംസാരിക്കുന്നത് കേൾവിക്കാർക്ക് മനസ്സിലാക്കണമെന്ന ചിന്തയോടെ സംസാരിച്ചു തുടങ്ങാം. സംസാരിക്കുമ്പോൾ ഇനിയും ഭയം തോന്നുന്നുവെങ്കിൽ സദസ്സിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന ആളുടെ മുഖത്ത് കൂടുതൽ ശ്രദ്ധിച്ചുകൊണ്ട് സംസാരിക്കുക.അപ്പോൾ ഭയം മാറി വരും.
✅ നടു നിവർത്തി ആന്മവിശ്വാസത്തോടെ മുന്നിൽ ഇരിക്കുന്നവരുടെ കണ്ണിലേക്ക് നോക്കി തന്നെ സംസാരിക്കുക. ഒരേ സ്ഥലത്തുനിന്നു മുഴുവൻ സമയവും സംസാരിക്കാതെ അങ്ങോട്ടു മിങ്ങോട്ടും നീങ്ങണം. പറയുന്ന വാക്കുകളുടെ വൈകാരിക ഭാവം ഉൾക്കൊണ്ട മുഖഭാവം ഉൾകൊള്ളുക.
✅ ചെറിയ കഥകളും പ്രശസ്തരുടെ ഉദ്ധരണികളും പഠിച്ചു വയ്ക്കുക. സന്ദർഭത്തിനു യോജിക്കുമെങ്കിൽ അതു ഉപയോഗപ്പെടുത്താം.
✅ സംസാരിച്ചു തുടങ്ങുന്ന ആദ്യ മുപ്പതു സെക്കൻഡിൽ ഏതു പ്രാസംഗികനും ചെറിയ തോതിൽ ടെൻഷനുണ്ടാകും. അല്പ സമയം. കഴിയുന്നതോടെ ഭയം കുറഞ്ഞു കുറഞ്ഞു വരും. കിട്ടുന്ന അവസരങ്ങൾ ഒന്നും പാഴാക്കാതെ ഉപയോഗിക്കണം. അവസരങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതോടെ നിങ്ങൾ മികച്ച പ്രാസംഗികനായി മാറിയിരിക്കും.